തൗഹീദ്

ഇസ്ലാമിന്‍റെ അനിഷേധ്യമായ അടിത്തറയാണ് തൗഹീദ്.അല്ലാഹു ഏകനാണ്.,അവനല്ലാതെ ആരാധ്യനോ അതിപതിയോ യജമാനനോ ഇല്ല. അവന്‍റെ സത്തയിലോ ഗുണങ്ങളിലോ അധികാരങ്ങളിലോ ഒരു സൃര്‍ട്ടിക്കും പങ്കുമില്ല-ഇതാണ് തൗഹീദിന്‍റെ വിവക്ഷ. സകലപ്രവാചകന്‍മാരും ജനങ്ങളെ പ്രബോധനം ചെയ്തത് തൗഹീദിലേക്കായിരുന്നു. ശിര്‍ക്കിന്‍റെ, അഥവാ ബഹുദൈവ വിശ്വാസത്തിന്‍റെ എല്ലാരൂപങ്ങള്‍ക്കുമെതിരെ അവര്‍ ശക്തിയുക്തം പോരാടി.ശിര്‍ക്കിലേക്ക് നയിക്കുന്ന സര്‍വ വിശ്വാസാചാരങ്ങളെയും അവര്‍ എതിര്‍ത്ത് തോല്പിച്ചു.

ശിര്‍ക്കില്‍ ആണ്ടിറങ്ങിയ അറബി സമൂഹത്തിലായിരുന്നു അന്ത്യപ്രവാചകനായ മുഹമ്മദ്(സ)നബിയുടെ നിയോഗം.ഇരുപത്തിമൂന്നു വര്‍ഷത്തെ അനുസ്യൂതമായ സമരത്തിലൂടെ തിരുമേനി അറേബ്യയില്‍ ശിര്‍ക്കിന്‍റെ അടിവേരറുക്കുകയും തൗഹീദിന്‍റെ വിജയ പതാക പറപ്പിക്കുകയും ചെയ്തു.മുപ്പത്തിമുക്കോടി ബിംബങ്ങളില്‍ നിന്ന് കഅ്ബാലയവും അറബി ജനലക്ഷങ്ങളുടെ ഹൃദയവും മോചിതമായി.
പണിതുയര്‍ത്തപ്പെട്ട ശവകുടീരങ്ങളും പൊങ്ങിനില്ക്കുന്ന ശവക്കല്ലറകളും തട്ടിനിരപ്പാക്കപ്പെട്ടു.വ്യക്തി പൂജയുടെ അതിനിസ്സാരമായ അടയാളങ്ങളെ പ്പോലും പ്രവാചകന്‍ പൊറുപ്പിച്ചില്ല.

സൃര്‍ട്ടികളില്‍ ശ്രേഷ്ഠനായ തന്നില്‍നിന്നുതന്നെ തുടങ്ങി ഈ തിരസ്കാരം.താന്‍ മറ്റെല്ലാ മനുഷ്യരേയും പോലെ കേവലനായ മനുഷ്യനാണെന്നും അല്ലാഹുവില്‍നിന്ന് ദിവ്യബോധനം ലഭിക്കുന്നുവെന്നത് മാത്രമാണ് തന്‍റെ സവിശേഷതയെന്നും അദ്ദേഹം സമൂഹത്തേ പേര്‍ത്തും പേര്‍ത്തും തെര്യപ്പെടുത്തി.നാളത്തെ സംഭവങ്ങള്‍ മുന്‍കൂട്ടി അറിയാവുന്ന ഒരുപ്രവാചകന്‍ തങ്ങള്‍ക്കുണ്ടെന്ന് തന്‍റെ സവിധത്തില്‍ വച്ച് അഭിമാനപൂര്‍വം പാടിയ ബാലികമാരെ ഉടനെ തിരുത്തിയതാണ് ആ മഹാത്മാവിന്‍റെ മാതൃക.മുന്‍ പ്രവാചകന്‍മാരുടെ അനുയായികള്‍,അവരുടെ ഖബ്റുകള്‍ ആരാധനാലയങ്ങളാക്കി മാറ്റിയ തെറ്റായ കീഴ്വഴക്കം നിങ്ങള്‍ എന്‍റ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് തിരുമേനി സമുദായത്തെ ശക്തിയായി താക്കീത് ചെയ്തു.
പ്രിയ പത്നി ഖദീജയുടെ ദേഹവിയോഗം അദ്ദേഹത്തിന് താങ്ങാനാവാത്ത ആഘാതമായിരുന്നു. എന്നിട്ടും,മക്കാ ശ്മശാനത്തിലെ ആറടി മണ്ണില്‍ ആ വിശുദ്ധദേഹം മറവു ചെയ്ത് മടങ്ങിപ്പോന്നതല്ലാതെ,പ്രിയതമയുടെ ഖബറിടം കെട്ടിപ്പൊക്കാനോ കുമ്മായമിടാനോ അവിടെ ആണ്ടുനേര്‍ച്ച കഴിക്കാനോ ആയുഷ്കാലത്തിലൊരിക്കലും പ്രവാചകന്‍ മുതിരുകയുണ്ടായില്ല.എന്നല്ല,പ്രവാചകത്വത്തിന്‍റെ ആദ്യഘട്ടത്തില്‍,ഖബറുകളെ സന്ദര്‍ശിക്കുന്നതുപോലും തിരുമേനി വിലക്കിയിരുന്നു.മണ്‍മറഞ്ഞ മഹാത്മാക്കളോടുള്ള ആദരവ്,ആരാധനയിലേക്ക് വഴുതിപ്പോവാതിരിക്കുകയായിരുന്നു വിലക്കിന്‍റെ ഉദ്ദശ്യം. അനുയായികള്‍ തൗഹീദില്‍ അടിയുറച്ചുവെന്ന് ബോധ്യപ്പേട്ടപ്പോള്‍ വിലക്ക് നീക്കി.അതും,ഖബ്ര്‍ സന്ദര്‍ശനം മരണഭയവും പാരത്രികബോധവും വളര്‍ത്തുമെന്ന കാരണത്താല്‍ മാത്രം.

ശിര്‍ക്കിനും വ്യക്തിപൂജക്കും ഖബ്റാരാധനക്കുമെതിരെ ഇത്രയും കര്‍ക്കശമായ നിലപാട് സ്വീകരിച്ച ഒരു പ്രവാചകന്‍റെ അനുയായികള്‍,തൗഹീദിന്‍റെ ധ്വജവാഹകര്‍,ക്രമേണ ശിള്‍ക്കുപരമായ വിശ്വാസാചാരങ്ങളിലേക്കും ഖബ്റാരാധനയിലേക്കും വഴുതിവീഴുകയോ ?
ഒരിക്കലും സംഭവിക്കന്‍ പാടില്ലാതിരുന്ന ഈ പ്രതിഭാസത്തിനും കാലം സാക് ഷ്യംവഹിക്കുകയാണ്.
പ്രവാചകന്‍തന്നെ മനുഷ്യനായിരുന്നില്ലെന്ന് വാദിക്കുന്നവര്‍.,തിരുമേനിയുടെ സമുദായത്തിലെ സജ്ജനങ്ങളില്‍ ചിലര്‍ക്ക് ദിവ്യത്വം കല്‍പിക്കാന്‍ മാത്രം കാടുകയറിപ്പോയവര്‍.,അണ്ടന്നും അടകോടന്നും അജ്ഞാതന്നും ഔലിയാപ്പട്ടം നല്കി,അവരുടെ യഥാര്‍ഥമോ കല്‍പിതമോ ആയ ശവക്കല്ലറകള്‍ പണിതുയര്‍ത്തി,ഉറൂസുകളും നേര്‍ച്ചകളും ഉത്സവങ്ങളും പൊടിപൊടിക്കുന്നവര്‍.,മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍-എല്ലാം സമകാലീന മുസ്ലിം സമുദായത്തില്‍ സുലഭമായിതീര്‍ന്നിരിക്കുന്നു.

അയ്യപ്പസേവകനായി അവതരിപ്പിക്കപെടുന്ന ഐതിഹ്യ കഥാപാത്രമായ വാവരുസ്വാമിവരെ 'വലിയ്യും'അദ്ദേഹത്തിന്‍റെ പള്ളി(?)തീര്‍ഥാടനകേന്ദ്രവും ആയി രൂപാന്തരപ്പെടാന്‍ മാത്രം വിശ്വാസപരമായ അധഃപതനം രൂക്ഷമായിത്തീര്‍ന്നിട്ടുണ്ട്.ജാറങ്ങളും ശവകുടീരങ്ങളും ഒരുപറ്റം പുരോഹിതന്‍മാരുടെയും പൂജാരിമാരുടെയും ഏറ്റവും ആദായകരമായ ഉപജീവനമാര്‍ഗങ്ങളായിത്തീര്‍ന്നതോടെ ശിര്‍ക്കിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുന്നു.സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ യാഥാസ്ഥിതിക മതപണ്ഡിതന്‍മാര്‍,എത്ര ഗുരുതരമായ വ്യതിചലനത്തിനും അനുകൂലമായി മതവിധികള്‍ നല്കുകയും പ്രചാരണങ്ങള്‍ നടത്തുകയുമാണ്.
ശക്തമായ ആശയ സമരത്തിലൂടെയല്ലാതെ വിശ്വാസപരമായ ഈയധഃപതനത്തില്‍നിന്ന് സമുദായത്തെ മോചിപ്പിക്കാനാവില്ല.

No comments:

Post a Comment

Note: only a member of this blog may post a comment.