പ്രാര്‍ത്ഥനയും നിര്‍വ്വചനങ്ങളും പുതിയ വസ്വാസുകളും


ലേഖകന്‍ 

പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളിലുള്ള അപേക്ഷ, സൃഷ്ടികളുടെ കഴിവുകള്‍ക്കപ്പുറമുള്ള കാര്യങ്ങളിലുള്ള അപേക്ഷ എന്നെല്ലാം പ്രയോഗിക്കുന്നതില്‍ ഖുറാഫീ വിഭാഗങ്ങളും അവരുടെ കൂട്ടാളികളും സമൂഹ മധ്യേ ഇന്നൊരുപാട് വസ്വാസുകള്‍ എഴുതിയും പറഞ്ഞും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു വിശദീകരണം ആവശ്യമായി വന്നിരിക്കുകയാണ്. ബുഖാരിയിലും മുസ്ലിമിലും സ്ഥിരപ്പെട്ട ഹദീസുകളെപ്പോലും പുഛിച്ചു തള്ളി മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് ആശയപരമായി വ്യതിചലിച്ചു പോയ ഒരു വ്യക്തിയുടെ അവതാരികയോടെ മടവൂരീ ആശയക്കാരനായ കെ.കെ.പി. അബ്ദുല്ല എന്ന ആള്‍ മുജാഹിദുകളുടെ ആദര്‍ശങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി പുറത്തിറക്കിയ ‘മഞ്ഞ’ പുസ്തകത്തില്‍ ഇതുസംബന്ധമായി എഴുതിയ വസ്വാസ് കാണുക: “സൃഷ്ടികളുടെ കഴിവിനപ്പുറത്തുള്ള കാര്യങ്ങള്‍ക്കാണ് അഭൌതിക കാര്യമെന്നും മറഞ്ഞ കാര്യമെന്നും കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളുമെന്ന സക്കരിയ്യാ സ്വലാഹിയുടെ പുതിയ നിര്‍വ്വചനം തൌഹീദിന്റെ അടിത്തറ ഇളക്കുന്ന അപകട വാദമാണ്.” (പേജ്. 15) ഇവിടെ രണ്ട് കളവുകളാണ് ഒന്നിച്ചെഴുതിയത്.
കളവ് (1). സൃഷ്ടികളുടെ കഴിവുകള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ക്ക് അഭൌതിക കാര്യമെന്നും കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളുമെന്ന നിര്‍വ്വചനം പുതിയ കണ്ടുപിടുത്തമാണ്.
മറുപടി 1. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനവും അതിലെ അദൃശ്യമാര്‍ഗ്ഗവും അഭൌതികവുമാണല്ലോ പ്രശ്നം? ഇവിടെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷ എന്ന് പരിമിതപ്പെടുത്തി പറയുന്നതിലെ അപകടം ഗുരുതരമാണ്. സ്വലാഹി പറഞ്ഞാലും ഇല്ലെങ്കിലും സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ അഭൌതികവും കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള അല്ലാഹുവിന്റെ മാത്രം കഴിവുമാണെന്ന കാര്യത്തില്‍ മുസ്ലിംലോകത്ത് തര്‍ക്കമില്ല. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ സൃഷ്ടികളുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷ എന്നു പറയുന്നതില്‍ മനുഷ്യര്‍ മാത്രമല്ല, ജിന്നുകളും മലക്കുകളും അടക്കമുള്ള സകല സൃഷ്ടികളുടെയും കഴിവുകള്‍ ഉള്‍പ്പെടും. ഇതാണ് നാളിന്നുവരെയുള്ള മുഴുവന്‍ മുവഹ്ഹിദുകളുടെയും വിശ്വാസം.
പ്രാര്‍ത്ഥനയിലൂടെ അല്ലാഹുവിനോട് തേടുന്ന കാര്യങ്ങള്‍ ജിന്നുകളുടെയും മലക്കുകളുടെയും മറ്റെല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യങ്ങളാണ്. അവകള്‍ക്ക് ഉത്തരം ചെയ്യാന്‍ അല്ലാഹുവിനല്ലാതെ ആര്‍ക്കും സാധ്യമല്ല. എന്നിരിക്കെ ഈ നിര്‍വ്വചനത്തില്‍ മനുഷ്യരല്ലാത്ത സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം ഉള്‍പ്പെടുകയില്ലെന്ന് തൌഹീദ് അംഗീകരിക്കുന്ന ഒരാള്‍ക്കെങ്ങനെ എഴുതാനും പറയാനും കഴിയും? മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്ക് അതീതമേ ഇതില്‍ ഉള്‍പ്പെടുകയുള്ളൂ എന്ന് ഒരു യഥാര്‍ത്ഥ മുജാഹിദിനെങ്ങനെ പറയാന്‍ കഴിയും?
മറുപടി 2. പ്രാര്‍ത്ഥനയുടെ വിഷയത്തില്‍ അതിലൂടെ അല്ലാഹുവിനോട് പറയുന്ന കാര്യങ്ങള്‍ സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കപ്പുറമാണെന്ന് പരിശുദ്ധ ക്വുര്‍ആന്‍ അതിന്റെ പ്രഥമാധ്യായത്തില്‍ പ്രാര്‍ത്ഥനയെ സംബന്ധിച്ചു പറഞ്ഞേടത്ത് പഠിപ്പിക്കുന്നുണ്ട്. ക്വുര്‍ആനിലെ പ്രഥമാധ്യായമാണല്ലോ സൂറത്തുല്‍ ഫാതിഹ? അതില്‍ ‘ഇയ്യാക്കനസ്തഈന്‍’ എന്ന് പറഞ്ഞതിലെ സഹായ തേട്ടം പ്രാര്‍ത്ഥനയാണ്. ‘നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്നാണ് മേല്‍ വാക്യത്തിന്റെ അര്‍ത്ഥം. ഇവിടെ അല്ലാഹുവിനോട് മാത്രം എന്ന് പറയുമ്പോള്‍ അതില്‍ നിന്ന് മനുഷ്യരുടെ കഴിവുകള്‍ മാത്രമാണ് ഒഴിവാകുന്നത് എന്ന് മതത്തെ സംബന്ധിച്ചു വിവരമുള്ള ഒരാളും പറയുകയില്ല. ഈ സൂക്തം വഴി സഹായം തേടപ്പെടുന്നതിന്റെ പരിധിയില്‍ നിന്ന് മനുഷ്യരും ജിന്നുകളും മലക്കുകളുമടക്കം സകല സൃഷ്ടികളെയും അല്ലാഹു ഒഴിവാക്കിയിരിക്കുന്നു. എന്ത് കൊണ്ടാണിത്? പ്രാര്‍ത്ഥനയിലൂടെ ചോദിക്കപ്പെടുന്ന കാര്യങ്ങള്‍ ഉത്തരം ചെയ്യുന്ന നിലയില്‍ കേള്‍ക്കലും കാണലും അറിയലുമെല്ലാം അല്ലാഹുവിന്റെ മാത്രം കഴിവില്‍പെട്ട കാര്യമാണ്. സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യവുമാണ്. സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം എന്ന് പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം പറയുന്നതിന്റെ പ്രസക്തി ഇപ്പോള്‍ ബോധ്യമായിരിക്കുമല്ലോ?
മേല്‍ ആയത്തിന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ പുറത്തിറക്കിയ വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തില്‍ നല്‍കിയ വിശദീകരണം വായിക്കുക:- “ചുരുക്കിപ്പറഞ്ഞാല്‍ ഏതൊരു നിസ്സാര കാര്യത്തിലും അതിനുള്ള എല്ലാ സാഹചര്യവും ചുറ്റുപാടും അല്ലാഹുവില്‍ നിന്ന് തന്നെ ലഭിക്കേണ്ടതുണ്ട്. അത് കൊണ്ട് സൃഷ്ടികളില്‍ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവില്‍ നിന്ന് അദൃശ്യമായി മാത്രം ലഭിക്കുന്നതുമായ സഹായമാണ് ഇവിടെ ഉദ്ദേശമെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. അതുകൊണ്ടാണ് നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറയുന്നതും.” (വിശുദ്ധ ക്വുര്‍ആന്‍ വിവരണം. 1/112.) അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. പ്രാര്‍ത്ഥനയാകുന്ന സഹായാര്‍ത്ഥനയെ കുറിച്ചു പറഞ്ഞപ്പോള്‍ നമ്മുടെ ക്വുര്‍ആന്‍ പരിഭാഷയിലെഴുതിയത് ‘സൃഷ്ടികളില്‍ നിന്ന് ലഭ്യമല്ലാത്തതും അല്ലാഹുവില്‍ നിന്ന് മാത്രം ലഭ്യമായ സഹായം എന്നാണ്. അല്ലാഹുവില്‍ നിന്ന് മാത്രം ലഭ്യമായ സഹായം മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കല്ല അതീതമെന്നും മനുഷ്യരടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമാണെന്നും അറിഞ്ഞുകൂടാത്ത മുവഹ്ഹിദുകളുണ്ടോ?
ഫാതിഹ സൂറത്തില്‍ പറഞ്ഞ പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം എങ്ങിനെയാണ് നാം മനസ്സിലാക്കേണ്ടത്? മറ്റു സൃഷ്ടികളെയൊന്നും ഉദ്ദേശിക്കാതെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്നാണോ? അതോ മലക്കുകളും ജിന്നുകളുമടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്നോ? ഫാതിഹയില്‍ അല്ലാഹു നമുക്ക് പഠിപ്പിച്ച പ്രാര്‍ത്ഥനയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ അതോ മനുഷ്യരടക്കം ജിന്നുകളുടെയും മലക്കുകളുടെയും മറ്റെല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യമാണോ? മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്നുപറയാന്‍ ശിര്‍ക്കിന്റെ ആളുകള്‍ക്കേ കഴിയുകയുള്ളൂ.
മറുപടി 3. കെ.കെ.പിയെ പോലുള്ള മോഡേണിസ്റ് മൊല്ലമാര്‍ക്ക് തിരിഞ്ഞില്ലെങ്കിലും യാഥാസ്ഥിതികനായ കോഴിക്കോട് വലിയ ഖാദിക്ക് പോലും സൂറത്തുല്‍ ഫാതിഹയില്‍ പറഞ്ഞ സഹായതേട്ടത്തിന്റെ അര്‍ത്ഥവും  പൊരുളും തിരിഞ്ഞിട്ടുണ്ട്. ഫാതിഹയില്‍ പറഞ്ഞ സഹായ തേട്ടത്തിന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹമെഴുതുന്നത് കാണുക:- “നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും മറ്റും ചെയ്യുന്നത് ഏകനായ അല്ലാഹുവാണ്. ഈ കാര്യങ്ങളിലൊന്നും മറ്റാര്‍ക്കും യാതൊരു പങ്കും ഇല്ല. അതിനാല്‍ അല്ലാഹുവിനെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ. അവനോട് മാത്രമേ പ്രാര്‍ത്ഥിക്കാനും പാടുള്ളൂ. സഹായം തേടുകയെന്നത് കൊണ്ട് പ്രാര്‍ത്ഥനയാണ് ഉദ്ദേശം. പ്രാര്‍ത്ഥനയാകട്ടെ, ഇബാദത്തിന്റെ ആരാധനയുടെ ഒരു ഭാഗമാണ് താനും.” (വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷ. പേജ.് 5.) അല്ലാഹുവിനോട് മാത്രം എന്ന് പ്രാര്‍ത്ഥനയെകുറിച്ചു പറയുമ്പോള്‍ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്നാണോ അതിന്റെ നിര്‍വ്വചനമായി വരിക? അതോ മനുഷ്യരും മലക്കുകളും ജിന്നുകളും അടക്കം മുഴുവന്‍ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്നോ? ‘മാത്ര’ത്തിന്റെ അര്‍ത്ഥം പോലും തിരിയാത്ത പടു ജാഹിലുകള്‍ പുസ്തകമെഴുതുകയും ഇമാം ബുഖാരി(റഹി)യുടെ പേരു പോലും തെറ്റു കൂടാതെ ഉച്ചരിക്കാനറിയാത്ത ആളുകള്‍ അതിന്നവതാരികയെഴുതുകയും ചെയ്താല്‍ എന്തായിരിക്കുമവസ്ഥ?
മറുപടി 4. അഭൌതികമായ സഹായ തേട്ടങ്ങളെ (പ്രാര്‍ത്ഥനയെ) കുറിച്ചു പറഞ്ഞ പല സ്ഥലങ്ങളിലും ആദ്യകാലങ്ങളില്‍ തന്നെ മുജാഹിദു പണ്ഡിതന്മാര്‍ സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമാണ് അതെന്ന് പറഞ്ഞിട്ടുണ്ട്. ഏതാനും തെളിവുകള്‍ താഴെ നിരത്താം.
1) കെ.എം. മൌലവി രചിച്ചതും ജംഇയ്യത്തുല്‍ ഉലമ അതിന്റെ ആദ്യകാലത്ത് പ്രസിദ്ധീകരിച്ചതുമായ ‘അദ്ദുആഉ ഹുവല്‍ ഇബാദ’ എന്ന പുസ്തകത്തില്‍ പറയുന്നു:- “അല്ലാഹു(സു)തആലയുടെ മാത്രം ഖുദ്റത്തിലുള്ളതും അവന്റെ ദിവ്യമായ അധികാര ശക്തികൊണ്ട് അദൃശ്യങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ അവന്‍ നടത്തുന്നതും സൃഷ്ടികളുടെ ആദിയായ ശക്തിക്ക് അപ്പുറമുള്ളതുമായ കാര്യങ്ങളെ സംബന്ധിച്ച് ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹു തആലയോടേ ചെയ്യുവാന്‍ പാടുള്ളൂ. എന്തുകൊണ്ടെന്നാല്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ ഗുണമോ ദോഷമോ ചെയ്യുവാനുള്ള കഴിവ് അവന്റെ ഖാസ്സ്വായ സ്വിഫത്താകുന്നു. മാത്രമല്ല ആ വക കാര്യങ്ങളെ സംബന്ധിച്ച് മുഹീത്വായ (മുഴുവന്‍ ചുറ്റിയ, ഉള്‍പ്പെടുത്തിയ) ഇല്‍മും അവന്ന് മാത്രമേ ഉള്ളൂ. സൃഷ്ടികളില്‍ ആര്‍ക്കും തന്നെ ആ വക അറിവോ കഴിവോ ഇല്ല. അല്ലാഹു തആല ഏതെങ്കിലും ഒരു കാര്യത്തില്‍ അറിവോ കഴിവോ കൊടുക്കുവാന്‍ ഉദ്ദേശിച്ചാല്‍ അതില്‍ അവന്‍ അറിവും കഴിവും കൊടുക്കും എന്നേയുള്ളൂ. അതിനാല്‍ ഹയാത്തുള്ള മലക്കുകള്‍, ഈസാ നബി, ജിന്നുകള്‍ എന്നിവരോടാകട്ടെ, മൌത്തായിപ്പോയ മഹാത്മാക്കളോടാകട്ടെ സൃഷ്ടികളില്‍ ആരോടായാലും ഇങ്ങിനെയുള്ള പ്രാര്‍ത്ഥന (ദുആഅ്) ചെയ്യുവാന്‍ പാടില്ല. ഈ വിധത്തിലുള്ള പ്രാര്‍ത്ഥന സൃഷ്ടികളില്‍ ആരോട് ചെയ്യുന്നതും ശിര്‍ക്കാകുന്നു. ഈ കാര്യത്തില്‍ മരണപ്പെട്ടവരും അല്ലാത്തവരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല.” (പേജ്. 18,29.) സൃഷ്ടികളുടെ കഴിവിന്നതീതം എന്നത് കൊണ്ട് മനുഷ്യന്മാരുടെ കഴിവിനെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ, മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളുടെ കഴിവുകള്‍ അതില്‍പെടുകയില്ല, അവരോട് പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ചെയ്യാനവര്‍ക്ക് കഴിയും എന്ന പെരും നുണ ഇവിടെ പൊളിഞ്ഞു. മനുഷ്യരടക്കം മലക്കുകളെയും ജിന്നുകളെയും മറ്റും പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ടാണ് കെ.എം.മൌലവി ഇവിടെ സൃഷ്ടികള്‍ക്ക് കഴിയാത്തത് എന്നെഴുതിയത്. ഇതിന്ന് വിരുദ്ധമായി തൌഹീദീ പ്രസ്ഥാനത്തിന്റെ പേരില്‍ ആര് പറഞ്ഞാലും എഴുതിയാലും അത് ആദര്‍ശപരമായ അച്ചടക്ക ലംഘനമായിരിക്കും.
2). മുഹമ്മദ് അമാനി മൌലവി എഴുതിയതും കെ.എന്‍.എം. സ്റേറ്റ് കമ്മറ്റി പ്രസിദ്ധീകരിച്ചതുമായ വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയില്‍ പ്രാര്‍ത്ഥനയെ സംബന്ധിച്ചു പറഞ്ഞ സന്ദര്‍ഭത്തില്‍ എഴുതുന്നു:- “എന്നാല്‍ സൃഷ്ടികളുടെ കഴിവില്‍ പെടാത്തതും, അദൃശ്യ മാര്‍ഗ്ഗത്തിലൂടെ അല്ലാഹുവില്‍ നിന്ന് മാത്രം ലഭിക്കേണ്ടതുമായ കാര്യങ്ങളില്‍ അവനോട് മാത്രമേ സഹായം തേടാവൂ എന്നതില്‍ സംശയമില്ല. അത്തരം കാര്യങ്ങളില്‍ അല്ലാഹു അല്ലാത്ത ആരോടും സഹായം അര്‍ത്ഥിക്കുന്നത് കേവലം നിരര്‍ത്ഥമാണെന്ന് മാത്രമല്ല, അത് ശിര്‍ക്കും സൃഷ്ടികള്‍ക്ക് ദിവ്യത്വം കല്‍പ്പിക്കലുമാകുന്നു.” (വിശുദ്ധ ക്വുര്‍ആന്‍ വിവരണം. 1/113.) സൃഷ്ടികളുടെ കഴിവില്‍പെടാത്ത കാര്യങ്ങള്‍ക്കാണ് സൃഷ്ടികളുടെ കഴിവിന്നതീതം എന്ന് പറയുന്നത്. പ്രാര്‍ത്ഥനയിലൂടെ അല്ലാഹുവിനോട് ചോദിക്കുന്ന കാര്യങ്ങള്‍ നികത്തുക എന്നത് മനുഷ്യന്റെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യമാണോ അതോ മനുഷ്യരും ജിന്നുകളും മലക്കുകളും അടക്കം മുഴുവന്‍ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യമാണോ? സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യമാണ് ഇതെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം രൂപപ്പെടുന്നത്. എന്നിരിക്കെ പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അതല്ലാത്ത മറ്റു സൃഷ്ടികളുടെ കഴിവുകള്‍ക്കതീതം അതിന്റെ നിര്‍വ്വചനത്തില്‍ ഉദ്ദേശ്യമല്ലെന്നും തട്ടി വിടുന്നത് ഒട്ടും ശരിയല്ല. തൌഹീദീ പ്രസ്ഥാനത്തിന്റെ തലപ്പത്തോ പള്ളി മിമ്പറിലോ ഇത്തരം വാദഗതിക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ പിഴവും ആദര്‍ശപരമായ അച്ചടക്ക ലംഘനവുമാണ്.
3). കെ.എം. മൌലവിയെഴുതുന്നു:- “സാധാരണയില്‍ സൃഷ്ടികളുടെ കയ്യാല്‍ നടന്നു വരാറില്ലാത്ത വഴികളാല്‍, എന്നുവെച്ചാല്‍ ഗൈബിയ്യായ(മറഞ്ഞ) മാര്‍ഗ്ഗങ്ങളില്‍ കൂടി  സഹായിച്ചു രക്ഷപ്പെടുത്തുവാന്‍ അപേക്ഷിക്കുക, ഇവ്വിധം ഇസ്തിഗാസ അല്ലാഹുവിനോടല്ലാതെ ചെയ്യുവാന്‍ പാടില്ലെന്നും എല്ലാവരും സമ്മതിക്കും” (കെ.എം. മൌലവിയുടെ ഫത്വകള്‍. പേജ്. 130.) അല്ലാഹുവിനോടല്ലാതെ പാടില്ലെന്ന് പറഞ്ഞ് ജിന്നുകളും മലക്കുകളും അടക്കം മുഴുവന്‍ സൃഷ്ടികളുടെയും കഴിവുകേടുകളെ മൌലവി ഇതില്‍ ഉള്‍പ്പെടുത്തുന്നു. സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതം എന്നത് കൊണ്ടുദ്ദേശിക്കുന്നതും ഇതു തന്നെയാണല്ലോ?
4). കെ.എം. മൌലവി വീണ്ടുമെഴുതുന്നു:- “എന്തുകൊണ്ടെന്നാല്‍ തന്നെ കൊണ്ടോ, തന്നെ പോലെയുള്ള സൃഷ്ടികളെകൊണ്ടോ സാധിക്കാത്തതും അവര്‍ക്കെല്ലാവര്‍ക്കും അജ്ഞാതമായിരിക്കുന്നതുമായ അവരുടെ പരിശ്രമങ്ങളില്‍ കണ്ടുപിടിക്കുവാനോ, നിര്‍വ്വഹിക്കുവാനോ നിവൃത്തിയില്ലാത്തതുമായ മാര്‍ഗ്ഗങ്ങളില്‍ രക്ഷപ്പെടുത്തുവാനോ സഹായിക്കുവാനോ ആകുന്നുവല്ലോ ഈ അപേക്ഷകന്‍ ഇരക്കുന്നത്? ഇങ്ങനെ തനിക്കും തന്നെ പോലെയുള്ളവര്‍ക്കും നിര്‍വ്വഹിച്ചു തരുവാന്‍ ആരോട് അപേക്ഷിക്കുന്നുവോ, അവരുടെ സന്നിധിയില്‍ ഏറ്റവും അങ്ങേ അറ്റമായ താഴ്മ കാണിക്കലും അത്യധികമായ വിധത്തില്‍ അവരെ മഹത്വപ്പെടുത്തലും ഈ അപേക്ഷയില്‍ അടങ്ങിയിട്ടുണ്ടെന്ന് മനുഷ്യബുദ്ധിയുള്ളവരെല്ലാം അംഗീകരിക്കും.” (കെ.എം.മൌലവിയുടെ ഫത്വകള്‍. പേജ്. 131.) ജിന്നുകള്‍, മലക്കുകള്‍ തുടങ്ങി സൃഷ്ടികള്‍ക്കാര്‍ക്കും പരിഹരിക്കാന്‍ കഴിയാത്തതും അല്ലാഹുവിന് മാത്രം കഴിയുന്നതുമായ കാര്യം എടുത്തുദ്ധരിച്ചു കൊണ്ടാണ് മൌലവി ഇവിടെയും സൃഷ്ടികളെ കൊണ്ട് സാധിക്കാത്തത് എന്ന് പറഞ്ഞത്. ഇവിടെ പറഞ്ഞ സൃഷ്ടികളുടെ ഗണത്തില്‍ നിന്ന് മനുഷ്യരല്ലാത്ത സൃഷ്ടികള്‍ ഒഴിവാണെന്നും അവരുടെ കഴിവുകള്‍ക്കതീതം പെടുകയില്ലെന്നും പറയാന്‍ മുവഹ്ഹിദായ ഒരു വ്യക്തിക്ക് കഴിയില്ല.
5). “എന്നാല്‍ നാം തേടുന്ന കാര്യം സാധാരണയായി സൃഷ്ടികളുടെ കയ്യാല്‍ നടക്കാറുള്ളതല്ലെങ്കില്‍ ആ കാര്യം ഹാസ്വിലാക്കിത്തരുവാന്‍ നാം അല്ലാഹുവിനോട് തന്നെ പ്രാര്‍ത്ഥിക്കണം.” (കെ.എം.മൌലവിയുടെ ഫത്വകള്‍. പേജ്. 133.) പ്രാര്‍ത്ഥനയിലൂടെ അല്ലാഹുവിനോട് നാം ചോദിക്കുന്ന കാര്യങ്ങള്‍ അവനെപോലെ നികത്തിത്തരുവാനോ പരിഹരിക്കാനോ മലക്കുകളും ജിന്നുകളും അടക്കമുള്ള ഒരു സൃഷ്ടിക്കും കഴിയുകയില്ലല്ലോ? സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നതിന് ഇതില്‍പരം തെളിവുകള്‍ ഇനിയെന്ത് വേണം?
6). “ഗ്വൈബിയ്യായ മാര്‍ഗ്ഗങ്ങളില്‍കൂടി രക്ഷപ്പെടുവാന്‍ സൃഷ്ടികളില്‍ ആരോടും അപേക്ഷിക്കുവാന്‍ പാടില്ല. (കെ.എം.മൌലവിയുടെ ഫത്വകള്‍. പേജ്. 134.) സൃഷ്ടികളില്‍ ആരോടും എന്ന് പറഞ്ഞ് മലക്കുകളും ജിന്നുകളുമടക്കം എല്ലാ സൃഷ്ടികളെയും കെ.എം.മൌലവിയിവിടെ പ്രാര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹരെന്ന കഴിവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ മനുഷ്യരുടെ കഴിവുകള്‍ക്കതീതം എന്ന് മാത്രമെ ഉദ്ദേശ്യമൊള്ളൂ എന്ന് എഴുതി മനുഷ്യരല്ലാത്ത സൃഷ്ടികളെ പ്രാര്‍ത്ഥിക്കപ്പെടാന്‍ യോഗ്യരെന്ന കഴിവിന്റെ പരിധിയിലേക്ക് വിമര്‍ശകര്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു.
7). “സൃഷ്ടികളുടെ കയ്യാല്‍ സാധാരണയായി നടക്കാറില്ലാത്തത്. അല്ലാഹുവിന്റെ മാത്രം ഖജനാവില്‍ ഉള്ളതും അദൃശ്യമായ വഴികളാല്‍ മാത്രം സാധിക്കേണ്ടതുമായ കാര്യങ്ങള്‍ (മഴ പെയ്യിക്കല്‍ പോലെ) അല്ലാഹുവിനോടല്ലാതെ അപേക്ഷിക്കുന്നത് ശറഇല്‍ ജാഇസല്ല.” (കെ.എം. മൌലവിയുടെ ഫത്വകള്‍. പേജ്. 135.) സൃഷ്ടികളുടെ കയ്യാല്‍ നടക്കാത്തത് എന്നതിനോടൊപ്പം അല്ലാഹുവിനെ തനിച്ചാക്കി അവനോട് മാത്രം എന്ന് പറഞ്ഞാല്‍ ആ അപേക്ഷയുടെ നിര്‍വ്വചനമെന്താണ്? മനുഷ്യന്മാരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടം എന്നായിരിക്കുമോ? അതോ മനുഷ്യന്മാരും ജിന്നുകളും മലക്കുകളും അടക്കം സകല സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള സഹായതേട്ടമെന്നോ? മുവഹ്ഹിദായ ഏതൊരാള്‍ക്കും രണ്ടാമത് പറഞ്ഞ നിലക്കുള്ളതാണ് ഇതിന്റെ ശരിയായ നിര്‍വ്വചനമെന്ന് മനസ്സിലാവും.
8). 1950-ല്‍ പരപ്പനങ്ങാടിയില്‍ വെച്ച് നടന്ന സുന്നീ-മുജാഹിദ് സംവാദ ചര്‍ച്ചയില്‍ മുജാഹിദുകളുടെ വാദമായി എം.സി.സി. അബ്ദുറഹിമാന്‍ മൌലവിയെ പോലുള്ള പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത് കാണുക:- “ഇതില്‍ നിന്ന് -നീ മാത്രമേ സുഖപ്പെടുത്തുവാനുള്ളൂ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചതില്‍ നിന്ന്- ആ വിധത്തിലുള്ള സുഖപ്പെടുത്തല്‍ അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തിയാണെന്നും തെളിഞ്ഞു. സൃഷ്ടികളുടെ കഴിവില്‍പെടാത്ത സംഗതികള്‍ സൃഷ്ടികളോടപേക്ഷിക്കുന്നത് ആ സൃഷ്ടിയില്‍ സ്രഷ്ടാവിന്റെ ഗുണം (സ്വിഫാത്ത്) ഉണ്ടെന്ന് സങ്കല്‍പ്പിക്കുകയാകുന്നു. എന്നു വെച്ചാല്‍ അല്ലാഹുവിന്റെ അധികാരത്തിലും പ്രവര്‍ത്തികളിലും സൃഷ്ടികളെ പങ്കുചേര്‍ക്കുകയാകുന്നു അവര്‍ ചെയ്യുന്നത്.” (പരപ്പനങ്ങാടി സംവാദപുസ്തകം. പേജ്. 37.) സൃഷ്ടികളുടെ കഴിവില്‍പെടാത്തതും അല്ലാഹുവിന്റെ മാത്രം പ്രവര്‍ത്തിയെന്നും പറഞ്ഞാല്‍ അക്കാര്യത്തിലുള്ള അപേക്ഷയില്‍ മനുഷ്യന്മാരുടെ കഴിവുകള്‍ മാത്രമേ അതീതമാവുകയുള്ളൂ എന്നും അവരല്ലാത്ത സൃഷ്ടികളുടെ കഴിവുകള്‍ക്ക് അതീതമാവുകയില്ലെന്നും പറയാന്‍ ജിന്ന് പൂജകരോടും ദേവീദേവന്മാരോടും അച്ചാരം വാങ്ങിയവര്‍ക്ക് മാത്രമേ കഴിയൂ.
9). പരപ്പനങ്ങാടി സംവാദ ചര്‍ച്ചയില്‍ മുജാഹിദ് പണ്ഡിതന്മാരുടെ നിലപാട് വീണ്ടും വ്യക്തമാക്കുന്നു:- ” ആകയാല്‍ മരിച്ചുപോയ മഹാത്മാക്കളോട് സൃഷ്ടികളുടെ കഴിവില്‍പെടാത്ത സംഗതികളെ അപേക്ഷിക്കുന്നത് അവര്‍ തന്നെ കാര്യങ്ങള്‍ ചെയ്തുതരുമെന്ന വിശ്വാസത്തോട് കൂടിയായാലും അല്ലാഹുവിനോട് ശിപാര്‍ശ ചെയ്തു കാര്യങ്ങള്‍ സാധിപ്പിച്ച തരുമെന്ന വിശ്വാസത്തോട് കൂടിയായാലും കുഫ്റും ശിര്‍ക്കും തന്നെയാണെന്ന് സ്ഥിരപ്പെട്ടു.” (പരപ്പനങ്ങാടി സംവാദ പുസ്തകം. പേജ്. 74.) സൃഷ്ടികളുടെ കഴിവില്‍ പെടാത്തത് എന്നതിനെ മനുഷ്യരുടെ മാത്രം കഴിവില്‍പെടാത്തത് എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ ഇവിടെ മനുഷ്യരല്ലാത്ത സൃഷ്ടികളുടെ കഴിവില്‍പെടാത്തത് അവരോട് ചോദിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്ന് പറയേണ്ടിവരും. ഉദാഹരണമായി പറഞ്ഞാല്‍ തന്റെ വിളി കേട്ട് ഉത്തരം ചെയ്യാന്‍ കഴിയുമെന്ന നിലയില്‍ ജിന്നുകളോടും മലക്കുകളോടും വിളിച്ചു സഹായം തേടുക. ഈ നിലയിലുള്ള സഹായവും ഉത്തരവും ഏത് സന്ദര്‍ഭത്തിലായാലും അവരുടെ കഴിവില്‍പെട്ട കാര്യമല്ലല്ലോ? നഊദുബില്ലാ, ജിന്നുകളോടും മലക്കുകളോടും സഹായം തേടുന്നത് ശിര്‍ക്കല്ല എന്ന ഏറ്റവും അപകടം പിടിച്ച വാദത്തിലേക്കാണ് മുജാഹിദ് ആദര്‍ശത്തില്‍ നിന്ന് പുറത്തുപോയ കെ.കെ.പിയ്യാക്കളും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മുവഹ്ഹിദായ ഒരാള്‍ക്ക് ഇതൊരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ നിവൃത്തിയില്ല.
10). “പടപ്പുകളുടെ കഴിവില്‍പെടാത്തതും പടച്ചവന്റെ കഴിവില്‍ മാത്രം ഇരിക്കുന്നതുമായ കാര്യങ്ങളെ പടപ്പുകളോട് ചോദിക്കല്‍, പടപ്പുകള്‍ ആരായാലും ശരി, അത് ശിര്‍ക്കാണെന്നും ആ പ്രാര്‍ത്ഥന ഇബാദത്താണെന്നും ക്വുര്‍ആന്‍ തെളിയിക്കുന്നത് കാണുക:- “വഖ്വാല റബ്ബുകും ഉദ്ഊനീ അസ്തജിബ് ലകും…. (നിങ്ങളുടെ റബ്ബ് പറയുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുവിന്‍ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യും.” (പരപ്പനങ്ങാടി സംവാദപുസ്തകം. പേജ്. 38.) പടപ്പുകളുടെ കഴിവില്‍ പെടാത്തതും പടച്ചവന്റെ കഴിവില്‍ മാത്രം ഇരിക്കുന്നതുമായ കാര്യങ്ങളെ പറ്റിയുള്ള അപേക്ഷ എന്ന് പറഞ്ഞാല്‍ അതില്‍ നിന്ന് കിട്ടുന്ന നിര്‍വ്വചനം എന്താണ്? മനുഷ്യന്മാരെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള അവരുടെ മാത്രം കഴിവുകളില്‍ പെടാത്ത അപേക്ഷയാണ് എന്നാണോ അതോ മനുഷ്യരും ജിന്നുകളും മലക്കുകളും അടക്കം യാതൊരു സൃഷ്ടികളുടെയും കഴിവുകളില്‍ പെടാത്ത കാര്യങ്ങളിലുള്ള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നാണോ? മതത്തെ പറ്റി വിവരമുള്ളവര്‍ ആലോചിക്കുക.
11). “മറഞ്ഞ ഭാഗത്ത് നിന്ന് കാര്യ-കാരണ ബന്ധങ്ങള്‍ക്കതീതമായി (സൃഷ്ടികളുടെ കഴിവിന്നതീതമായി) ലഭിക്കേണ്ട സഹായവും കാവല്‍തേട്ടവുമാണല്ലോ പ്രാര്‍ത്ഥന. അത് ആരാധനയാണ്.” (സയ്യിദ് സുലൈമാന്‍ നദ്വി. അല്ലാഹുവിനെ ഏകനാക്കുക. പേജ്. 17.) സൃഷ്ടികളുടെ കഴിവിന്നതീതമായി എന്നതിന് മനുഷ്യന്മാരുടെ മാത്രം കഴിവിന്നതീതമായി എന്ന് തെറ്റായി അര്‍ത്ഥം വെക്കുന്നവര്‍ മറ്റു സൃഷ്ടികളുടെ കഴിവിന്നതീതമായി ഇങ്ങനെ സഹായം തേടിയാല്‍ അത് പ്രാര്‍ത്ഥനയാവുകയില്ലേ എന്ന് വ്യക്തമാക്കണം. പ്രാര്‍ത്ഥനയാവും എന്നാണ് മറുപടിയെങ്കില്‍ മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളോടുള്ള സഹായതേട്ടങ്ങളും ഉള്‍പ്പെട്ട നിര്‍വ്വചനം പ്രാര്‍ത്ഥനക്ക് പിന്നെ എവിടെ നിന്ന് ലഭിക്കും എന്നും വ്യക്തമാക്കണം.
12). കൊട്ടപ്പുറം സുന്നീ-മുജാഹിദ് സംവാദത്തില്‍ ഇതു സംബന്ധമായി മുജാഹിദുകളുടെ വിശ്വാസം വളരെ വ്യക്തമായി കെ.എന്‍.എം. ജനറല്‍ സെക്രട്ടറി ബഹു: എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി വിശദീകരിച്ചിട്ടുണ്ട്. യാഥാസ്ഥിതിക വിഭാഗം പുറത്തിറക്കിയ സംവാദ പുസ്തകത്തില്‍ പോലും അത് രേഖപ്പെടുത്തിയിട്ടുണ്ട്. അത് കാണുക:- “അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുള്ള കഴിവിന്നപ്പുറമുള്ള കാര്യങ്ങള്‍ ചോദിച്ചാല്‍ അത് ശിര്‍ക്കാണെന്നാണ് ഞങ്ങള്‍ പറഞ്ഞത്.” (കൊട്ടപ്പുറം സംവാദ പുസ്തകം. പേജ്. 34.) എ.പി. കഴിവിന്നതീതം എന്ന് പറഞ്ഞ ഈ സൃഷ്ടികളില്‍ മലക്കുകളും ജിന്നുകളുമടക്കം എല്ലാ സൃഷ്ടികളും ഉള്‍പ്പെട്ടതു കൊണ്ടാണ് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കല്‍ ശിര്‍ക്കാണെന്ന് സധൈര്യം പ്രഖ്യാപിക്കുന്നത്. മനുഷ്യരുടെ കഴിവുകള്‍ക്കതീതം എന്നത് മാത്രമാണ് ഇവിടെയെല്ലാം ഉദ്ദേശ്യമെങ്കില്‍ മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളോട് പ്രാര്‍ത്ഥിക്കുന്നത് ശിര്‍ക്കല്ല എന്നാണ് വരിക. നഊദുബില്ലാ, എ.പി. അടക്കം യഥാര്‍ത്ഥ മുജാഹിദായ ഒരു പണ്ഡിതനും ഈ നിലക്ക് സൃഷ്ടികളുടെ കഴിവിന്നതീതം എന്നതിന് അര്‍ത്ഥം വെച്ചിട്ടില്ല.
13). കൊട്ടപ്പുറം സംവാദത്തില്‍ മുജാഹിദുകളുടെ വാദമായി ബഹു: എ.പി. അബ്ദുല്‍ ഖാദിര്‍ മൌലവി പറഞ്ഞത് മുജാഹിദുകളുടെ സംവാദ പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: “എന്നാല്‍ മരിച്ചു പോയവരെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥനക്കുത്തരം ചെയ്യാനുള്ള കഴിവ് അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് നല്‍കിയ കഴിവിന്റെ അപ്പുറമാകുന്നു.” (കൊട്ടപ്പുറം സംവാദ പുസ്തകം. പേജ്. 84.) സൃഷ്ടികള്‍ക്ക് നല്‍കിയ കഴിവുകളുടെ അപ്പുറത്തുള്ള ഈ കഴിവിനെയാണ് സൃഷ്ടികളുടെ കഴിവിന്നതീതം എന്ന് പറയുന്നത്. വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അതിന് ഉത്തരം ചെയ്യുക എന്നത് മനുഷ്യരുടെ മാത്രമല്ല, ജിന്നുകളും മലക്കുകളും അടക്കം എല്ലാ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യവുമാണ്. വിഷയത്തിന്റെ മര്‍മ്മപ്രധാനമായ ഈ വസ്തുത എങ്ങിനെയാണ് നിര്‍വ്വചനത്തില്‍ പെടാതെ പോവുക?
14). പ്രാര്‍ത്ഥനയെ കുറിച്ചു പറഞ്ഞപ്പോള്‍ കെ.എന്‍.എം. സ്റേറ്റ് കമ്മറ്റി പുറത്തിറക്കിയ ‘ആഗ്രഹ സഫലീകരണം’ എന്ന പുസ്തകത്തില്‍ എഴുതുന്നു:- “അപ്പോള്‍ ആഗ്രഹ സഫലീകരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ആരോട് എന്ന നൂഹ് നബി(അ)ന്റെ പ്രാര്‍ത്ഥനയിലൂടെ അല്ലാഹു പഠിപ്പിക്കുന്നു. അല്ലാഹുവിനോട് മാത്രം. അതില്‍ യാതൊരു സൃഷ്ടിയേയും പങ്കു ചേര്‍ക്കരുത്.” (പേജ്. 27.) യാതൊരു സൃഷ്ടിയേയും പങ്കുചേര്‍ക്കാന്‍ പാടില്ലാത്ത ഈ അപേക്ഷയുടെ നിര്‍വ്വചനം പറയുമ്പോള്‍ എങ്ങിനെയാണ് മനുഷ്യരുടെ കഴിവിന്നതീതം എന്നത് മാത്രം ഉള്‍പ്പെടുക? മനുഷ്യരല്ലാത്ത സൃഷ്ടികളുടെ കഴിവുകേടും അതീതവും ഈ നിര്‍വ്വചനത്തിന്റെ പരിധിയില്‍ നിന്നെങ്ങിനെ പുറത്തു കടക്കും?
15). മനുഷ്യരെന്ന് പരിമിതപ്പെടുത്താതെ വീണ്ടും ഈ പുസ്തകത്തിലെഴുതുന്നു:- “ആപല്‍ ഘട്ടങ്ങളില്‍ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കാമെങ്കില്‍ രണ്ടു പുത്രന്മാര്‍ നഷ്ടപ്പെട്ട യഅ്കൂബ്(അ) അതു ചെയ്യുമായിരുന്നു. പക്ഷെ ആ സന്ദര്‍ഭത്തിലും അദ്ദേഹം തന്റെ കദന ഭാരം അല്ലാഹുവിന്റെ മുമ്പില്‍ മാത്രം ഇറക്കി വെക്കുന്നതായിട്ടാണ് ക്വുര്‍ആന്‍ നമുക്ക് പഠിപ്പിക്കുന്നത്.” (അതേ പുസ്തകം. പേജ്. 38.) ഇവിടെയും പ്രാര്‍ത്ഥനയെ സംബന്ധിച്ചു പരിചയപ്പെടുത്തുന്നത് അല്ലാഹുവിന്റെ മുമ്പില്‍ മാത്രം ഇറക്കി വെക്കേണ്ട അപേക്ഷയായിട്ടാണ്. അതോടൊപ്പം സൃഷ്ടികളോട് പറ്റാത്ത അപേക്ഷയാണെന്നും വ്യക്തമാക്കുന്നു. സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷ എന്നതിന്റെ ആശയം തന്നെയല്ലേ ഇത്?
16). “ഇതെല്ലാം നല്‍കുവാന്‍ ലോകത്ത് ആര്‍ക്കെങ്കിലും സാധിക്കുമോ? ഇത്തരം കാര്യങ്ങള്‍ക്ക് സൃഷ്ടികളില്‍ ആരോടെങ്കിലും പ്രാര്‍ത്ഥിക്കാമോ? എന്നാല്‍ മൂസാ(അ)നെ നാം മാതൃകയാക്കി സ്വീകരിക്കുക. അദ്ദേഹം തന്റെ ആഗ്രഹ സഫലീകരണത്തിന് അല്ലാഹുവോട് മാത്രമാണ് പ്രാര്‍ത്ഥിക്കുന്നത്.” (അതേ പുസ്തകം. പേജ്. 44.) ജിന്ന്, മലക്ക് അടക്കം ഒരു സൃഷ്ടിയോടും നടത്താന്‍ പാടില്ലാത്ത അപേക്ഷയായിട്ടാണ് പ്രാര്‍ത്ഥനയെ ഇവിടെയും പരിചയപ്പെടുത്തുന്നത്. സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യമായതു കൊണ്ടാണ് ഇത് അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമായത്. മനുഷ്യരുടെ മാത്രം കഴിവിന്നതീതമായ കാര്യങ്ങളിലുള്ള അപേക്ഷ എന്ന് പ്രാര്‍ത്ഥനയെ പറ്റി മനസ്സിലാക്കിയതും നിര്‍വ്വചനത്തെ ആ നിലക്ക് വ്യാഖ്യാനിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നതും ഗുരുതരമായ തെറ്റാണ്. സ്വലാഹിയോടോ മറ്റോ ഉള്ള വിരോധം കൊണ്ട് അവര്‍ പറയുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കുന്നതും അവരുടെ പുതിയ വാദവും നിര്‍വ്വചനവുമാക്കി അട്ടിമറിക്കുന്നതും നമുക്ക് കണ്ടില്ലെന്ന് നടിക്കാന്‍ നിര്‍വ്വാഹമില്ല. കെ.കെ.പി പോലെയുള്ള പുത്തന്‍വാദികള്‍ ഇക്കണക്കിന് ഇനി നമസ്കാരവും നോമ്പും ഒക്കെ പുതിയതാണെന്ന് പറയേണ്ടി വരും. കാരണം ഇതെല്ലാം സ്വലാഹിയും അംഗീകരിക്കുന്നുണ്ടല്ലോ? തെറ്റും ശരിയും നിര്‍ണ്ണയിക്കുന്നതിന്റെ മാനദണ്ഡം യഥാര്‍ത്ഥ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം വിശുദ്ധക്വുര്‍ആനും തിരുസുന്നത്തുമാണ്. അതിന്ന് വിരുദ്ധമായി സ്വലാഹിയോ മറ്റോ എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ നമുക്കെതിര്‍ക്കാം. എതിര്‍ക്കുകയും ചെയ്യണം.
17). “മനുഷ്യരുടെ കഴിവിന്നതീതത്തില്‍ മാത്രം പരിമിതപ്പെടുത്താതെ കെ.എന്‍.എം. പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പ്രാര്‍ത്ഥനയെപറ്റി വീണ്ടുമെഴുതുന്നു:- “അവ അവന്റെ സൃഷ്ടികളില്‍ ആരുടെയും മുമ്പില്‍ വെക്കുന്നില്ല. ആരെയും വിളിച്ചുപ്രാര്‍ത്ഥിക്കുന്നില്ല. സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ)ക്ക് പോലും കരുണയും കടാക്ഷവും നല്‍കാന്‍ നാം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. എന്നിരിക്കെ പിന്നെ ലോകത്ത് പ്രാര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹനായ വേറെ ആരുണ്ട്”. (ആഗ്രഹസഫലീകരണം. പേജ്. 74.) കഴിവിന്നതീതം മനുഷ്യരുടേതില്‍ മാത്രം പരിമിതപ്പെടുത്തി പ്രാര്‍ത്ഥനയെ നമുക്ക് മറ്റേതെങ്കിലും സൃഷ്ടികളുടെ മുമ്പില്‍ വെക്കാന്‍ പറ്റുമോ? സൃഷ്ടികളുടെ കഴിവിന്നതീതം എന്നത് പുതിയ നിര്‍വ്വചനമാണെന്നും മനുഷ്യരെ മാത്രമെ ഇവിടെയൊക്കെ മുജാഹിദ് പണ്ഡിതന്മാര്‍ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും പച്ചക്കള്ളം തട്ടിവിടുന്ന ആളുകള്‍ വ്യക്തമാക്കണം.
18). “അപ്പോള്‍ നമസ്കാരത്തില്‍ നടത്തുന്നതും അതിനുശേഷം നടത്തുന്നതുമായ പ്രാര്‍ത്ഥനകളിലും-ഏതെങ്കിലും ഒന്നില്‍പോലും-സൃഷ്ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കലില്ല”. (അതേ പുസ്തകം. പേജ്. 75.) ജിന്നുകളെയും മലക്കുകളെയും മനുഷ്യരടക്കം എല്ലാ സൃഷ്ടികളെയും ഉള്‍പ്പെടുത്തിയാണ് ഇവിടെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കലില്ല എന്ന് എഴുതിയിരിക്കുന്നത്. മുജാഹിദ് നേതാക്കള്‍ നേരത്തെ എഴുതിയ ഈ സൃഷ്ടികളെല്ലാം പ്രാര്‍ത്ഥനയുടെ നിര്‍വ്വചനം പറയുന്ന ‘സൃഷ്ടികളുടെ കഴിവിന്നതീതം’ എന്നതിലും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിവില്ലായ്മയുടെ ഈ പരിധിയില്‍ നിന്ന് മനുഷ്യരല്ലാത്ത ഏതെങ്കിലും സൃഷ്ടിയെ ഒഴിവാക്കുകയോ മനുഷ്യരെ മാത്രം പരിമിതപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ കടുത്ത ശിര്‍ക്കില്‍ തന്നെയാണ് അകപ്പെട്ടിരിക്കുന്നത്. അതു വഴി മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളോടും പ്രാര്‍ത്ഥിക്കാമെന്ന വാദത്തിലേക്കാണവര്‍ എത്തിച്ചേരുന്നത്. മനുഷ്യരും മലക്കുകളും ജിന്നുകളുമടക്കം മുഴുവന്‍ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതം എന്ന വസ്തുത ഒഴിവാക്കിക്കൊണ്ടുള്ള ഒരു നിര്‍വ്വചനം പ്രാര്‍ത്ഥനക്കില്ല.
19). ആഗ്രഹ സഫലീകരണം എന്ന പുസ്തകത്തില്‍ സൃഷ്ടികളുടെയെല്ലാം കഴിവുകേടുകളെ ഉള്‍പ്പെടുത്തി വീണ്ടുമെഴുതുന്നു:- “മനുഷ്യന്റെ അഖില പ്രശ്നങ്ങളും പരിഹരിച്ചുതരാന്‍ അല്ലാഹുവിനോട് മാത്രം നേരിട്ടുപ്രാര്‍ത്ഥിക്കുക. അവന്റെ സൃഷ്ടികളോട് നേരിട്ടോ അവരെ മധ്യവര്‍ത്തികളാക്കികൊണ്ട് അല്ലാഹുവിനോടോ പാടില്ല.” (പേജ്. 87.)
ആദ്യകാല മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും പണ്ഡിതരില്‍ നിന്നുമാണ് പ്രാര്‍ത്ഥനയെ പറ്റി ഇത്രയും കൂടുതല്‍ തെളിവുകള്‍ ഇവിടെ അക്കമിട്ട് നിരത്തിയിരിക്കുന്നത്. പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ ‘കഴിവുകള്‍ക്കതീതം’ എന്ന് പറയുമ്പോള്‍ ഒരു കാലത്തും മുജാഹിദുകളാരും മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായ കാര്യങ്ങളിലുള്ള അപേക്ഷയാണ് പ്രാര്‍ത്ഥനയെന്നും മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളുടെ കഴിവുകേടുകള്‍ അതിന്റെ നിര്‍വ്വചനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും മേല്‍ തെളിവുകള്‍ ഓരോന്നും മനസ്സിരുത്തി വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഇപ്പോള്‍ ഇതിനെ പുതിയ നിര്‍വ്വചനമാക്കി അവതരിപ്പിക്കുന്നത് തൌഹീദില്‍ നിന്നുള്ള വ്യതിയാനം സംഭവിച്ചതു കൊണ്ടാണ്. ഇത്തരം അബദ്ധങ്ങള്‍ നിറച്ച പുസ്തകത്തിന് അവതാരിക എഴുതിയ ഹദീസ് നിഷേധിയായ വ്യക്തി മുവഹ്ഹിദാണെന്ന് പറഞ്ഞു നടക്കുന്നതും മുവഹ്ഹിദുകള്‍ എന്ന് പറയുന്ന ആളുകള്‍ ഇത്തരം വ്യക്തികളെ പേറി നടക്കുന്നതും മുസ്ലിം സമുദായത്തിന് അപമാനവുമാണ്.
കളവ് രണ്ട്. സൃഷ്ടികളുടെ കഴിവുകള്‍ക്കതീതമായ കാര്യങ്ങളെന്ന് പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തില്‍ പറയുമ്പോള്‍ തൌഹീദിന്റെ അടിത്തറ ഇളകും.
മറുപടി 1. സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമാണ് പ്രാര്‍ത്ഥനയെന്ന അപേക്ഷയിലൂടെ നാം ചോദിക്കുന്ന കാര്യങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം അതിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തൌഹീദിന്റെ അടിത്തറ ഇളകുമെന്ന് പറയുന്നവരുടെ ഈമാന്‍ സാക്ഷാല്‍ അബൂ ജാഹിലിന്റെ ഈമാനാണ്. അവനും അവന്റെ പാര്‍ട്ടിയും പഠിപ്പിച്ചതും ഇത്തരം വികലമായ തൌഹീദായിരുന്നല്ലോ? അഥവാ പ്രാര്‍ത്ഥനയില്‍ അവര്‍ അല്ലാഹുവിന് പുറമെ മറ്റു പലരെയും ഉള്‍പ്പെടുത്തി. സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമായ കാര്യമാണത്, അല്ലാഹുവിനോട് മാത്രമെ പാടുള്ളൂ എന്ന തൌഹീദില്‍ അവര്‍ മായം കലര്‍ത്തി. മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമാണെന്നും സൃഷ്ടികളുടെയെല്ലാം കഴിവുകള്‍ക്കതീതമാണെന്നത് പുതിയ നിര്‍വ്വചനമാണെന്നും തൌഹീദിന്റെ അടിത്തറ ഇളക്കുമെന്നും എഴുതി അഭിനവ അബൂജാഹിലുകള്‍ ഇസ്ലാമിന്റെ തൌഹീദില്‍ ഇന്നും മായം കലര്‍ത്തി. ഇവരുടെ തൌഹീദിന്റെ അടിത്തറ ഇതോടെ തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു.
മറുപടി 2. ജിന്നുകളും മലക്കുകളും മനുഷ്യരുമടക്കം മുഴുവന്‍ സൃഷ്ടികളുടെയും കഴിവുകള്‍ക്കതീതമായ കാര്യത്തെ (പ്രാര്‍ത്ഥനയെ) മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതമായി വെട്ടിച്ചുരുക്കുക വഴി സ്രഷ്ടാവായ അല്ലാഹുവിന്റെ മാത്രം കഴിവില്‍ മനുഷ്യരല്ലാത്ത മറ്റു സൃഷ്ടികളെയും പങ്കുചേര്‍ക്കുകയാണ് ഈ അഭിനവ ജാഹിലുകള്‍ ചെയ്യുന്നത്. തൌഹീദിന്റെ അടിത്തറ പൊളിയുന്നത് ഇവരുടെ പുതിയ ഇത്തരം നിര്‍വ്വചനങ്ങള്‍ കൊണ്ടാണ്.
മറുപടി 3. മനുഷ്യ കഴിവിന്നതീതം എന്നെഴുതിയ മുന്‍കാല മുജാഹിദ് പണ്ഡിതന്മാരാരും തന്നെ മനുഷ്യരുടെ മാത്രം കഴിവുകള്‍ക്കതീതം എന്ന് പ്രാര്‍ത്ഥനയുടെ നിര്‍വ്വചനത്തെ മനസ്സിലാക്കിയിട്ടില്ല. ഇന്‍ഷാ അല്ലാ അത് പിന്നീട് വിശദീകരിക്കാം. 


No comments:

Post a Comment

Note: only a member of this blog may post a comment.