ആരോപണങ്ങള്‍ക്ക് ഡോ: കെ.കെ.സകരിയ്യ സ്വലാഹി മറുപടി പറയുന്നു (3)
തയ്യാറാക്കിയത് : നാസര്‍ ഒലവക്കോട്
ചോദ്യം : പിശാചിനോട് പ്രാര്‍ത്ഥിച്ചാല്‍ പിശാചിന് ഉത്തരം നല്‍കാന്‍
കഴിയില്ല, എന്നാല്‍ പിശാചിനെ പൂജിക്കുന്ന ജ്യോല്‍സ്യന്‍മാര്‍ക്കും മറ്റും
പിശാചിന്റെ കഴിവില്‍പെട്ട സഹായങ്ങള്‍ കിട്ടാനുള്ള സാധ്യതയുണ്ട് എന്ന്
താങ്കള്‍ക്ക് വാദമുണ്ടോ? മുന്‍കാല മുജാഹിദ് നേതാക്കളും ഇങ്ങിനെ
വിശ്വസിച്ചിരുന്നോ?
ചോദ്യം: പിശാചിനെ പൂജിച്ചാല്‍ പിശാച് തന്റെ മിത്രങ്ങളെ സഹായിച്ചേക്കാം എന്ന
വാദം ആരാധനയും പ്രാര്‍ത്ഥനയും രണ്ടാണെന്ന വാദത്തിലെത്തുമെന്നാണല്ലോ
അബ്ദുസ്സലാം സുല്ലമിയുടെ ആരോപണം. ഇത് ശരിയാണോ?
ഉത്തരം: മാരണം (സിഹ്റ്), ഭാവി പ്രവചനം എന്നിങ്ങനെയുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദുര്‍മന്ത്രവാദികള്‍, തങ്ങളുടെ ദുഷ്ടശക്തികളെ പ്രീതിപ്പെടുത്താനായി പലതരം വഴിപാടുകളും, സേവയും, മൃഗബലിയുമൊക്കെ നടത്തുന്നതായി നാം കേള്‍ക്കാറുണ്ടല്ലോ. ഇത് പോലെയുള്ള തന്ത്ര മന്ത്രങ്ങളും, ഇസ്മിന്റെ പണികളും സിഹ്റ് ചെയ്യുന്ന തങ്ങന്മാരും ചെയ്യുന്നതായിക്കാണാം. ചിലപ്പോള്‍, പിശാചുക്കള്‍ തന്നെ ദുര്‍മന്ത്രവാദികളോട് പലതരം ക്രൂരപ്രവൃത്തികള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും കേള്‍ക്കുന്നു. നിധി കിട്ടാന്‍ വേണ്ടി കുട്ടിയെ ബലി കൊടുത്തു എന്നൊക്കെ നമ്മള്‍ പത്രങ്ങളില്‍ വായിക്കാറില്ലേ! ഇതുപോലെ ത്വല്‍സമാത്തുകാരായ തങ്ങന്മാര്‍ പിശാചിന്റെ മിത്രമാവാന്‍ വേണ്ടി അവനിഷ്ടപ്പെടുന്ന ശിര്‍ക്കും കുഫ്റും ഹറാമുമായ പല പ്രവര്‍ത്തികളും ചെയ്യാറുണ്ടത്രെ!! ഇങ്ങിനെ പിശാചിനെ പൂജിക്കുകയും ചെയ്യുന്നവര്‍ പിശാചിനോട് പല കാര്യങ്ങളും ആവശ്യപ്പെടുന്നത് സാധാരണമാണ്. അതില്‍ പിശാചിന് കഴിയുന്നതും, പിശാചിന് കഴിയാത്തതുമുണ്ടാകും. പിശാചിന് പ്രകൃത്യാ ചെയ്യാന്‍ കഴിയുന്ന ചില ചില്ലറ സഹായങ്ങള്‍ ദുര്‍മന്ത്രവാദികള്‍ക്ക് കിട്ടി എന്ന് വന്നേക്കാം. “പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മ്മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുന്നതില്‍ അസാംഗത്യമില്ല” എന്ന അമാനി മൌലവി(റഹി)യെപ്പോലുള്ളവരുടെ നിഗമനം പൂജയും (ആരാധനയും) പ്രാര്‍ത്ഥനയും രണ്ടാണെന്ന വാദത്തിലെത്തുമെന്നാണല്ലോ അബ്ദുസ്സലാം സുല്ലമി വിലപിക്കുന്നത്. സുല്ലമിയുടെ വിവരക്കേട് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. രാജു എന്ന ഒരാള്‍ മാതാ അമൃതാനന്ദമയിയെ ആരാധിക്കുന്നു എന്ന് വിചാരിക്കുക. സ്വന്തം വീട്ടില്‍ വെച്ച് അമ്മയെ ദൈവമായി വാഴ്ത്തിക്കൊണ്ട് എല്ലാ ദിവസവും അയാള്‍ കീര്‍ത്തനങ്ങള്‍ ചൊല്ലുന്നു. അമ്മക്ക് തന്റെ മനസ്സിലുള്ളത് അറിയാന്‍ കഴിയും, തന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ കഴിയുമെന്നും അയാള്‍ വിശ്വസിക്കുന്നു. സ്വന്തം വീട്ടില്‍ അമ്മയുടെ ഫോട്ടോക്ക് മുമ്പില്‍ വെച്ച്, തനിക്ക് ഒരു കുട്ടിയെ കിട്ടാന്‍ വേണ്ടി രാജു അമ്മയോട് പ്രാര്‍ത്ഥിക്കുന്നു എന്ന് സങ്കല്‍പിക്കുക. ഇവിടെ അമ്മ ഇയാളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. ഇയാള്‍ക്ക് ഉത്തരം കിട്ടുകയുമില്ല. കാരണം, പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. രാജുവിന് ഹൃദയ സംബന്ധമായ അസുഖം പിടിപെട്ടു എന്ന് സങ്കല്‍പിക്കുക. ഈ ഭക്തന്‍ അമ്മയെ നേരില്‍ കാണുന്നു. അയാള്‍ അമ്മയുടെ മുമ്പില്‍ സുജൂദ് ചെയ്യുന്നു. കൂടെയുള്ള ആള്‍, ഇയാള്‍ ഒരു ഉറച്ച അമ്മ ഭക്തനാണെന്ന് പരിചയപ്പെടുത്തുന്നു. തന്നെ പൂജിക്കുന്നു എന്ന് ബോധ്യപ്പെട്ടപ്പോള്‍ അമ്മക്ക് ഭക്തനില്‍ മതിപ്പ് തോന്നുന്നു. രാജു തന്റെ പ്രശ്നങ്ങള്‍ അമ്മയുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തനിക്ക് ചികിത്സ നടത്താനുള്ള പണം ഇല്ല എന്നും അമ്മയോട് വിശദീകരിക്കുന്നു. ഈ ഭക്തന്റെ ചികിത്സാ ചെലവ് അമ്മ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇവിടെ കുട്ടിയെ തരണമെന്ന് അമ്മയോട് പ്രാര്‍ത്ഥിച്ചപ്പോള്‍ രാജുവിന് ഉത്തരം കിട്ടിയില്ല. ഇയാള്‍ തന്നെ പൂജിക്കുന്നു എന്ന് അമ്മ മനസ്സിലാക്കിയപ്പോള്‍ അമ്മക്ക് ഇയാളോട് ഇഷ്ടം തോന്നുന്നു. നേരിട്ട് കണ്ട് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് അമ്മക്ക് ചെയ്യാന്‍ കഴിയുന്ന ചില സഹായങ്ങള്‍ അയാള്‍ക്ക് കിട്ടിയത്. രാജു അമ്മയെ പൂജിച്ചിട്ടില്ല എന്നോ അമ്മ രാജുവിന് തന്റെ കഴിവില്‍ പെട്ട സഹായം ചെയ്ത് കൊടുത്തിട്ടില്ല എന്നോ ആര്‍ക്കെങ്കിലും വാദിക്കാന്‍ കഴിയുമോ? പിശാചിനെ നേരില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും പിശാചും ജോത്സ്യനും തമ്മിലുള്ള ബന്ധവും ഏതാണ്ട് ഇതുപോലെത്തന്നെയാണ്. ജോത്സ്യന്‍ പിശാചിനെ പൂജിക്കുകയാണെങ്കില്‍, പിശാച് അയാളുടെ മിത്രമാകുന്നു. ജോത്സ്യന്‍ പിശാചിന്റെ കഴിവില്‍ പെടാത്ത പല കാര്യങ്ങള്‍ക്ക് വേണ്ടിയും പിശാചിനോട് പ്രാര്‍ത്ഥിച്ചേക്കാം. ജോത്സ്യന്റെ പ്രാര്‍ത്ഥനക്കുത്തരം നല്‍കാന്‍ പിശാചിന് കഴിവില്ല. അതേ സമയം, പിശാചിന് പ്രകൃത്യാ ഉള്ള കഴിവില്‍ പെട്ട, വിവരങ്ങള്‍ കട്ട് കേട്ട് എത്തിച്ച് കൊടുക്കുക എന്നിങ്ങനെയുള്ള സഹായങ്ങള്‍ ജോത്സ്യന് ചെയ്ത് കൊടുത്തു എന്ന് വരാം. ഇവിടെ, പിശാച് ചെയ്ത് കൊടുക്കുന്ന ചില്ലറ സഹായങ്ങള്‍ക്ക് വേണ്ടി, ജ്യോത്സ്യന്‍ പിശാചിനോട് പ്രാര്‍ത്ഥിച്ചു എന്ന് നമ്മളാരും പറയാറില്ല. കാരണം, പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കാന്‍ ഒരു സൃഷ്ടിക്കും കഴിയുകയില്ലല്ലോ? ഇനി മറ്റൊരു ഉദാഹരണം ശ്രദ്ധിക്കുക. ജോസ് എന്ന ആള്‍ അമ്മയെ നേരില്‍കണ്ട് തനിക്ക് സ്വന്തമായി വീടില്ല എന്ന വിഷമം അറിയിക്കുന്നു. തന്നെ ആരാധിക്കാത്ത ആളാണെന്ന് അറിയാമായിരുന്നിട്ടും അമ്മ ജോസിന് വീട് നിര്‍മ്മിച്ച് കൊടുക്കാന്‍ തയ്യാറാകുന്നു. ഇവിടെ അമ്മയെ ആരാധിക്കാതെ തന്നെ ചില സഹായങ്ങള്‍ ഇയാള്‍ക്ക് ലഭിക്കുന്നു. ഇതുപോലെ, പൂജിച്ചില്ലെങ്കിലും പിശാച് ജ്യോത്സന് സഹായം ചെയ്തുവെന്ന്വരാം കാര്യങ്ങള്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന രൂപത്തില്‍ വളരെ ലളിതമാണ്. എന്നിട്ടും സുല്ലമിയും കൂട്ടരും വെറുതെ വാചക കസര്‍ത്ത് നടത്തി ആശയക്കുഴപ്പമുണ്ടാക്കി, മുന്‍കാല മുജാഹിദ് നേതാക്കളുടെ ഈമാനിനെപോലും ചോദ്യം ചെയ്യുകയും അവരെ ശിര്‍ക്കന്‍ വിശ്വാസക്കാരായി മുദ്രകുത്താന്‍ ശ്രമിക്കുകയുമാണ്. നമ്മുടെ മുന്‍കാല പണ്ഡിതരില്‍ ശിര്‍ക്ക് ആരോപിച്ചാലും കുഴപ്പമില്ല, മടവൂരീ പ്രവര്‍ത്തകരെ കൂടെ നിര്‍ത്തിയാല്‍ മതി എന്ന സലാം സുല്ലമിയുടെ ഈ ദുഷിച്ച ചിന്താഗതി ഒരു മുസ്ലിമിന് ചേര്‍ന്നതാണോ എന്ന് സാധാരണക്കാരായ മടവൂരീ പ്രവര്‍ത്തകര്‍ ചിന്തിക്കുക.
ചോദ്യം: പിശാചിനെ പൂജിച്ചാല്‍ പിശാച് അവന്റെ മിത്രങ്ങളെ സഹായിച്ചേക്കാം
എന്ന വാദം തൌഹീദിനെ അട്ടിമറിക്കുന്ന പിഴച്ച വാദമാണെന്നും ശിര്‍ക്ക്
പ്രചരിപ്പിക്കലാണെന്നും മടവൂര്‍ വിഭാഗത്തിലെ ചില ആളുകള്‍ ഇപ്പോഴും
പ്രസംഗിച്ചു നടക്കുന്നുണ്ടല്ലോ? ഇതിനെ കുറിച്ച് എന്ത് പറയുന്നു?
ഉത്തരം: ശബാബില്‍ അബ്ദുസ്സലാം സുല്ലമി എഴുതുന്ന “നെല്ലും പതിരും” എന്ന പംക്തി മാത്രം വായിക്കുന്ന ചിലയാളുകളാണ് ഇതുപോലെയുള്ള വിവരക്കേട് വിളിച്ചുപറഞ്ഞ് നടക്കുന്നത്. അലി മദനി മൊറയൂര്‍ 2011 സെപ്തംബര്‍ 25ന് തലശ്ശേരിയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലും ഈ വ്യാജ ആരോപണം കൃത്രിമമായ വികാരപ്രകടനത്തോടെ ആവര്‍ത്തിക്കുന്നുണ്ട്. “പ്രാര്‍ത്ഥന ആരാധനയാണ്, ആരാധിച്ചാല്‍ സഹായിക്കുമെന്ന് പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം പ്രാര്‍ത്ഥിച്ചാല്‍ സഹായിക്കുമെന്നാണ്, ഇതു കടുത്ത ശിര്‍ക്കാണ്, ആരാധിച്ചാല്‍ സഹായിക്കില്ല എന്നാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇങ്ങനെ വാദിക്കുന്നവരെ ഒറ്റപ്പെടുത്തണം” ഇങ്ങനെപോകുന്നു അയാളുടെ പുതിയ വെളിപാടുകള്‍ “പിശാചിനെ പ്രത്യേകം പൂജയും മറ്റു കര്‍മ്മങ്ങളും നടത്തി സേവിക്കുന്നവര്‍ക്ക് അവന്റെ സേവ ലഭിക്കുന്നതില്‍ അസാംഗത്യമില്ല” എന്ന് അമാനി മൌലവി(റഹി) എഴുതിയതിലെ ആശയം ഉദാഹരണ സഹിതം മുകളില്‍ വിവരിച്ചുവല്ലോ. പൂജിച്ചാല്‍ പിശാച് ജ്യോത്സ്യന്റെ മിത്രമാകുമെന്നും, മിത്രമായ ജ്യോത്സ്യന് പിശാചിന്റെ കഴിവില്‍പ്പെട്ട ചില്ലറ സഹായങ്ങള്‍ പിശാച് ചെയ്ത് കൊടുത്തേക്കാമെന്നും മാത്രമാണ് അമാനി മൌലവി(റഹി), ഡോ: ഉസ്മാന്‍ സാഹിബ്(റഹി) എന്നിവര്‍ എഴുതിയിട്ടുള്ളത്. ഇവരാരും തന്നെ പ്രാര്‍ത്ഥന ആരാധനയല്ലെന്നോ, പ്രാര്‍ത്ഥിച്ചാല്‍ പിശാച് ഉത്തരം നല്‍കുമെന്നോ, ആരാധനയില്‍ പ്രാര്‍ത്ഥന അടങ്ങിയിട്ടില്ല എന്നോ എവിടെയും എഴുതിയിട്ടില്ല. ഇതെല്ലാം മടവൂരികളുടെ വ്യാജ ആരോപണങ്ങള്‍ മാത്രമാണ്. കാര്യങ്ങള്‍ തലകീഴായി അവതരിപ്പിച്ച് മടവൂരികളില്‍ ആശയക്കുഴപ്പമുണ്ടാക്കി, അവരെ സലാം സുല്ലമിയുടെ കൂടെ നിര്‍ത്താനാണ് സുല്ലമി ഗ്രൂപ്പുകാരായ യുവ പ്രസംഗകര്‍ ശ്രമിക്കുന്നത്. പ്രാര്‍ത്ഥനയും ആരാധനയും വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള പാണ്ഡിത്യം അമാനി മൌലവി(റഹി), ഡോ:ഉസ്മാന്‍ സാഹിബ്(റഹി) തുടങ്ങിയ നമ്മുടെ മുന്‍കാല നേതാക്കള്‍ക്കില്ല എന്നും, അലി മൊറയൂരിനും, അബ്ദുല്ലതീഫ് കരുമ്പുലാക്കലിനും, മന്‍സൂറലി ചെമ്മാടിനും മാത്രമേ ഇതൊക്കെ മനസ്സിലാക്കാനുള്ള ‘വിവരമുള്ളൂ’ എന്നും അംഗീകരിച്ച് കൊടുക്കാന്‍ ഏതെങ്കിലും മുജാഹിദ് പ്രവര്‍ത്തകനെ കിട്ടുമോ! മുന്‍കാല മുജാഹിദ് നേതാക്കളിലും ജീവിച്ചിരിക്കുന്ന മടവൂരീ പണ്ഡിതരിലും ശിര്‍ക്ക് ആരോപിക്കുക എന്നതാണല്ലോ അബ്ദുസ്സലാം സുല്ലമിയുടെയും, അദ്ദേഹത്തിന്റെ എല്ലാ പിഴച്ച വാദങ്ങളും അത് പോലെ വിളിച്ച് പറയുന്ന ഈ മൂന്ന് യുവ പ്രസംഗകരുടെയും പ്രധാന ദഅ്വത്ത് പ്രവര്‍ത്തനം. പരലോക വിശ്വാസമില്ലാത്തവര്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഈ കൊടും ക്രൂരത ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സുല്ലമിക്കും അദ്ദേഹത്തിന്റെ സ്വന്തം കുട്ടികള്‍ക്കും അല്ലാഹു സല്‍ബുദ്ധി തോന്നിക്കട്ടെ എന്ന് പ്രാര്‍ഥിക്കാനേ നമുക്ക് സാധിക്കുകയുള്ളൂ.
ചോദ്യം. : പ്രാര്‍ത്ഥന അടങ്ങിയിരിക്കുന്ന കര്‍മ്മങ്ങള്‍ മാത്രമാണല്ലോ
ആരാധനയാവുന്നത്. പ്രാര്‍ത്ഥനയില്ലാത്ത ആരാധനകളുണ്ട് എന്ന് താങ്കള്‍
പ്രസംഗിച്ചു എന്ന ഗുരുതരമായ ആരോപണം അബ്ദുസ്സലാം സുല്ലമി
നടത്തുന്നുണ്ടല്ലോ? ‘അല്‍ ഹജ്ജു അറഫ’ എന്ന ഹദീസ് ഇതിന് തെളിവാണോ ?
ഉത്തരം: പ്രാര്‍ത്ഥനയില്ലാത്ത ആരാധനകളുണ്ട് എന്ന് ഞാന്‍ പ്രസംഗിച്ചു എന്ന സുല്ലമിയുടെ ആരോപണം ശരിയല്ല. പ്രാര്‍ത്ഥനയല്ലാത്ത ആരാധനകളുണ്ട് എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. പിശാചിനെ പൂജിക്കുന്ന ജ്യോത്സ്യന്‍മാര്‍ക്ക് പിശാച് തന്റെ കഴിവില്‍ പെട്ട ചില്ലറ സഹായം ചെയ്ത് കൊടുക്കാന്‍ സാധ്യതയുണ്ട് എന്ന അമാനി മൌലവി(റഹി)യുടെ വാദം, ആരാധനയും പ്രാര്‍ത്ഥനയും രണ്ടാണെന്ന വാദത്തിലെത്തുമെന്നാണല്ലോ അബ്ദുസ്സലാം സുല്ലമി ആരോപിക്കുന്നത്. സുല്ലമിയുടെ ഈ ആരോപണം സ്ഥാപിക്കാന്‍ വേണ്ടി, ആരാധനയും പ്രാര്‍ത്ഥനയും ഒന്ന് തന്നെയാണ് എന്ന രൂപത്തില്‍ അദ്ദേഹം വിശദീകരിച്ചിരുന്നു. സുല്ലമിയുടെ ഈ ആശയത്തെ ഖണ്ഡിച്ച് കൊണ്ട് ഞാന്‍ പറഞ്ഞ ചില വാചകങ്ങളെയാണ് മടവൂരികള്‍ കോട്ടിമാട്ടി ആശയക്കുഴപ്പമുണ്ടാക്കുന്നത്. നമസ്കാരവും നോമ്പും മാത്രമല്ല പ്രാര്‍ത്ഥനയും ആരാധനയാണ്, അത് കൊണ്ട് തന്നെ അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് നാം സാധാരണ വിശദീകരിക്കാറുണ്ടല്ലോ. ഇത് തിരിച്ച് പറയുകയാണെങ്കില്‍, പ്രാര്‍ത്ഥന മാത്രമല്ല ആരാധന, നമസ്കാരം നോമ്പ് എന്നിവയും ആരാധനയാണ് എന്ന് കിട്ടും. ചുരുക്കത്തില്‍, പ്രാര്‍ത്ഥന മാത്രമല്ല ആരാധന, പ്രാര്‍ത്ഥന അടങ്ങിയിട്ടുള്ള നമസ്കാരവും നോമ്പും, മറ്റെല്ലാ കര്‍മ്മങ്ങളും ആരാധനയാണ് എന്ന ആശയമാണ് ഞാന്‍ വിശദീകരിച്ചത്. തെറ്റായ ഒരു വാദം എനിക്കുണ്ടെന്ന് ആരോപിക്കാന്‍ വേണ്ടി അബ്ദുസ്സലാം സുല്ലമി ശബാബിലെഴുതിയ ലേഖനത്തില്‍, മുന്‍കാല മുജാഹിദ് നേതാക്കളുടെ ധാരാളം ഉദ്ധരണികള്‍ അദ്ദേഹം എടുത്ത് കൊടുത്തിട്ടുണ്ട്. അതിലെ ഒരു ഉദ്ധരണി ഇപ്രകാരമാണ്: “അങ്ങനെ ആരാധനക്ക് നബി(സ) നല്‍കിയ ഈ വിവരണമനുസരിച്ച് പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനയുള്‍ക്കൊള്ളുന്ന മറ്റ് കര്‍മ്മങ്ങളുമാണ് ആരാധന എന്ന് ഗ്രഹിക്കാം. (ഇസ്ലാമിന്റെ അടിത്തറ തൌഹീദ്, കെ. കുഞ്ഞീതു മൌലവി)” (ശബാബ്, 20 ജനുവരി 2012). വാസ്തവത്തില്‍, ഈ കാര്യം മാത്രമേ ഞാന്‍ എന്റെ പ്രസംഗത്തിലും പറഞ്ഞിട്ടുള്ളൂ. പ്രാര്‍ത്ഥന ആരാധനയാണ്, പ്രാര്‍ത്ഥനയുള്‍ക്കൊള്ളുന്ന നമസ്കാരം, നോമ്പ്, സകാത്ത് തുടങ്ങിയ മറ്റ് കര്‍മ്മങ്ങളും ആരാധനയാണ്. പ്രാര്‍ത്ഥനയില്ലാത്ത ആരാധനയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സലാം സുല്ലമി ശബാബിലെഴുതിയ പ്രസ്തുത ലേഖനത്തില്‍ എന്റെ വാദമായി അദ്ദേഹം എഴുതുന്നു: “അദ്ദുആഉ ഹുവല്‍ ഇബാദ (പ്രാര്‍ത്ഥനയാണ് ആരാധന) എന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം പ്രാര്‍ത്ഥന ആരാധനയാണ് എന്നാണ്. പ്രാര്‍ത്ഥന മാത്രമാണ് ആരാധന എന്ന അര്‍ഥം അതിനില്ല. ‘അല്‍ഹജ്ജു അറഫ’ (ഹജ്ജ് അറഫയാണ്) എന്ന് നബി(സ) പറഞ്ഞത് പോലെയാണിത്. അറഫ മാത്രമാണ് ഹജ്ജ് എന്ന് ഇതിനര്‍ഥമില്ല. (കെ.കെ.സകരിയ്യയുടെ പ്രസംഗത്തില്‍ നിന്ന്)” (ശബാബ്, 20 ജനുവരി 2012). ഞാന്‍ എന്തോ ഭീമമായ അബദ്ധം പറഞ്ഞു പോയി എന്ന് സ്ഥാപിക്കാന്‍ വേണ്ടി എടുത്ത് കൊടുത്ത മുകളിലെ വാചകം വായിക്കുന്നവര്‍ക്ക് തന്നെ സുല്ലമിയുടെ ആരോപണം കളവാണെന്ന് ബോധ്യമാകും. അറഫയില്‍ നില്‍ക്കല്‍ മാത്രമല്ല, മുസ്ദലിഫയില്‍ രാപ്പാര്‍ക്കലും ജംറകളില്‍ കല്ലെറിയലും എല്ലാം അടങ്ങിയതാണ് ഹജ്ജ്, പക്ഷെ അറഫയില്‍ നില്‍ക്കാതെ മറ്റ് കര്‍മ്മങ്ങള്‍ മാത്രം ചെയ്തത് കൊണ്ട് ഹജ്ജ് ആകുകയില്ല. ഇത്പോലെ തന്നെ പ്രാര്‍ത്ഥന അടങ്ങിയിട്ടില്ലാത്ത നമസ്കാരവും നോമ്പുമൊന്നും ആരാധനയാവുകയില്ല. പ്രാര്‍ത്ഥനയില്ലാത്ത ആരാധനയുണ്ടെന്നല്ല, പ്രാര്‍ത്ഥനയല്ലാത്ത ആരാധനയുണ്ടെന്നാണ് ഞാന്‍ വിശദീകരിച്ചത് എന്ന് ‘ഹജ്ജ് അറഫയാണ്’ എന്ന ഉദാഹരണത്തില്‍ നിന്നും വ്യക്തമാണല്ലോ. പ്രാര്‍ത്ഥനയും ആരാധനയും വിശദീകരിച്ച് കൊണ്ട് ധാരാളം പ്രഭാഷണങ്ങളും വാദപ്രതിവാദങ്ങളും നടത്തിയിട്ടുള്ള എന്നെക്കുറിച്ച്, 2007ല്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഞാന്‍ വലിയ അബദ്ധം പറഞ്ഞു എന്ന് മനപ്പൂര്‍വ്വം കളവ് പറഞ്ഞ്, എനിക്കില്ലാത്ത വാദത്തിന് ആയത്ത് ഉദ്ധരിച്ച് കൊണ്ട് ഭംഗിയായി മറുപടി പറയുക എന്ന കുറ്റകരമായ കാര്യമാണ്, കഴിഞ്ഞ അഞ്ച് വര്‍ഷമായി സുല്ലമി നടത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പ്രത്യേകമായി എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. ‘സകരിയ്യയുടെ പ്രസംഗത്തില്‍ നിന്ന്’ എന്നെഴുതി ഞാന്‍ പറയാത്ത കാര്യങ്ങള്‍ക്ക് മറുപടി എഴുതുന്ന സലാം സുല്ലമിയോട് സകരിയ്യ എവിടെയാണ് അങ്ങനെ പ്രസംഗിച്ചത് എന്ന് നമ്മുടെ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ മറുപടി പറയാനോ തെളിവിനായി പ്രസംഗ കേസറ്റ് നല്‍കാനോ അദ്ദേഹം തയ്യാറാവാറില്ല. തെളിവ് കാണിക്കാനില്ലാത്തതുകൊണ്ട് തന്നെ ഇതുപോലെയുള്ള വ്യാജ ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ മടവൂരീ പ്രാസംഗികര്‍ക്ക് കഴിയാറില്ല. എന്നെ വിമര്‍ശിച്ചെഴുതിയ ശബാബിലെ പ്രസ്തുത ലേഖനത്തിന് അദ്ദേഹം ഹെഡ്ഡിംഗ് കൊടുത്തിട്ടുള്ളത് “ആ പണ്ഡിത ഫത്വ നട്ടെല്ലില്ലായ്മ വിളിച്ചോതുന്നു” എന്നാണ്. എനിക്കില്ലാത്ത വാദം ഗ്രൂപ്പ് വൈരം നിമിത്തം സലാം സുല്ലമി എഴുതിയാല്‍, കാര്യബോധമുള്ള ആരെങ്കിലും അത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുമോ! ഫത്വ തയ്യാറാക്കിയ പണ്ഡിത സംഘടനക്ക് നട്ടെല്ലില്ല എന്ന് പറഞ്ഞ് നമ്മുടെ മുതിര്‍ന്ന പണ്ഡിതന്മാരെയും അദ്ദേഹം അപമാനിക്കാന്‍ ശ്രമിക്കുന്നു. സുല്ലമിയുടെ അധ:പതനം കാണുമ്പോള്‍ വാസ്തവത്തില്‍ സഹതാപമാണ് തോന്നുന്നത്. സാന്ദര്‍ഭികമായി പറയട്ടെ, മടവൂര്‍ വിഭാഗം പണ്ഡിത സഘടനയാണ് യഥാര്‍ത്ഥത്തില്‍ നട്ടെല്ലില്ലായ്മ പ്രകടിപ്പിക്കുന്നത്. മടവൂരികളിലെ ആശയ വൈരുദ്ധ്യം ശ്രദ്ധിക്കുന്ന ആര്‍ക്കും ഇത് ബോധ്യമാകുന്നതാണ്. ചോദ്യം: മടവൂര്‍ വിഭാഗം പണ്ഡിത സംഘടനയാണ് യഥാര്‍ത്ഥത്തില്‍ നട്ടെല്ലില്ലായ്മ പ്രകടിപ്പിക്കുന്നത് എന്ന് താങ്കള്‍ പറഞ്ഞു. ഇത് വിശദീകരിക്കാമോ? ജിന്ന്, സിഹ്റ് വിഷയങ്ങളില്‍ പരസ്പര വിരുദ്ധമായ നിലപാടുകളാണ് മടവൂര്‍ വിഭാഗം പണ്ഡിതര്‍ പ്രചരിപ്പിക്കുന്നത്. ശബാബിന്റെ ചീഫ് എഡിറ്റര്‍ എഴുതുന്ന കാര്യങ്ങള്‍ ശിര്‍ക്കന്‍ വിശ്വാസമാണെന്ന് അതേ ശബാബില്‍ അബ്ദുസ്സലാം സുല്ലമി കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നു. മടവൂരികളുടെ ഔദ്യോഗിക അഭിപ്രായമായി പരിഗണിക്കുന്ന ശബാബിലെ ചോദ്യോത്തര പംക്തിയായ ‘മുസ്ലിം’ സിഹ്റ് ഫലിച്ചേക്കാമെന്ന് പറയുമ്പോള്‍, അതേ ശബാബില്‍ സുല്ലമി എഴുതുന്നു “സാഹിറിനെ ഒരിക്കലെങ്കിലും സഹായിക്കാന്‍ പിശാചിന് കഴിയുമെന്ന് വിശ്വസിച്ചാല്‍ അയാളുടെ വിശ്വാസത്തില്‍ ശിര്‍ക്ക് വരും” എന്ന്! നബി(സ്വ)ക്ക് സിഹ്റ് ബാധിച്ചു എന്ന് വിശദീകരിക്കുന്ന ഹദീസിനെ തള്ളരുത് എന്ന് ഒരാള്‍ എഴുതുമ്പോള്‍ മറ്റെയാള്‍ എഴുതുന്നു, ഇത് ക്വുര്‍ആനിന് വിരുദ്ധവും അന്തവിശ്വാസ പ്രചാരണവുമാണെന്ന്! ജിന്നുകള്‍ കട്ട് കേള്‍ക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്ന് ഒരാള്‍ എഴുതുമ്പോള്‍ മറ്റൊരാള്‍ക്ക് ഇത് ക്വുര്‍ആനിന് വിരുദ്ധവും അന്ധവിശ്വാസവുമാണ്! ഇതുപോലെ തൌഹീദുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടാണ് മടവൂര്‍ വിഭാഗത്തിലെ പണ്ഡിതന്മാര്‍ക്കുള്ളത്. അബ്ദു റഊഫ് മദനിയുടെ പ്രസംഗം കേള്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം, സലാം സുല്ലമിയും ശിഷ്യരായ മൂന്ന് പ്രസംഗകരും ബുഖാരിയിലെ ഹദീസിനെ തള്ളുന്നവരും ഹദീസ് നിഷേധികളുമാണ്. അബ്ദുല്ലതീഫിന്റെയോ അലിയുടെയോ പ്രസംഗം കേട്ടാല്‍, അബ്ദൂ റഊഫ് മദനിയും ചെറിയമുണ്ടവും സി എം മൌലവി ആലുവയും, എം ഐ തങ്ങളുമൊക്കെ ശിര്‍ക്കന്‍ വിശ്വാസക്കാരും ക്വുര്‍ആനിനെ നിഷേധിക്കുന്നവരും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുമാണ്. രണ്ട് വിഭാഗത്തിനും പ്രസംഗിക്കാനുള്ള വേദി മടവൂരികള്‍ ഒരുക്കിക്കൊടുക്കും. രണ്ട് ഗ്രൂപ്പിന്റെയും പ്രസംഗ കാസറ്റുകള്‍ മടവൂരികള്‍ തന്നെ വില്‍പന നടത്തുകയും ചെയ്യും. ഇതിലേതാണ് ശരിയെന്ന് മടവൂര്‍ നേതൃത്വത്തിന് തന്നെ നിശ്ചയമില്ല. ഇത് പോലെയൊരു മത സംഘടന ആര്‍ക്കെങ്കിലും പരിചയമുണ്ടോ! വാസ്തവത്തില്‍ മടവൂരികള്‍ക്ക് ഒരു സംഘടനാ സംവിധാനമോ, നേതൃത്വമോ ഉണ്ടോ? അതോ ഇത് ഒരു ആള്‍ക്കൂട്ടം മാത്രമാണോ? സാഹിറന്‍മാരെയും ജ്യോത്സ്യന്‍മാരെയും പിശാച് സഹായിക്കാമെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം വരുന്ന മടവൂര്‍ വിഭാഗം പണ്ഡിതരുടെ കൂടെ സിഹ്റില്‍ യാഥാര്‍ത്ഥ്യമില്ല എന്ന് വിശ്വസിച്ചിരുന്ന സലാം സുല്ലമി പ്രവര്‍ത്തിക്കുന്നത് കൊണ്ട് വലിയ അപകടം ഇല്ല. എന്നാല്‍ “ഒരിക്കലെങ്കിലും സാഹിറിന്റെ(മനുഷ്യന്റെ) ആവശ്യപ്രകാരം പിശാച് സാഹിറിനെ സഹായിക്കും എന്ന് വിശ്വസിച്ചാല്‍ അയാളുടെ വിശ്വാസത്തില്‍ ശിര്‍ക്ക് വന്നു” എന്ന പുതിയ തൌഹീദ് നിര്‍വ്വചനം സലാം സുല്ലമി 2006 ല്‍ അവതരിപ്പിച്ചതോട്കൂടി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗം മടവൂരി പണ്ഡിതരും ശിര്‍ക്കന്‍ വിശ്വാസക്കാരായി മാറിക്കഴിഞ്ഞു. പിന്നെ എങ്ങിനെയാണ് അദ്ദേഹത്തിന് ശിര്‍ക്കന്‍ വിശ്വാസക്കാര്‍ ചീഫ് എഡിറ്ററും, എഡിറ്ററുമായിട്ടുള്ള ശബാബുമായും ഹദീസ് സമാഹാരമായും സഹകരിക്കാന്‍ കഴിയുന്നത്. സാമ്പത്തിക ലാഭത്തിന് വേണ്ടി ആരുമായും കൂട്ട് കൂടാം എന്നാണോ? അടിസ്ഥാന വിഷയങ്ങളിലെ ആശയ വൈരുദ്ധ്യവും പരസ്പര ശിര്‍ക്കാരോപണവും നടക്കുമ്പോഴും, ഇവരെയാരെയെങ്കിലും ഉപദേശിക്കാനോ, ശാസിക്കാനോ, അഭിപ്രായ വിത്യാസമുള്ള കാര്യങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാനോ ഉള്ള ഇഛാശക്തി, സുല്ലമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നട്ടെല്ല്’ മടവൂരികളുടെ പണ്ഡിത സംഘടനക്കില്ല എന്നതാണ് ഏറെ ഖേദകരം. ഇത് പോലെ ഗതികേടിലായ ഏത് മതസംഘടനയുണ്ട് കേരളത്തില്‍. എന്തിനാണ് പരിഹാസ കഥാപാത്രമായി ഇവര്‍ക്ക് ഒരു പണ്ഡിത സംഘടന!! നാണക്കേട് എന്നല്ലാതെ എന്ത് പറയാന്‍ !! ഒന്നുകില്‍, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയെ ശിര്‍ക്കന്‍ വിശ്വാസക്കാരനായി ചിത്രീകരിക്കുന്ന സലാം സുല്ലമിയുടെ പ്രമാണ വിരുദ്ധമായ ലേഖനങ്ങള്‍ ശബാബില്‍ നിന്ന് ഒഴിവാക്കുക. അല്ലെങ്കില്‍, ചെറിയമുണ്ടത്തെ ശബാബിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുക. ചീഫ് എഡിറ്ററില്‍ ശിര്‍ക്ക് ആരോപിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഏക മുസ്ലിം വാരിക എന്ന ദുഷ്പ്പേര് മാറ്റാന്‍ വേണ്ടി ഇത്രയെങ്കിലും ചെയ്യാനുള്ള ‘നട്ടെല്ല്’ മടവൂര്‍ വിഭാഗം നേതാക്കള്‍ കാണിക്കണമെന്നാണ് എനിക്ക് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്.
No comments:
Post a Comment
Note: only a member of this blog may post a comment.