മുജാഹിദ്
പ്രസ്ഥാനത്തെ മറ്റുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ നിന്നും
ഭിന്നമായി നോക്കിക്കാണുകയും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍
നിശ്ശബ്ദമായി സന്തോഷിക്കുകയും തളര്‍ച്ചയില്‍ മാനസികമായി വേദനിക്കുകയും
ചെയ്യുന്ന നിഷ്പക്ഷമതികളായ പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ-സാമുദായിക
നേതാക്കള്‍ക്കും നെറ്റി ചുളിച്ചിലുണ്ടാക്കുന്ന തലക്കെട്ടാണ്
ഈ ലേഖനത്തിന് നല്‍കിയിട്ടുള്ളത് എന്ന് എനിക്ക് നന്നായി അറിയാം.
അങ്ങനെ നെറ്റി ചുളിക്കുന്നവരുടെ മനസ്സില്‍, മുക്കാല്‍ നൂറ്റാണ്ട് മുമ്പുള്ള
കേരള മുസ്‌ലിംകളുടെ ദയനീയ ചിത്രം കല്ലില്‍ കൊത്തി വെച്ചത് പോലെ മായാതെ
കിടപ്പുണ്ട്. ദിക്കും ദിശയും ലക്ഷ്യവും മാര്‍ഗ്ഗവുമറിയാതെ ഒരു മൊട്ടക്കുന്നിന്
മുകളില്‍ പകച്ച് നില്‍ക്കുന്ന ഒരു സമുദായത്തിന്റെ ചിത്രമാണത്.
ഭാഷയും വേഷവും മാന്യമല്ലാതിരുന്ന, സിനിമകളിലെയും നാടകങ്ങളിലെയും
സ്ഥിരം പരിഹാസ കഥാപാത്രങ്ങളായിരുന്ന ഒരു ജനതയുടെ കോമാളി പരിവേഷമുള്ള
ചിത്രമാണത്. പതിനാല് നൂറ്റാണ്ട് മുമ്പ് അറേബ്യന്‍ മണലാരണ്യത്തില്‍
കുഴിച്ച് മൂടപ്പെട്ട ജീര്‍ണിച്ച പല സംസ്‌കാരങ്ങളുടെയും അവശിഷ്ടങ്ങളില്‍
ചിലത് ഈ ഉത്തമ സമുദായത്തിന്റെ ദേഹത്ത് പറ്റി പിടിച്ചിരുന്നു.
മതബോധവും വര്‍ഗ്ഗബോധവും രാഷ്ട്രീയ ബോധവും ഈ സമുദായത്തിന്റെ മക്കളില്‍
നിന്നും അകറ്റി നിര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു.
സമുദായത്തെ നേരായ പാതയില്‍ നയിക്കേണ്ട പണ്ഡിതന്‍മാര്‍ അവരെ
നാശത്തിന്റെ പടുകുഴിയില്‍ ചാടിക്കുകയായിരുന്നു. രോഗം വന്നാല്‍ അനുവദനീയമായ
ചികിത്സാരീതികള്‍ സ്വീകരിക്കേണ്ടതിന് പകരം, മാലകളിലും നൂലുകളിലും
മൗലിദുകളിലും കുത്ത്‌റാതീബുകളിലും മന്ത്രവാദക്കളങ്ങളിലും ഈ സമുദായത്തെ
തളച്ചിട്ടത് മതപുരോഹിതന്‍മാരായിരുന്നു. പരിശുദ്ധ ക്വുര്‍ആനിന്റെയും
തിരുസുന്നത്തിന്റെയും അനുയായികളായി ജീവിക്കേണ്ടതിന് പകരം, മതപുരോഹിതന്മാരുടെയും
ജന്‍മി തമ്പുരാക്കന്‍മാരുടെയും അടിമകളായി നാളുകള്‍ തള്ളി
നീക്കുകയായിരുന്നു ഈ ഉത്തമ സമുദായത്തിന്റെ മക്കള്‍. അങ്ങനെയങ്ങനെ
എല്ലാ രംഗത്തും നടുവൊടിഞ്ഞ് ജീവിതം നടന്ന് തീര്‍ത്തിരുന്ന ഒരു സമുദായത്തിന്റെ
പരിതാപകരമായ ചരിത്രം കണ്ടും കേട്ടും അനുഭവിച്ചും ജീവിച്ചിരുന്നവര്‍
പൂര്‍ണമായും കുറ്റിയറ്റ് പോയിട്ടൊന്നുമില്ല ഇപ്പോഴും. ആ സമുദായത്തെ
നടു നിവര്‍ത്തി നിര്‍ത്തിയത് മുജാഹിദ് പ്രസ്ഥാനമായിരുന്നു. ആ സമുദായത്തിന്
മുന്നില്‍ വഴി കാണിച്ച് കൊടുത്തതും ലക്ഷ്യം ചൂണ്ടിക്കാണിച്ച് കൊടുത്തതും
മുജാഹിദ് പ്രസ്ഥാനമായിരുന്നു. ആ സമുദായത്തിന് മുന്നില്‍ കൊട്ടിയടക്കപ്പെട്ട
വിദ്യാഭ്യാസ-രാഷ്ട്രീയ-സാംസ്‌കാരിക കവാടങ്ങള്‍ ചവിട്ടിത്തുറന്ന്
കൊടുത്ത് അവരെ മുന്നോട്ട് കുതിക്കാന്‍ പ്രാപ്തരാക്കിക്കൊടുത്തത്
മുജാഹിദ് പ്രസ്ഥാനമായിരുന്നു. ആ സമുദായത്തിന് മുന്നില്‍
പരിശുദ്ധ ക്വുര്‍ആന്‍ നിവര്‍ത്തി വെച്ച് കൊടുത്ത് അതിന്റെ പരിശുദ്ധ
താളുകളിലൂടെ ചൂണ്ടുവിരല്‍ പായിച്ചത് മുജാഹിദ് പ്രസ്ഥാനമായിരുന്നു. ആ
സമുദായത്തിന്റെ മുന്നില്‍ പ്രവാചകന്റെ ഉദാത്തമായ ജീവിത രീതികള്‍ പറഞ്ഞ് കൊടുത്തത്
മുജാഹിദ് പ്രസ്ഥാനമായിരുന്നു. അതുവരെ മാലകളായിരുന്നു അവരുടെ പ്രമാണം.
ക്വീലകളായിരുന്നു അവരുടെ ദീന്‍. കിളിപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും
കുപ്പിപ്പാട്ടുകളും കപ്പപ്പാട്ടുകളുമായിരുന്നു അവരുടെ ആവേശം. അവിടെ
നിന്നും തിരിഞ്ഞ് നടക്കാന്‍ ശീലിച്ച് ക്വുര്‍ആനിന്റെ മാസ്മരികതയിലും
പ്രവാചക ചര്യകളുടെ സ്മരണകളിലും അനുഭൂതിയും ആവേശവും കണ്ടെത്താന്‍
ഈ സമുദായം ശീലിച്ചത് മുജാഹിദ് പ്രസ്ഥാനത്തിന്റെ രംഗപ്രവേശത്തോട്
കൂടിത്തന്നെയായിരുന്നു. ചിലരെല്ലാം ഇപ്പോള്‍ മനപ്പൂര്‍വ്വം മറക്കാന്‍
ശ്രമിക്കുന്ന, എന്നാല്‍
എത്ര തന്നെ തൂത്താലും തുടച്ചാലും മായ്ക്കാന്‍ കഴിയാത്ത
ഇന്നലെകളുടെ കരിപുരണ്ട ചരിത്രമാണത്. അങ്ങനെ, മുജാഹിദ് പ്രസ്ഥാനത്തിന്റെ
ശക്തമായ ഇടപെടലുകള്‍ കാരണം നടു നിവര്‍ന്ന് നിന്ന സമുദായത്തെ
തോളിലേറ്റി ഓടി ഫിനിഷിംഗ് പോയിന്റിലെത്താന്‍ ചിലരൊക്കെ ശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും
ശ്രമിക്കുന്നുമുണ്ട്. അതിവിടെ പറയാതിരിക്കാന്‍ കഴിയില്ല. ‘എട്ടുകാലി
മമ്മൂഞ്ഞ്’ ബേപ്പൂര്‍
സുല്‍ത്താന്റെ തൂലികയില്‍ ജന്‍മം കൊണ്ടതാണെങ്കിലും ആ
കഥാപാത്രം ചരിത്രത്തിന്റെ ഇടനാഴികളിലെല്ലാം കാണപ്പെട്ടിട്ടുണ്ട്. അതങ്ങനെ
കരുതി അവഗണിച്ചാല്‍ മതി. പക്ഷെ, ‘വിറകുവെട്ടികളും വെള്ളംകോരികളും ചാണകം വാരികളു’മായി അധഃപതനത്തിന്റെ പടുകുഴിയില്‍
മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന ഒരു സമുദായത്തെ ഇന്നീ കാണുന്ന കോലത്തിലെങ്കിലും
ആക്കിത്തീര്‍ത്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ചാലകശക്തി
ആര് എന്ന ചോദ്യത്തിന്, ‘മുജാഹിദ്
പ്രസ്ഥാനം’ എന്ന്
തറപ്പിച്ചും ഉറപ്പിച്ചും
പറയും, ചരിത്രത്തോട്
നീതി പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാളും. ആ മുജാഹിദ്
പ്രസ്ഥാനത്തിന്റെ സംഘടനാ സംവിധാനമായ കെ എന്‍ എം എന്ന സംഘടനയെക്കുറിച്ചാണ്
”അതൊരു
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ?” എന്ന് ഈയുള്ളവന്‍
ചോദിക്കുന്നത്. അപ്പോള്‍ പലരുടെയും നെറ്റി ചുളിയുക സ്വാഭാവികമാണ്.
അത്തരക്കാരെ തെറ്റ് പറയാന്‍ ഞാനാളല്ല. പകരം, ഞങ്ങളറിഞ്ഞതിന്റെ
ആയിരത്തിലൊന്ന് അവരറിഞ്ഞിട്ടില്ല എന്ന് ഒറ്റവാക്കില്‍ പറയുക
മാത്രമേ ചെയ്യുന്നുള്ളൂ. പക്ഷെ, ഒരു നവോത്ഥാന പ്രസ്ഥാനം അല്ലെങ്കില്‍ ഒരു സാംസ്‌കാരിക പ്രസ്ഥാനം
അതിന്റെ ജന്‍മം മുതല്‍ പിന്നീടങ്ങോട്ട് എല്ലാ കാലത്തും ഒരേ
നിലപാടില്‍ പോയതിന് ചരിത്രത്തില്‍ ഒരു തെളിവ് പോലും കാണുന്നില്ല.
സമൂഹത്തെ അപചയത്തില്‍ നിന്നും കര കയറ്റാന്‍ കടന്നു വന്ന പല പ്രസ്ഥാനങ്ങളെയും
കാലക്രമേണ അപചയം പിടികൂടിയിട്ടുണ്ടെന്നാണ് ചരിത്രം നല്‍കുന്ന
പാഠം. എങ്കിലും, ഇന്നലെകളില്‍
സാത്വികരും നിഷ്‌കളങ്കരും നിസ്വാര്‍ത്ഥരുമായിരുന്ന കുറെ
മഹാരഥന്‍മാര്‍ നയിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ മൂക്കുകയര്‍
ഇന്ന് സ്വാര്‍ത്ഥമോഹികളും സ്വജനപക്ഷപാതികളും കച്ചവടക്കാരും
കുതന്ത്രക്കാരുമായ ഒരുപറ്റം ആളുകളുടെ കയ്യിലെത്തിയപ്പോള്‍ ഈ പ്രസ്ഥാനത്തെ
ബാധിച്ചത് കേവലം അപചയമല്ല. മറിച്ച്, അവര്‍ണനീയമായ അധമത്വമാണ്. നെറ്റി
ചുളിക്കുന്നവരും ന്യായീകരണങ്ങളുമായി നടക്കുന്നവരും അറിയേണ്ട ചില കാര്യങ്ങളാണ്
ഈ ലേഖനത്തില്‍ കൊണ്ടു വരുന്നത്. ഇത് വായിച്ച് കഴിയുമ്പോള്‍, ”ഇങ്ങനെയൊക്കെ
സംഭവിക്കുമോ?” എന്ന് പലര്‍ക്കും
തോന്നാം. പക്ഷെ, കെട്ടുകഥകളേക്കാള്‍
ഭീകരമാണ് പലപ്പോഴും യാഥാര്‍ത്ഥ്യങ്ങള്‍. വൈകിയറിഞ്ഞ ചില സത്യങ്ങളാണിതൊക്കെ.
ഇതെല്ലാം അറിഞ്ഞപ്പോള്‍ ഒരൊറ്റ ചിന്തയേ ഈയുള്ളവന്റെ മനസ്സില്‍
ഉണ്ടായിട്ടുള്ളൂ. ഈ നേതൃത്വത്തെയാണല്ലോ നാം ഇത്രയും കാലം ബഹുമാനിച്ചത്!
ആദരിച്ചത്! ഇവര്‍ക്ക് വേണ്ടിയാണല്ലോ നാം എതിരാളികളുമായി കലഹിച്ചത്!
ശണ്ഠ കൂടിയത്! ഇങ്ങനെയൊക്കെയായിരുന്നുവോ ഇവര്‍?! അല്ലെങ്കില്‍, മുജാഹിദ്
പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്നവര്‍ക്ക് ഇങ്ങനെയൊക്കെയാകാന്‍ കഴിയുമോ?! ഇത്തരം
കുത്സിത പ്രവര്‍ത്തനങ്ങളിലൂടെ ഇവരെന്താണ് ലക്ഷ്യമിടുന്നത്? ”പരലോകത്തിലെ
ശാശ്വത വിജയം” എന്ന്
പറഞ്ഞാല്‍ സമ്മതിക്കില്ല
ഞങ്ങള്‍. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തില്‍ ചതിക്കും വഞ്ചനക്കും
ഒളിപ്പോരിനും കുതികാല്‍വെട്ടിനും കുപ്രചാരണങ്ങള്‍ക്കും സ്ഥാനമില്ല.
ആ മാര്‍ഗ്ഗത്തിന്റെ പേര് ‘സ്വിറാതുല്‍
മുസ്ത്വകീം’ എന്നാകുന്നു.
എന്നാല്‍, അന്യായമായ
വഴിയിലൂടെ അപഥ സഞ്ചാരം നടത്തുന്ന കെ എന്‍ എമ്മിന്റെ ഇന്നത്തെ
നേതൃത്വത്തിന് പിന്നിട്ട വഴിയിലെപ്പഴോ കൈമോശം വന്നൊരു പദം
കൂടിയാകുന്നു ‘സ്വിറാതുല്‍
മുസ്ത്വകീം’ എന്നത്. കെ
എന്‍ എമ്മിന്റെ ഇന്നത്തെ
നേതൃത്വം ലക്ഷ്യമിടുന്നത് സാമ്പത്തിക നേട്ടമാണോ? അവര്‍ ലക്ഷ്യമിടുന്നത്
അധികാരത്തിന്റെ ഇടനാഴികളിലൊരു ഇടമാണോ? അവര്‍ ലക്ഷ്യമിടുന്നത്
ദുനിയാവിലെ മറ്റു സുഖസൗകര്യങ്ങളിലെ അനുഭൂതികളാണോ? അതോ അവര്‍
ലക്ഷ്യമിടുന്നത് സലഫിയ്യത്തിന്റെ ‘പുലകുളിയടിയന്തിര’മാണോ? അറിയില്ല. പക്ഷെ
ഒന്നറിയാം. കെ എന്‍ എമ്മിന്റെ നേതൃത്വം എന്ന ‘തല’കളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്
ചില വാലുകളാണ്. ആ വാലുകളെ നിയന്ത്രിക്കുന്നത് ആര് എന്ന ചോദ്യം
മാത്രമാണ് ബാക്കി. ഇസ്രായേലിലോ അമേരിക്കയിലോ ഇരിക്കുന്ന ഏത് ജൂത തലച്ചോറുകളാണ്
ഇതിന്റെ പിന്നിലുള്ളത് എന്നത് കാലം തെളിയിച്ചു കൊള്ളും. കേരളമെന്ന ‘ഠ’ വട്ടത്തിലെ
സലഫികളുടെ ഭിന്നിപ്പില്‍ ജൂതലോബിക്കോ അമേരിക്കക്കോ എന്തുകാര്യം എന്ന്
വായനക്കാര്‍ അത്ഭുതം കൂറുകയൊന്നും വേണ്ട. ലോകത്തിലാദ്യമായി ബാലറ്റിലൂടെ
അധികാരത്തില്‍ വന്ന 1957 ലെ ഇ എം
എസ്സിന്റെ നേതൃത്വത്തിലുള്ള
കമ്യൂണിസ്റ്റ് മന്ത്രിസഭ മൂക്കു കുത്തി വീണതിന് പിന്നില്‍ അമേരിക്കയുടെ
കരങ്ങളുണ്ടായിരുന്നു എന്നത് പിന്നീടുള്ള കാലങ്ങളില്‍ ചര്‍ച്ചക്ക്
വന്ന വിഷയമാണ്. എന്തൊക്കെ ഭൂകമ്പങ്ങള്‍ നടന്നാലും, അതാരൊക്കെ നടത്തിയാലും
ഒന്നുറപ്പാണ്. കുതന്ത്രങ്ങള്‍ക്കും അതിന്റെ പിണിയാളുകള്‍ക്കും എന്നും താല്‍ക്കാലിക
വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ. സത്യത്തിനെന്നും പതിനാറാണ്
പ്രായം. സത്യം, നീതി, ധര്‍മം, ന്യായം എന്നീ
വികാരങ്ങളുടെ ഉറവകള്‍ എന്നോ വറ്റിപ്പോയ കെ എന്‍ എമ്മിന്റെ ഇന്നത്തെ നേതൃത്വം കീറച്ചാക്കിട്ട് മൂടിയാലൊന്നും
ഒളി മങ്ങുന്നതല്ല സത്യത്തിന്റെ പൊന്‍കിരണങ്ങള്‍. ആമുഖം അല്‍പം ദീര്‍ഘിച്ചതില്‍
വായനക്കാര്‍ ക്ഷമിക്കുക. ഞാന്‍ വിഷയത്തിലേക്ക് വരാം.
സംഘടനാ
രൂപീകരണത്തിന്റെ ലക്ഷ്യവും ഇന്ന് സംഘടനയുടെ അവസ്ഥയും
സമുദായത്തെ
സലഫുകളുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോട രൂപീകരിക്കപ്പെട്ട
കേരള ജംഇയ്യത്തുല്‍ ഉലമ (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്
ഉലമാ സംഘം) എന്ന പണ്ഡിത സംഘടനയുടെ തുടര്‍ച്ചയെന്നോണം സാത്വികരായ ഒരുപറ്റം
മഹാന്‍മാര്‍ കോഴിക്കോട് കേന്ദ്രമാക്കി 1950 ല്‍ രൂപീകരിച്ചതാണ് കെ എന്‍ എം എന്ന
സംഘടന. 1957 ല്‍ 2/1957-ാം നമ്പ്രായി
സൊസൈറ്റീസ് ആക്ട് പ്രകാരം
രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയാണ് കെ എന്‍ എം. എന്നാല്‍, കഴിഞ്ഞ
ഏതാനും വര്‍ഷങ്ങളായി സംഘടനയുടെ പോക്കും സംഘടനാ നേതാക്കളുടെ
രീതിയും കാണുമ്പോള്‍ മറിച്ച് ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു.
അതുകൊണ്ടാണ് ”കെ എന്‍ എം
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ?” എന്ന് നമുക്ക്
ചോദിക്കേണ്ടി വരുന്നത്. സംഘടനാതലത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്ക്
വിധേയമാക്കി സുതാര്യമായി നടപ്പിലാക്കേണ്ടുന്ന പല കാര്യങ്ങളും
ഒരു പ്രത്യേക ഉപജാപകസംഘം തീരുമാനിക്കുകയും കെ എന്‍ എം നേതൃത്വത്തിന്റെ
ബാനറില്‍ അത് നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് ഇന്നുള്ളത്.
മുജാഹിദുകളുടെ ചോരയും നീരും വിയര്‍പ്പും പ്രാര്‍ത്ഥനയും അടിത്തറയാക്കി
അതിനു മുകളില്‍ പടുത്തുയര്‍ത്തിയ മുജാഹിദ് സെന്റര്‍ ഇന്ന് ചില
കച്ചവടക്കാര്‍ക്കും കുതന്ത്രക്കാര്‍ക്കും ഗുണ്ടകള്‍ക്കും കേറി നിരങ്ങാനുള്ള
ഇടത്താവളമായി മാറിയിരിക്കുന്നു എന്നഭിപ്രായപ്പെടുന്ന പ്രവര്‍ത്തകര്‍
കുറവല്ല. അബ്ദുറഹ്മാന്‍ സലഫി എന്ന് വിളിക്കപ്പെടുന്ന മങ്കട അബ്ദുറഹ്മാന്‍
മൗലവി എന്ന മനുഷ്യന്റെ ഏത് തിട്ടൂരവും നടപ്പിലാക്കാനുള്ള ഒരു ക്വട്ടേഷന്‍
സംഘത്തിന്റെ താവളമാണോ മുജാഹിദ് സെന്റര്‍ എന്ന് തോന്നിപ്പോകുന്ന
രീതിയിലാണ് ഇപ്പോഴവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. ആദര്‍ശപരമായി
മുജാഹിദ് പ്രസ്ഥാനത്തോട് കടുത്ത വിരോധം വെച്ചു പുലര്‍ത്തുന്ന കാന്തപുരം
വിഭാഗത്തിലെ പ്രവര്‍ത്തകര്‍ക്ക് പോലും ഏത് സമയത്തും ധൈര്യസമേതം കയറി
വരാമായിരുന്നു ഒരു കാലത്ത് നമ്മുടെ ആസ്ഥാന ആലയത്തില്‍. എന്തൊക്കെ അസൗകര്യങ്ങളുണ്ടായിരുന്നെങ്കിലും
ആനിഹാള്‍ റോഡിലെ നമ്മുടെ പഴയ മുജാഹിദ് സെന്ററിന് അങ്ങനെയൊരു
ഗുണമുണ്ടായിരുന്നു. എന്നാലിന്ന്, ഏതെങ്കിലും കാലത്ത് മങ്കട അബ്ദുറഹ്മാന്‍ മൗലവിയുടെ മുഖത്തേക്കൊന്ന് തുറിച്ച് നോക്കിയവന് പോലും പുതിയ
മുജാഹിദ് സെന്ററിനുള്ളിലേക്ക് കേറാന്‍ പറ്റാതായിരിക്കുന്നു.
2011 ജൂണ്‍ അഞ്ചിന്
മങ്കട അബ്ദുറഹ്മാന്‍ മൗലവിയും നൂര്‍ മുഹമ്മദ് നൂര്‍ഷയും
മുജാഹിദ് സെന്ററില്‍ വിളിച്ച് ചേര്‍ത്ത ഒരു ഗ്രൂപ്പ് യോഗമായിരുന്നു
ഇന്ന് പ്രസ്ഥാനത്തെ മുച്ചൂടും നശിപ്പിച്ച ഈ പ്രശ്‌നങ്ങളുടെ മുഴുവന്‍
നാരായവേര്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കടുത്ത ഹദീസ് നിഷേധികളും
അക്വ്‌ലാനികളുമായിരുന്നു ആ യോഗത്തില്‍ പങ്കെടുത്തത്. എ പിയും ടി
പിയുമറിയാതെ മങ്കട അബ്ദുറഹ്മാന്‍ മൗലവി സംഘടനാ ആസ്ഥാനത്ത് ഒരു ഗ്രൂപ്പ്
യോഗം വിളിക്കണമെങ്കില്‍ അയാള്‍ക്ക് ഈ സംഘടനയിലുള്ള അപ്രമാദിത്വം എത്രത്തോളമാണെന്ന്
മനസ്സിലാക്കാം. അന്ന് ഞാനടക്കമുള്ളവരെ ഞെട്ടിച്ച ഒരു കാര്യം, ആ യോഗത്തില്‍
ഹനീഫ് കായക്കൊടിയും അനസ് മൗലവിയും പങ്കെടുത്ത് സംസാരിച്ചു
എന്നതായിരുന്നു. അന്നാ മീറ്റിംഗ് കഴിഞ്ഞ് എന്റെ വീട്ടിലേക്ക് കായക്കൊടിയും
അനസ് മൗലവിയും വന്നത് രാത്രി ഏകദേശം 12 മണിക്ക് ശേഷമാണെന്നാണ് എന്റെ ഓര്‍മ്മ.
സി ഡി ടവറിലെ ഗ്രൂപ്പ് മീറ്റിംഗിനെക്കുറിച്ച് അപ്പോഴേക്കും മുഖ്യധാരയിലുള്ള
പ്രവര്‍ത്തകരുടെ മൊബൈലിലേക്കൊക്കെ മെസേജ് പാസ് ചെയ്തിരുന്നു.
”നിങ്ങളതിലെങ്ങനെ
പങ്കെടുത്തു?” എന്ന എന്റെ
ചോദ്യത്തിന് അന്ന് ഹനീഫ്
കായക്കൊടി പറഞ്ഞത്, ”എന്നെയും
അനസിനെയും വിളിച്ചത് നൂര്‍ഷക്കയാണ.് (എ പിയും ടി പിയും വിളിച്ചാല്‍ ചെല്ലാത്തിടത്തേക്ക് വരെ നൂര്‍ഷ
വിളിച്ചാല്‍ ‘വാടക
പ്രാസംഗികര്‍’ എന്ന് കെ
എന്‍ എമ്മിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അഹ്മദ് സാഹിബ് തന്നെ വിശേഷിപ്പിച്ച ഈ രണ്ട് പേരും ചെല്ലും)
ഞങ്ങളവിടെ ചെന്ന് നോക്കുമ്പോള്‍ വേലായുധന്റെ പാമ്പിന്‍കൂട് തുറന്ന പോലെ സകലമാന
വിഷപ്പാമ്പുകളും അവിടെയുണ്ട്” എന്നായിരുന്നു. പ്രൊ: അബ്ദു, ഡോ: മുഹമ്മദ് കുഞ്ഞി, നാണി ഹാജി, റസാഖ് ബാഖവി, നിഅ്മത്തുല്ലാ
ഫാറൂഖി, കെ വി അബ്ദുല്ലത്തീഫ്
മൗലവി, മായിന്‍കുട്ടി
സുല്ലമി, കെ കെ പി
അബ്ദുല്ല, ഹാരിസ് ചേറൂര്‍, പയ്യന്നൂര്‍
ടീം തുടങ്ങിയവരായിരുന്നു ഹനീഫ് കായക്കൊടി അന്ന് പറഞ്ഞ ആ ‘വിഷപ്പാമ്പുകള്‍’. ഇതില്‍ കെ കെ
പി അബ്ദുല്ല, ഹാരിസ്
ചേറൂര്‍ എന്നീ രണ്ട് പേരെ
പിന്നീട് കെ ജെ യു വേദിയില്‍ വെച്ച് ഹനീഫ് കായക്കൊടി തന്നെ വിശേഷിപ്പിച്ചത്, ”മുജാഹിദ്
പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വന്ന ഗൂഢസംഘത്തിലെ കണ്ണികള്‍” എന്നായിരുന്നു.
ഇതേ ഹാരിസ് ചേറൂരാണ് ഇപ്പോഴത്തെ കോക്കസിന്റെ അഡ്‌ഹോക്ക് ഐ
എസ് എമ്മിന്റെ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എന്നതും കൂടി ചേര്‍ത്ത്
വായിച്ചാല്‍ വൈരുദ്ധ്യം പൂര്‍ണമാകും. മേല്‍പറഞ്ഞ അക്വ്‌ലാനികളെയാണ്
ഹനീഫ് കായക്കൊടി അന്ന് ”വേലായുധന്റെ
പാമ്പിന്‍കൂട്” എന്ന് വിശേഷിപ്പിച്ചത്.
”മനുഷ്യന്റെയത്ര
വിഷമില്ല പാമ്പുകള്‍ക്ക്” എന്ന് ഒരിക്കല്‍
വേലായുധന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വേലായുധാ, ഈ ഉഗ്രവിഷമുള്ള
സാധനങ്ങളെ താങ്കളുടെ പാമ്പുകളോട് ഉപമിച്ചതിന് മാപ്പ്. ആ പാമ്പിന്‍കൂട്ടിലെ
പുതിയ മൂര്‍ഖനാണ് ഹനീഫ് കായക്കൊടി എന്നത് കാലത്തിന്റെ മറിമായം
എന്നല്ലാതെ എന്ത് പറയാന്‍? അന്നാ ചര്‍ച്ചയില്‍
ഉണ്ടായ ഒരു സംഭാഷണത്തെക്കുറിച്ച്
ഹനീഫ് കായക്കൊടി എന്നോട് പറയുകയും പിന്നീട് അല്ലാഹുവിന്റെ പേരില്‍
നിഷേധിക്കുകയും, ”ശരി, ഇനി ഇതിന്റെ
സത്യം റബ്ബ് തെളിയിക്കട്ടെ, ഈ കേസ് ഞാന്‍
ആ കോടതിയിലേക്ക് വിട്ടിരിക്കുന്നു” എന്ന് ഞാന്‍
പറയുകയും ഈയടുത്ത് അതിന്റെ നിജസ്ഥിതി പുറത്ത് വരുകയും ചെയ്ത ഒരു വിഷയമുണ്ട്.
കാലം തെളിയിച്ച കായക്കൊടിയുടെ ഒരു കാപട്യമാണത്. ആവശ്യമെങ്കില്‍ അത് പിന്നീട്
വിവരിക്കാം. ഏതായാലും, ആ യോഗത്തില്‍
അന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ പ്രായോഗിക രൂപമാണ് പിന്നീട് കേരളത്തില്‍ നടപ്പിലാക്കപ്പെട്ടത്.
മഹത്തായ
മുജാഹിദ് പ്രസ്ഥാനം ഇന്ന് തെരുവില്‍ തല്ലാന്‍ കാരണമായത് പ്രധാനമായും
രണ്ട് വിഷയങ്ങളാണ്. അതിലൊന്നാണ് മുകളില്‍ സൂചിപ്പിച്ച സി ഡി ടവറിലെ
ഗ്രൂപ്പ് യോഗം. രണ്ടാമത്തേത്, എടവണ്ണ ജാമിഅയില്‍ നടന്ന സംയുക്ത കൗണ്‍സില്‍ യോഗമാണ്. എല്ലാ
ഘടകങ്ങളുടെയും കൗണ്‍സിലര്‍മാര്‍ മാത്രം പങ്കെടുക്കുന്ന ഒരു യോഗം
മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി വീഡിയോ
റെക്കോര്‍ഡ് ചെയ്യപ്പെടുകയും അതിന്റെ സി ഡി എതിരാളികളുടെ കയ്യില്‍ എത്തിക്കുകയും
ചെയ്തു. (സമ്മേളനപ്പന്തലില്‍ നടക്കുന്ന കൗണ്‍സില്‍ സമ്മേളനത്തിന്റെ
ഭാഗമായി ചിലപ്പോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടാറുണ്ട് എന്ന കാര്യം
വിസ്മരിക്കുന്നില്ല. എങ്കിലും അത് വിതരണം ചെയ്യപ്പെടാറില്ല.) മുകളില്‍
സൂചിപ്പിച്ച രണ്ട് കൊടുംചതികളാണ് പ്രസ്ഥാനത്തെ നശിപ്പിച്ചതും പ്രവര്‍ത്തകരെ
ചേരിതിരിച്ചതും. അതിന്റെ അനന്തരഫലമെന്തായിരുന്നുവെന്ന് ഇപ്പോള്‍
എടുത്തെഴുതേണ്ടതില്ലാത്ത വിധം വ്യക്തമാണ് കാര്യങ്ങള്‍. ഈ രണ്ട് ചതികള്‍ക്ക്
പിന്നിലും പ്രവര്‍ത്തിച്ച കുബുദ്ധിയുടെ കേന്ദ്രം എം അബ്ദുറഹ്മാന്‍
സലഫി എന്ന് വിളിക്കപ്പെടുന്ന മാനാതൊടി അബ്ദുറഹ്മാന്‍ മൗലവിയായിരുന്നു.
അയാളെ ‘മൗലവി’ എന്ന്
വിളിക്കാന്‍ പോലും വ്യക്തിപരമായി എനിക്ക് പ്രയാസമുണ്ട്. കാരണം, ഒരു
മൗലവിക്ക് ചേര്‍ന്ന പണിയല്ല അയാള്‍ ചെയ്തിട്ടുള്ളത്. ഒരു മൗലവിക്ക്
ചേര്‍ന്ന സംസാരങ്ങളല്ല അയാള്‍ നടത്തിയിട്ടുള്ളത്. ഒരു
മൗലവിക്ക് ചേര്‍ന്ന സ്വഭാവഗുണങ്ങളല്ല അയാളില്‍ സമ്മേളിച്ചിട്ടുള്ളത്.
ഞാനൊന്നുകൂടി തുറന്ന് പറയട്ടെ. ഇന്ന് മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ
സകല ഭിന്നിപ്പുകളുടെയും മൂലസ്രോതസ്സ് അയാളാണ്. അയാളൊന്ന്
മനസ്സ് വെച്ചിരുന്നെങ്കില്‍ പല പ്രശ്‌നങ്ങളും തീര്‍ക്കാമായിരുന്നു.
എന്നാല്‍, പ്രവര്‍ത്തകര്‍
ചേരിതിരിഞ്ഞ് തമ്മിലടിച്ചത് ഇയാള്‍ നടത്തിയ ഗ്രൂപ്പുയോഗവും
സംയുക്ത കൗണ്‍സിലിന്റെ സി ഡി പുറത്തു വിട്ട കാരണവുമാണ്. ആ ഭിന്നിപ്പിന്റെ
അനന്തര ഫലമെന്നോണമാണ് ബാപ്പമാര്‍ മക്കളെ വീടുകളില്‍ നിന്നും ഇറക്കി
വിട്ടത്. കെട്ടിപ്പിടിച്ച് നടന്നിരുന്ന മുജാഹിദ് പ്രവര്‍ത്തകരുടെ
മനസ്സുകളില്‍ ഇടച്ചുമര്‍ ഉയര്‍ന്നത് ഈ പ്രശ്‌നങ്ങള്‍ കാരണമാണ്. അയല്‍വാസികള്‍
തമ്മില്‍ കണ്ടാല്‍ മുഖം തിരിച്ച് നടക്കാന്‍ കാരണമായത് ഈ പ്രവര്‍ത്തനങ്ങള്‍
കാരണമാണ്. ജിന്നും ശൈത്വാനും വിവാദകഥാപാത്രങ്ങളായത് ഇന്നും
ഇന്നലെയുമൊന്നുമല്ല. 2002 ലെ സംഘടാന പിളര്‍പ്പിന്റെ
പിറ്റേന്ന് മുതല്‍ അതൊക്കെ തര്‍ക്കവിഷയങ്ങളായിട്ടുണ്ട്. എന്നിട്ടും
നീണ്ട പത്ത് കൊല്ലക്കാലം കെട്ടിപ്പിടിച്ചും ഹൃദയങ്ങള്‍ കൈമാറിയും
തന്നെയാണ് മുജാഹിദുകള്‍ കേരളത്തില്‍ പ്രബോധനം നടത്തിയത്. പക്ഷെ, എന്ന് ഇയാള്‍
മുഖ്യധാരയിലേക്ക് വന്നോ അന്ന് മുതല്‍ പ്രശ്‌നങ്ങളാണ് പ്രസ്ഥാനത്തില്‍.
അല്ല എന്ന് നിഷേധിക്കാന്‍ അയാളെയോ അയാളുടെ മുരീദുമാരെയോ ഞാന്‍ വെല്ലു
വിളിക്കുന്നു. ആണ് എന്ന് അനേകം കാര്യങ്ങള്‍ വെച്ച് തെളിയിക്കാന്‍
എനിക്ക് കഴിയും. ചിലതെല്ലാം തുറന്നെഴുതാന്‍ തന്നെയാണ് തീരുമാനം.
അതിനെ എങ്ങനെ വേണമെങ്കിലും അയാള്‍ നേരിട്ട് കൊള്ളട്ടെ. ഇന്ത്യയുടെ
മുന്‍പ്രധാനമന്ത്രി വി പി സിംഗ് ഒരു സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തോട്
നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ സുപ്രധാനമായൊരു വാചകമുണ്ട്. എക്കാലത്തും
ഏത് സമൂഹത്തിനിടയിലും പ്രസക്തമാണ് ആ വാചകങ്ങള്‍. അതിപ്രകാരമായിരുന്നു.
”പര്‍വ്വതങ്ങള്‍
നിങ്ങള്‍ വെട്ടിമുറിച്ചോളൂ. നദികളും സമുദ്രങ്ങളും ഭാഗിച്ചോളൂ.
എന്നാല്‍, മനുഷ്യ
ഹൃദയങ്ങള്‍ നിങ്ങള്‍ ഭാഗിക്കരുത്. കാരണം, അത് പിന്നീട്
കൂട്ടി യോജിപ്പിക്കാന്‍ വളരെ പ്രയാസമാണ്.” ഇന്നത്തെ കെ
എന്‍ എം നേതൃത്വം മനസ്സിരുത്തി വായിക്കേണ്ട ഒരു വാചകമാണിത്.
ഐക്യത്തെക്കുറിച്ചുള്ള ക്വുര്‍ആനിലെയും ഹദീസിലെയും വാചകങ്ങളൊന്നും
ഏതായാലും അവര്‍ക്ക് ബാധകമല്ലല്ലോ!
മുകളില്‍
പറഞ്ഞ രണ്ട് കുത്സിത പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ നടത്തിയിട്ടും അതിനെതിരില്‍
നിരന്തരം പരാതികള്‍ നേതൃത്വത്തിന് പോയിട്ടും അയാളെ വിളിച്ച് ഒന്ന്
അന്വേഷിക്കാനോ ശാസിക്കാനോ കെ എന്‍ എമ്മിന്റെ നേതൃത്വത്തിന് ചങ്കൂറ്റമുണ്ടായിട്ടില്ല.
സംയുക്ത കൗണ്‍സിലിന്റെ സി ഡി എതിരാളികളുടെ കൈയിലെത്തിച്ചത് ഇയാളാണ് എന്ന്
നേതൃത്വത്തിന് പരാതി കൊടുത്തത് സ്വന്തം ജേഷ്ഠനും കെ എന്‍ എമ്മിന്റെ
സംസ്ഥാന കൗണ്‍സിലറുമായ അബ്ദുല്ല സുല്ലമിയാണെങ്കില്‍, ഗ്രൂപ്പ്
യോഗത്തെക്കുറിച്ച് പരാതിപ്പെട്ടത് മുജാഹിദ് തറവാട്ടിലെ കാരണവരും ഏവരും
ആദരിക്കുന്ന വ്യക്തിത്വവുമായ കരുവള്ളി മുഹമ്മദ് മൗലവിയായിരുന്നു.
എന്നാല്‍, ആദ്യ
പരാതിക്കാരന്‍ അബ്ദുല്ല സുല്ലമി സംഘടനയില്‍ നിന്ന് തന്നെ
പുറത്തായെങ്കില്‍, കരുവള്ളി
മുഹമ്മദ് മൗലവി ഇപ്പോള്‍
നിലവിലുള്ള സ്റ്റേറ്റ് എക്‌സിക്യൂട്ടിവിന്റെ അയലത്തു പോലും അടുപ്പിക്കപ്പെട്ടില്ല.
ഇക്കഴിഞ്ഞ ഒരു ടേമില്‍ ചിരിച്ചു കൊണ്ട് വളരെ ലാഘവത്തോടെയും
ആര്‍ക്കും പരാതിയില്ലാതെയും കെ എന്‍ എമ്മിന്റെ സംസ്ഥാന എലക്ഷന്‍
നടത്തിയ ആളാണ് കരുവള്ളി എന്നോര്‍ക്കണം. ആ കരുവള്ളി എക്‌സിക്യൂട്ടീവിന്റെ
പുറത്ത്! കരുവള്ളിയുടെ ആയിരത്തിലൊന്നു പോലും ക്വാളിറ്റിയോ
പാരമ്പര്യമോ ഇല്ലാത്ത ഡോ: സുല്‍ഫിക്കര്‍ സംസ്ഥാന സെക്രട്ടറിയായി
അകത്ത്! ഈ പുറത്താക്കലിന്റെയും അകത്ത് നിര്‍ത്തലിന്റെയുമൊക്കെ
തമാശകളിലേക്ക് ഞാന്‍ വരുന്നുണ്ട്. ഒരു തമാശ ഇപ്പോള്‍ പറയാം. മുജാഹിദ്
പ്രസ്ഥാനത്തിന്റെ പഴയകാല നേതാവായിരുന്ന എം സി സി അഹ്മദ്
മൗലവിയുടെ പൗത്രന്‍ ഹാമിദ് എം സി സി ആറ് വര്‍ഷക്കാലം മുജാഹിദ് സെന്ററിലെ
ജോലിക്കാരനായിരുന്നു. അദ്ദേഹത്തെ ഈയടുത്ത കാലത്ത് സി ഡി ടവറില്‍ നിന്നും
പടിയടച്ച് പിണ്ഡം വെച്ചു. പുറത്താക്കിക്കൊണ്ടുള്ള കത്തിലുള്ള വാചകം, താങ്കളിവിടെ
ജോലി ചെയ്തിട്ടേയില്ല എന്നായിരുന്നുവത്രെ!
ഏതായാലും, വളരെ
അപകടകരമായ രണ്ട് കുതന്ത്രങ്ങള്‍ക്കെതിരില്‍ അതിപ്രധാനമായ രണ്ട്
പരാതികള്‍ കിട്ടിയിട്ടും അതൊന്നു പരിഗണിക്കുക പോലും ചെയ്തില്ല നമ്മുടെ ‘മഹത്തായ’ നേതൃത്വം.
മാസത്തില്‍ രണ്ട് പ്രാവശ്യം സകരിയ്യാ സ്വലാഹിയെ മുജാഹിദ് സെന്ററില്‍
വിളിച്ച് വരുത്തി കണ്ണുരുട്ടി കാണിച്ചില്ലെങ്കില്‍ കിടക്കപ്പായയില്‍
തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്ന
നേതൃത്വമാണിതെന്നോര്‍ക്കണം. എന്നാല്‍, ഇയാളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കെതിരിലുള്ള
നേതൃത്വത്തിന്റെ മൗനം, അയാള്‍
നല്ലവരില്‍ നല്ലവനും
ശുദ്ധരില്‍ ശുദ്ധനും നിഷ്‌കളങ്കതയുടെ നിറകുടവുമാണ് എന്ന വിശ്വാസം കൊണ്ടൊന്നുമല്ല.
മൂന്ന് വര്‍ഷം മുമ്പ് വരെ അബ്ദുറഹ്മാന്‍ സലഫി എന്ന പേര് കേട്ടാല്‍
കഷായം കുടിച്ച കുട്ടികളെപ്പോലെ മുഖം ചുളിക്കുമായിരുന്നു എ പി അബ്ദുല്‍
ഖാദിര്‍ മൗലവി. ആ പേര് കേട്ടാല്‍ അടിവയറ് മുതല്‍ അണ്ണാക്ക് വരെ ഉരുണ്ടു കയറി
ഓക്കാനിച്ച് ഛര്‍ദ്ദില്‍ വരുമായിരുന്നു എം എം മദനിക്ക്. എന്നിട്ടും
എന്ത് കൊണ്ട് അയാള്‍ക്കെതിരില്‍ ഇവര്‍ മൗനം പാലിക്കുന്നു എന്ന ചോദ്യം
പ്രസക്തമാണല്ലോ? പലരും
ചോദിക്കുന്ന ചോദ്യമാണിത്. മങ്കട അബ്ദുറഹ്മാന്‍
മൗലവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ‘ഭയം’ എന്ന വികാരം
ഇവരെ എല്ലാവരെയും
പിടികൂടുന്നു എന്നതാണതിന് കാരണം. എന്ത് കൊണ്ടാണ് ആ ഭയം എന്നതിനുള്ള
ഉത്തരമാണ് ഈ ലേഖനം.
ഐക്യചര്‍ച്ചകളും
നേതാക്കളുടെ നിലപാടുകളും
സംഘടനയില്‍
നിന്നും 2002 ല്‍ ആദര്‍ശപരവും
സംഘടനാപരവുമായ കാരണത്താല്‍ പിരിഞ്ഞ് പോയ മടവൂര്‍ വിഭാഗത്തെ
തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള ലയനചര്‍ച്ചകള്‍ കൊടുമ്പിരി
കൊണ്ടത് ഈയടുത്താണല്ലോ? മഹാഭൂരിഭാഗം പ്രവര്‍ത്തകരെയും
പണ്ഡിതന്‍മാരെയും പുറത്താക്കിയതോടു കൂടി സംഘടനാപരമായി കെ എന്‍
എമ്മിന്റെ അടിത്തറ ദ്രവിച്ചിരിക്കുന്നു എന്ന തിരിച്ചറിവിലാണ് ചില നേതാക്കള്‍
ലയനത്തിന് താല്‍പര്യത്തോടെ മുന്നിട്ടിറങ്ങിയത്. ഐക്യവുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് കൂട്ടിയ എക്‌സിക്യൂട്ടീവ്
യോഗത്തില്‍ ഭൂരിപക്ഷം ആളുകളും ഐക്യത്തെ എതിര്‍ത്താണ് സംസാരിച്ചതെങ്കിലും
ഭൂരിപക്ഷം ലയനത്തെ അംഗീകരിച്ചു എന്നാണത്രെ മിനുട്‌സില്‍ എഴുതിയത്. ടി
പി യുടെ നിര്‍ദ്ദേശ പ്രകാരമാണത്രെ ഈ അട്ടിമറി നടന്നത്. ഇതിന് ശേഷം
മുജാഹിദ് സെന്ററില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍
നേതാക്കള്‍ തമ്മില്‍ ശക്തമായ വാക്കേറ്റം നടക്കുകയും ചിലര്‍
യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കെ എന്‍ എമ്മിന്റെ ഭരണഘടന
പ്രകാരം സെക്രട്ടറിയേറ്റ് എന്നൊരു സംവിധാനം തന്നെയില്ലെങ്കിലും നയപരമായ പല
തീരുമാനങ്ങളുമെടുക്കുന്നത് സംഘടനയിലെ ആറാം വിരലായ ഈ ബോഡി യോഗം ചേര്‍ന്നാണത്രെ.
സാധാരണ ഗതിയില്‍ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ട്രഷററും
ജനറല്‍ സെക്രട്ടറി നാമനിര്‍ദേശം ചെയ്ത സെക്രട്ടറിമാരുമാണ് സെക്രട്ടറിയേറ്റ്
എന്ന പേരില്‍ യോഗം ചേരാറുള്ളത്. എന്നാല്‍ ജൂലെ 19 ന് ചേര്‍ന്ന
യോഗത്തിലേക്ക് സംഘടനാ വൈസ് പ്രസിഡന്റുമാരെയും വിളിക്കുകയുണ്ടായി. ”ഭൂരിപക്ഷമാളുകളും
ഐക്യത്തിന് അനുകൂലമായിരുന്നു എന്ന് വരുത്താനാണ് ഇങ്ങനെയൊരു
ഗൂഢതന്ത്രം നടത്തിയത്” എന്നായിരുന്നുവത്രെ
ഐക്യത്തെ എതിര്‍ക്കുന്ന
മങ്കടക്കാരന്‍ ടി പിയുടെ മുഖത്ത് വിരല്‍ ചൂണ്ടി പറഞ്ഞത്. ഗൂഢതന്ത്രം
മനസ്സിലാക്കാന്‍ ഗൂഢാലോചനകളുടെ ഉസ്താദുമാര്‍ക്ക് പെട്ടെന്ന് കഴിയുമല്ലോ.
മുമ്പുണ്ടായ ഒരു ഐക്യചര്‍ച്ചയില്‍ അതിന് എതിര് നിന്ന ഇയാളെ നൂര്‍ഷ
ഇടപെട്ട് അനുകൂലമാക്കിയ ചരിത്രം ഞാന്‍ രണ്ട് ലക്കം മുമ്പ് എഴുതിയിട്ടുണ്ടായിരുന്നു.
ആദര്‍ശപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇയാള്‍ ഐക്യത്തെ എതിര്‍ക്കുന്നതെങ്കില്‍, നൂര്‍ഷയല്ല
ഏത് ഉടയതമ്പുരാന്‍ വന്ന് പറഞ്ഞാലും ”പോയി പണി നോക്കെടോ” എന്ന്
പറയില്ലേ ആദര്‍ശം ഞരമ്പിലോടുന്ന ഏത് ആണ്‍കുട്ടിയും? അപ്പോള്‍
ഐക്യവിരോധികളുടെ പ്രശ്‌നം ആദര്‍ശമല്ല എന്ന് വ്യക്തം. വിഷയത്തിലേക്ക് വരാം.
കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അബ്ദുറഹ്മാന്‍ സലഫിയും നൂര്‍മുഹമ്മദ്
നൂര്‍ഷയും മാത്രമേ ഐക്യത്തിന് എതിരായി സംസാരിച്ചിട്ടുള്ളൂവെന്നൊരു
വ്യാജവാര്‍ത്ത നാട്ടിലെ പല പ്രവര്‍ത്തകരെയും വിളിച്ച്
പറഞ്ഞത് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അഹ്മദ് സാഹിബാണെന്നും ചില രാഷ്ട്രീയ
നേതാക്കളുടെ താല്‍പര്യമനുസരിച്ച് സംഘടനയെ കൊണ്ടു പോവുകയാണ് ടി പി എന്നും
അബ്ദുറഹ്മാന്‍ സലഫി രൂക്ഷമായി പ്രതികരിച്ചത്രെ. പൊതുവേദികളിലും വിശദീകരണ
യോഗങ്ങളിലും ”ആദരണീയനായ എ
പി, ബഹുമാന്യനായ
ടി പി” എന്നിങ്ങനെ നേതാക്കളെ
പ്രശംസകളെക്കൊണ്ട് മിനുക്കാറുള്ള ടിയാന്‍ സെക്രട്ടിയേറ്റ് യോഗത്തില്‍
വളരെ നിന്ദ്യമായ ഭാഷയിലാണത്രെ നേതാക്കള്‍ക്കെതിരില്‍ പ്രതികരിച്ചത്.
പല വിഷയങ്ങളുമുണ്ടാകുമ്പോള്‍ ഒന്നുമറിയാത്ത പോലെ, തനിക്കിപ്പോള്‍
പ്രായാധിക്യത്തിന്റെ അത്തും പിത്തുമാണെന്ന മട്ടില്‍ പൊട്ടന്‍
കളിക്കാറുള്ള എ പിക്കെതിരിലും ഇയാള്‍ പൊട്ടിത്തെറിച്ചത്രെ. താന്‍ മരിക്കുന്നതിന്
മുമ്പ് മടവൂരികളുമായി എങ്ങനെയെങ്കിലുമൊന്ന് ലയിച്ച് കാണണമെന്നാണത്രെ
എ പിയുടെ അവസാനത്തെ ആഗ്രഹം. എ പിയുടെ ഈ ആഗ്രഹത്തിന് പിന്നിലുള്ളത്
സമുദായം ഭിന്നിക്കുന്നതിലുള്ള വേദനയൊന്നുമല്ല. ആയിരുന്നെങ്കില്‍, ഇന്ന്
സംഘടനയില്‍ നടക്കുന്ന ഈ വെട്ടിനിരത്തലിനും കൂട്ടപ്പുറത്താക്കലിനും കൂട്ടു
നില്‍ക്കില്ലായിരുന്നു എ പി. ”മരിക്കും മുമ്പ്
നമ്മള്‍ ഒന്നാകുമോ?” എന്ന് ഹുസൈന്‍
മടവൂര്‍ ചന്ദ്രിക ദിനപ്പത്രത്തിലൂടെ
ചോദിച്ച ചോദ്യം എ പിയോടായിരുന്നു എന്ന് വേണം കരുതാന്‍. ”ഞാന്‍
മരിക്കും മുമ്പ് ഇത് ഒന്നായിക്കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്” എന്ന് മടവൂരീ
ലയനത്തെക്കുറിച്ച് എ പി പലരോടും പറയുന്നുണ്ടത്രെ! അപ്പോള്‍ പിന്നെ
എന്തിനായിരുന്നു സാര്‍, പാവം
അനുയായികളെ ഇത്രയും കാലം താങ്കളും കൂട്ടരും കുരങ്ങ് കളിപ്പിച്ചത്? അബ്ദുറഹ്മാന്‍
സലഫി എന്ന മനുഷ്യനെതിരില്‍ പല കാരണങ്ങള്‍ കൊണ്ടും
പ്രതികരിക്കാന്‍ എ പിക്കും ടി പിക്കും ഭയമുണ്ടായിരിക്കാം. എങ്കിലും
ആദര്‍ശ സ്‌നേഹിയാണ് എ പിയെങ്കില്‍, ഒരു നൂറ്റാണ്ടിന്റെ
പാരമ്പര്യമുള്ള ഒരു മഹാ പ്രസ്ഥാനത്തിന്റെ തായ്‌വേരറുക്കുന്ന രീതിയിലുള്ള
ഈ പോക്ക് കാണുമ്പോള്‍, ”എനിക്കിതൊന്നും
കാണാനും കേള്‍ക്കാനും വയ്യ” എന്ന് പറഞ്ഞ്
രാജി വെച്ച് വീട്ടില്‍ പോയി ഇനിയുള്ള കാലം പാപമോചന പ്രാര്‍ത്ഥനയുമായി
പേരക്കുട്ടികളെ കളിപ്പിക്കാന്‍ സമയം നീക്കി വെക്കുമായിരുന്നു എ പി. പക്ഷെ, ”ജനറല്‍
സെക്രട്ടറിയുടെ കസേരയില്‍ നിന്നും നേരെ ക്വബ്‌റിലേക്ക്” എന്ന മട്ടില്‍
ആ കസേരയില്‍ മരണം വരെ അട്ടയെപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു
ഉടുമ്പന്‍ നയം സ്വീകരിക്കുന്ന ചില നേതാക്കള്‍ക്ക് മടവൂരീ
ലയനത്തിന് മാത്രം എന്താണിത്ര പൂതി? അതിന്റെ കാരണം ഒന്നേയുള്ളൂ.
അടിസ്ഥാനപരമായി അക്വ്‌ലാനീ ചിന്താഗതിക്കാരാണ് ഇന്നത്തെ കെ എന്‍ എം
നേതൃത്വത്തില്‍ പലരും. ആദര്‍ശപരമായി അതേ ചിന്താഗതിക്കാരനാണ് എ പി എന്നതാണ്
വസ്തുത. ആര് നെറ്റി ചുളിച്ചാലും പിറുപിറുത്താലും അതാണ് സത്യം. 2002 ല്‍ സംഘടന
പിളര്‍ന്ന് കാലമിത്രയായിട്ടും മടവൂരികളുടെ സംഘടനാപരമായ ലംഘനങ്ങള്‍
എണ്ണിപ്പറഞ്ഞ് അവരെ വിമര്‍ശിക്കുന്ന എ പിയെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ.
അവര്‍ക്കുള്ള ആദര്‍ശപരമായ പിഴവുകള്‍ പറയുന്ന എ പിയെ വായനക്കാര്‍
കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. മടവൂരികളുമായുള്ള അഭിപ്രായ ഭിന്നതകളില്‍
പ്രധാനമായ ഒന്നായിരുന്നുവല്ലോ മന്‍ഹജുസ്സലഫ്? സത്യത്തില്‍, ‘സലഫീ മന്ഹജ്’ എന്നൊരു
വാക്ക് എ പിയുടെ വായില്‍ നിന്നും വരുന്നത് വായനക്കാര്‍ കേട്ടിട്ടുണ്ടോ? ഈയുള്ളവനേതായാലും
കേട്ടിട്ടില്ല. വിഷയത്തിലേക്ക്
വരാം. താനൊരു രോഗിയാണെന്നും തനിക്ക് നല്ല ഓര്‍മ്മക്കുറവുണ്ടെന്നും
പലരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുള്ള എ പിക്ക് യഥാര്‍ത്ഥത്തില്‍
ഒരു പ്രശ്‌നവുമില്ലെന്നും എല്ലാം അദ്ദേഹത്തിന്റെ നാട്യങ്ങള്‍
മാത്രമാണെന്നും മുഖത്ത് നോക്കി തുറന്നടിച്ചത്രെ കോക്കസ് നേതാവ്. ചില
സത്യങ്ങള്‍ ഏത് കുതന്ത്രക്കാരന്‍ പറഞ്ഞാലും അംഗീകരിക്കണമല്ലോ!
യഥാര്‍ത്ഥത്തില്‍, എ പി
ഇപ്പോള്‍ സംഘടനയില്‍ ഒരു ഡമ്മി മാത്രമാണ്. പല തീരുമാനങ്ങളും
എടുക്കുന്നത് അദ്ദേഹമല്ല. ഒന്നുകൂടി ക്ലിയറായി പറഞ്ഞാല്‍, പല തീരുമാനങ്ങളും
എ പി അറിയാറു പോലുമില്ലത്രെ! എ പി യെ സ്ഥിരമായി ചികിത്സിക്കാറുള്ള
കോട്ടക്കലിലെ പ്രസ്ഥാന ബന്ധുവായ ഒരു ഡോക്ടര്‍ ഈയിടെ, സംഘടനയില്‍ നടക്കുന്ന ഈ
കൂട്ടപ്പുറത്താക്കലിനെക്കുറിച്ചും വിശിഷ്യാ പറപ്പൂരിനെയും പി എന്നിനെയുമെല്ലാം
നടപടിക്ക് വിധേയമാക്കിയതിനെക്കുറിച്ചും ചോദിച്ചപ്പോള്‍ എ പി പറഞ്ഞ
മറുപടി ”താനതൊന്നും
അറിഞ്ഞിട്ടില്ല” എന്നായിരുന്നുവത്രെ.
”പക്ഷെ, പുറത്താക്കിയതായി
അറിയിച്ച് കൊണ്ട് വരുന്ന എല്ലാ കത്തുകളിലും താങ്കളുടെ ഒപ്പുണ്ടല്ലോ” എന്ന് ചോദിച്ചപ്പോള്‍ അതിലൊന്നും
തനിക്ക് പങ്കില്ല എന്നായിരുന്നുവത്രെ മറുപടി. അല്ലെങ്കിലും ഈ ഒപ്പുകളൊന്നും
യഥാര്‍ത്ഥമല്ല എന്ന് ഈയുള്ളവനും തോന്നിയിട്ടുണ്ട്. ശാരീരികമായ
അസ്വസ്ഥതകളൊന്നുമില്ലാതിരുന്ന കാലത്ത് എ പി ഇട്ടിരുന്ന ഒപ്പിനേക്കാള്‍
ഭംഗിയുണ്ട് കൈയും മെയ്യും വിറക്കുന്ന ഇക്കാലത്ത് എ പി ഇടുന്ന ഒപ്പിന്.
പണ്ട്, ഇന്ത്യയില്‍
ചില കള്ളന്‍മാര്‍ അച്ചടിച്ച വ്യാജ അമേരിക്കന്‍ ഡോളര്‍ പിടിയിലായ
ഒരു വാര്‍ത്ത എവിടെയോ വായിച്ചതോര്‍ക്കുന്നു. ഒറിജിനല്‍
അമേരിക്കന്‍ ഡോളറിനേക്കാള്‍ മൊഞ്ചുണ്ടായിരുന്നുവത്രെ വ്യാജന്! അതായിരുന്നു
പോലും അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്ക് സംശയം തോന്നാന്‍ കാരണം. അതുപോലെ എ
പിയുടെ ഒപ്പ് ഇത്ര ഭംഗിയായി ഒപ്പ് സീലുണ്ടാക്കി സകല സസ്‌പെന്‍ഷന്‍
നോട്ടീസുകളിലും ചാര്‍ത്തുന്ന വ്യാജന്‍ ആരാണെന്നറിയില്ല. ആദര്‍ശരംഗത്തും
അധികാര കേന്ദ്രങ്ങളിലും കെ എന്‍ എമ്മില്‍ വ്യാജന്‍മാര്‍ നിറഞ്ഞ്
തുളുമ്പുന്ന കാലമാണല്ലോ ഇത്? പക്ഷെ, ഇപ്പോള്‍
നടക്കുന്ന ഈ കൂത്താട്ടങ്ങളൊന്നും
എ പി അറിയില്ല, അദ്ദേഹത്തിനിപ്പോള്‍
അത്തും പിത്തും ബാധിച്ചിരിക്കുന്നു
എന്ന് ആര് പറഞ്ഞാലും അത് വിശ്വസിക്കുവാന്‍ ഈയുള്ളവന് അല്‍പ്പം
പ്രയാസമുണ്ട്. സ്വന്തം മകന്‍ ജൗഹര്‍ പത്തപ്പിരിയത്ത് വെച്ച് ബാപ്പയെ സ്‌റ്റേജിലിരുത്തി
കോക്കസ് നേതാവിന്റെ സാന്നിധ്യത്തില്‍ പറഞ്ഞതും ”ഉപ്പാക്ക് (എ പിക്ക്) യാതൊരു
ഓര്‍മ്മക്കുറവും ഇല്ല” എന്നായിരുന്നുവെന്നതും എ പിയുടെ
അടവുനയം വ്യക്തമാക്കുന്നുണ്ട്. കുടത്തില്‍ നിന്നും ഭൂതത്തെ തുറന്ന്
വിട്ട മുക്കുവന്റെ നിസ്സാഹയതയിലാണ് എ പി എന്ന് വിലയിരുത്തുന്നതാവും ശരി.
കുടത്തില്‍ നിന്നും തുറന്ന് വിട്ട ഭൂതം, ”എനിക്ക് ജോലി തരൂ…”എന്ന് പറഞ്ഞ്
മുക്കുവനെ സൈ്വര്യം കെടുത്തുകയും ഒടുവില്‍ ജോലിയൊന്നും ലഭിക്കാതായപ്പോള്‍
മുക്കുവെനത്തന്നെ കുടത്തിലാക്കി കടലിലെറിയുകയും ചെയ്ത കഥകള്‍
അറബിക്കഥയില്‍ നാം വായിച്ചിട്ടുണ്ട്. അതുപോലെയാണ് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക്
വേണ്ടി എ പിയും ടി പിയും കുടം തുറന്ന് വിട്ട ‘ഭൂതം’ ”എല്ലാവരെയും
ഞാന്‍ പുറത്താക്കി, ഇനിയും
എനിക്ക് ജോലി തരൂ, ഇല്ലെങ്കില്‍ നിങ്ങളെ ഞാന്‍
വിഴുങ്ങും” എന്ന് പറഞ്ഞ്
എ പിയെയും ടി പിയെയും പേടിപ്പിച്ച് ‘കുപ്പിയിലാക്കി’ കോര്‍ക്ക്
ഭദ്രമായി അടച്ച് കടലിലെറിയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ ‘ഭൂതത്താന്‍’ ചൂണ്ടുവിരല്‍
ചൂണ്ടി വിറപ്പിച്ചാല്‍ അതിന് മുന്നില്‍ നിന്ന് വിറക്കാന്‍
മാത്രമേ ഇപ്പോള്‍ എ പിക്കും ടി പിക്കും കഴിയുന്നുള്ളൂ എന്നാണ്
മുജാഹിദുകള്‍ക്കിടയിലെ പൊതുവെയുള്ള സംസാരം. ഈയൊരു നിസ്സഹായത
അവര്‍ അനുഭവിക്കേണ്ടത് തന്നെയാണ്. പോരാ, ഇതിലും വലുത് അവര്‍ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ.
കാരണം, കഴിഞ്ഞ
ഒന്നൊന്നര വര്‍ഷക്കാലമായി കേരളമുജാഹിദുകള്‍ക്കിടയിലുണ്ടായ
കൂട്ടപ്പൊരിച്ചിലില്‍ എ പിയും ടി പിയും വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
കത്തിത്തുടങ്ങിയ ചെറുതീയില്‍ മണല്‍ വാരിയെറിഞ്ഞ് അത്
കെടുത്തേണ്ടവരായിരുന്നു അവര്‍. അതിന് പകരം എരിതീയില്‍ എണ്ണ
കോരിയൊഴിച്ച് ആളിക്കത്തിക്കുകയായിരുന്നു അവര്‍. സംഘടനയില്‍ പ്രശ്‌നങ്ങള്‍
ആളിക്കത്തിയപ്പോള്‍ ചില പരാതികള്‍ ബോധിപ്പിക്കാന്‍ ടി പിയുടെ വീട്ടിലെത്തിയ
എം എസ് എമ്മിന്റെ സംസ്ഥാന ഭാരവാഹികളില്‍ ചിലരോട് ടി പി പറഞ്ഞത്, ”ഞാന്‍
നിഷ്പക്ഷനല്ല, ഒരു
പക്ഷത്തിന്റെ ആളു തന്നെയാണ്” എന്നായിരുന്നു. വാതം കുറുന്തോട്ടിക്ക് തന്നെയാണ് എന്ന് മനസ്സിലാക്കിയ എം എസ് എം
നേതാക്കള്‍ വരാന്‍ പോകുന്ന ദുരന്തങ്ങള്‍ മനസ്സില്‍ കണ്ട് നിരാശയോടെയാണ്
തിരിച്ച് പോന്നത്. ആദ്യം എ പിയോട് ചെന്ന് പരാതി പറഞ്ഞപ്പോള്‍ എ പിയുടെ
നിര്‍ദ്ദേശപ്രകാരമായിരുന്നു എം എസ് എം നേതാക്കള്‍ ടി പിയുടെ വീട്ടിലെത്തിയത്
എന്നതും കൂടി കൂട്ടി വായിക്കുക. എം എം മദനി, എ പി മുതലായവര്‍
ഇനിയുള്ള കാലം ലാഘവത്തോടെയും കെട്ടിക്കുടുക്കുകളില്ലാത്ത മനസ്സോടെയും
ജീവിച്ച് നാളേക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സമ്പാദിച്ച് വെക്കേണ്ട
സമയമാണിത്. എന്നാല്‍,
ജീവിതത്തിന്റെ ഈ മദ്ധ്യാഹ്ന ഘട്ടത്തില്‍ അവരുടെ പരലോക ജീവിതത്തിലേക്ക്
അവര്‍ ഇപ്പോള്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നത് കുറെയധികം
നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ മുജാഹിദ് പ്രവര്‍ത്തകരുടെ പ്രതിഷേധവും കണ്ണീരും
ശാപവാക്കുകളും മര്‍ദ്ദിതരുടെ പ്രാര്‍ത്ഥനകളും
മാത്രമായിരിക്കുന്നു. കെ എന്‍ എം എന്ന മഹാപ്രസ്ഥാനത്തിന്റെ കൊമ്പുകളും
ചില്ലകളും അടിവേരുകളും അറുത്തു മാറ്റി അതിന്റെ പാഴ്ത്തടി മാത്രം
ഉരുക്കി ഉരുട്ടിയെടുത്ത് ഗുളികരൂപത്തിലാക്കി അബ്ദുറഹ്മാന്‍ സലഫി എന്ന മനുഷ്യന്റെ
അണ്ണാക്കിലേക്ക് തള്ളിക്കൊടുക്കാന്‍ മാത്രം എന്ത് വിധേയത്വമാണ്
യഥാര്‍ത്ഥത്തില്‍ എ പിക്കും ടി പിക്കും എം എം മദനിക്കുമുള്ളത്? എന്തുകൊണ്ടാണ്
ഇവരൊക്കെ ഈ മനുഷ്യനെ ഇത്രത്തോളം ഭയപ്പെടുന്നത്? അല്ലെങ്കില്‍, ഏതൊരു ആയുധം
കൊണ്ടാണ് കെ എന്‍ എം നേതൃത്വത്തെ ഒന്നാകെ ഇയാള്‍ വിരട്ടി നിര്‍ത്തി
അടക്കി ഭരിക്കുന്നത്? ആയിരക്കണക്കിന് മുജാഹിദ്
പ്രവര്‍ത്തകരുടെ മനസ്സുകളെ കുറച്ചുകാലമായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന
ചോദ്യമാണിത്. ഇന്നും കെ എന്‍ എമ്മിന്റെ ഉത്തരവാദപ്പെട്ട
സ്ഥാനത്തിരിക്കുന്ന ഒരു മാന്യദേഹത്തോട് ഈയുള്ളവന്‍ ഈയടുത്ത് ഈ
ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ചിന്താര്‍ഹമായിരുന്നു.
ആ മറുപടി ഇതാണ്. ”സകരിയ്യാ
സ്വലാഹിയെയും ഹുസൈന്‍ സലഫിയെയും മുജാഹിദ് ബാലുശ്ശേരിയെയുമെല്ലാം എത്ര തന്നെ ദ്രോഹിച്ചാലും അവര്‍ ആദര്‍ശപരമായി
മാത്രമേ നേരിടൂ എന്ന് എ പിക്കും ടി പിക്കുമറിയാം. എന്നാല്‍, അബ്ദുറഹ്മാന്‍
സലഫിയെ നോവിച്ചാല്‍ മനസ്സമാധാനത്തോടെ ഒരു രാത്രി പോലും കിടന്നുറങ്ങാന്‍
കഴിയില്ല എന്നും അവര്‍ക്കറിയാം.” ഇതാണത്രെ അവരെ അടക്കി നിര്‍ത്തുന്ന ചിന്ത. അതൊരു
വസ്തുതയാണെങ്കിലും ആ ഭയത്തിനൊരു കാരണമുണ്ടാകുമല്ലോ? എന്തിന്
നേതൃത്വം ഇയാളെ ഭയപ്പെടണം? അയാളുടെ
പേരിലുള്ള പത്ത് സെന്റ്
ഭൂമിയിലൊന്നുമല്ലല്ലോ എ പിയും ടി പിയും എം എം മദനിയും കുടില്‍ കെട്ടി പാര്‍ക്കുന്നത്.
അബ്ദുറഹ്മാന്‍ സലഫി എന്ന ജന്‍മിയുടെ കുടിയാന്‍മാരുമല്ല എ പിയും ടി
പിയും. പിന്നെയും എന്തുകൊണ്ട് ഈ ഭയം? മനസ്സില്‍ കുറച്ച് കാലമായി
തികട്ടി വന്നുകൊണ്ടിരുന്ന ചോദ്യമാണ് ഒരു അന്വേഷണത്തിലേക്ക് ഈയുള്ളവനെ
നയിച്ചത്. ആ അന്വേഷണത്തിന്റെ മറുപടികളാണ് ഈ ലേഖനത്തിന്റെ മര്‍മ്മം. കഴിഞ്ഞ
ആറ് മാസമായി ഈ അന്വേഷണത്തിന്റെ പിറകിലായിരുന്നു ഞാന്‍.
സംഘടനയുടെ ഇന്നത്തെ പോക്കില്‍ ആന്തരികമായി വേദനിക്കുന്ന പലരെയും കണ്ടു
നോക്കി. ചിലരെല്ലാം ചില വിവരങ്ങളെല്ലാം തന്നു. പക്ഷെ, വിവരങ്ങള്‍
പൂര്‍ണ്ണമായും കിട്ടിയത് ഇക്കഴിഞ്ഞ കെ എന്‍ എം-മടവൂരീ ലയനവുമായി
ബന്ധപ്പെട്ട ചര്‍ച്ചകളും അതിന്റെ പേരില്‍ കെ എന്‍ എമ്മില്‍ പൊട്ടിപ്പുറപ്പെട്ട
വിഭാഗീയതക്കും ശേഷമായിരുന്നു. ഞെട്ടിപ്പിക്കുന്ന ചില സാമ്പത്തിക
ക്രമക്കേടുകള്‍ പ്രസ്ഥാനത്തെ മറയാക്കി നേതാക്കള്‍ നടത്തിയിട്ടുണ്ട്.
അതിന്റെ തലയുയര്‍ത്തി നില്‍ക്കുന്ന ഉദാഹരണമാണ് കാലിക്കറ്റ്
ഡവലപ്പേഴ്‌സ് (സി ഡി) പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
സി ഡി ടവര്‍
അഥവാ, മുജാഹിദ്
പ്രസ്ഥാനത്തിന്റെ നിഗ്രഹാവതാരം.
കോഴിക്കോട്
മിനി ബൈപാസ് റോഡില്‍ (സ്വപ്‌ന നഗരി) ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്
സമീപം തലയുയര്‍ത്തി നില്‍ക്കുന്ന അഞ്ചു നില ബില്‍ഡിംഗാണ് സി ഡി ടവര്‍.
മുജാഹിദുകള്‍ ഭൂരിഭാഗവും മനസ്സിലാക്കിയിരിക്കുന്നത്, ഇത് മുജാഹിദ്
പ്രസ്ഥാനത്തിന്റെ സ്വത്താണ് എന്നാണ്. അങ്ങനെയൊരു ധാരണ നേതൃത്വം ഉണ്ടാക്കി
വെച്ചിട്ടുണ്ട് എന്നതാണ് വസ്തുത. സത്യത്തില്‍ ഈ ബില്‍ഡിംഗിന്റെ അഞ്ചാം നില
മാത്രമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്വന്തം. അതും സി ഡി ഗ്രൂപ്പില്‍
നിന്നും പൊള്ളുന്ന വില നല്‍കിയാണ് വാങ്ങിയത്. പക്ഷെ വിറ്റവരും വാങ്ങിയവരും
ഒരേ ആളുകളായത് കൊണ്ട് പൊള്ളലേറ്റത് അവര്‍ക്കല്ല. അതിന് സംഭാവന നല്‍കിയ
മുജാഹിദ് പ്രവര്‍ത്തകര്‍ക്കാണ്. അതിലേക്ക് ഞാന്‍ വരുന്നുണ്ട്. മുജാഹിദ്
പ്രസ്ഥാനത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് ദുഃസ്വപ്‌നം കാണാന്‍ പോലും
കഴിയാത്ത വിധം ഭീകരമായ അട്ടിമറിയും സാമ്പത്തിക ക്രമക്കേടുകളുമാണ് കെ എന്‍ എം
നേതൃത്വത്തിലെ ചിലര്‍ സി ഡി ടവറിന്റെ മറവില്‍ നടത്തിയത് എന്നത് അങ്ങാടിപ്പാട്ടാണ്.
മുജാഹിദ് പ്രവര്‍ത്തകരില്‍ നിന്നും സി ഡി ഗ്രൂപ്പ് ഊറ്റിയെടുത്ത
ആ രക്തത്തില്‍ അബ്ദുറഹ്മാന്‍ സലഫിക്ക് പങ്കില്ല എന്നു തന്നെയാണ്
ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍, സി ഡി ടവര്‍ എന്ന കെട്ടിടത്തിന്റെ
മറവില്‍ എ പി യും ടി പിയുമടക്കമുള്ളവര്‍ മുജാഹിദ് പ്രവര്‍ത്തകരെ
സമര്‍ത്ഥമായി കുപ്പിയിലാക്കിയ ചരിത്രമറിയാവുന്ന അബ്ദുറഹ്മാന്‍
സലഫി ആ തുറുപ്പുചീട്ട് വെച്ചാണ് എ പിയെയും ടി പിയെയും വരച്ച വരയില്‍ നിര്‍ത്തുന്നത്
എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരം. സി ഡി
ടവര്‍ എന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഒരു കരിമ്പനയക്ഷിയാണ്. ആ
കരിമ്പനയുടെ മുന്നിലെത്തുമ്പോള്‍ എ പിക്കും ടി പിക്കും അറിയാതെ മുട്ടു വിറക്കാന്‍
ചില കാരണങ്ങളുണ്ട്.
അല്‍പ്പം
ചരിത്രം
പതിറ്റാണ്ടുകളായി
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരമായി പ്രവര്‍ത്തിച്ചിരുന്നത്
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡിലുള്ള
പഴയ മുജാഹിദ് സെന്റര്‍ കെട്ടിടമായിരുന്നു. പ്രസ്ഥാനം പല നിലക്കും പുരോഗമിച്ചപ്പോള്‍
ഈ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ പരിഗണിച്ച് അല്‍പ്പം കൂടി
വിശാലമായ ഒരു ആസ്ഥാന മന്ദിരം ഉണ്ടാകേണ്ടത് ആവശ്യകതയായിരുന്നു. ഈ സാഹചര്യത്തിലാണ്
ദുബൈയിലെ ഒരു ഉന്നതന്റെ സഹകരണത്തോടെ പ്രസ്ഥാനത്തിന് ഒരു സൗകര്യപൂര്‍ണ്ണമായ
ആസ്ഥാന മന്ദിരം നിര്‍മ്മിച്ച് നല്‍കാമെന്ന ഓഫര്‍ ലഭിക്കുന്നതത്രെ.
ഇതിന് വേണ്ടിയാണ് ഇന്ന് സി ഡി ടവര്‍ നില്‍ക്കുന്ന സ്ഥലം 1990കളുടെ
അവസാനത്തില്‍ അഡ്വാന്‍സ് കൊടുത്ത് കച്ചവടം ഉറപ്പിക്കുന്നത്. എന്നാല്‍
പ്രസ്തുത സ്ഥലം കാണാനും പരിശോധിക്കാനുമായി എത്തിയ സംഘത്തിന് അക്കാലത്ത്
വെള്ളക്കെട്ട് നിറഞ്ഞ് നില്‍ക്കുന്ന ആ ചെളിക്കുണ്ട് തീരെ ബോധ്യമായില്ലത്രെ.
ഇതിന് പകരം വേറെ വല്ല സ്ഥലവും കണ്ടെത്താനായിരുന്നു അവരുടെ നിര്‍ദ്ദേശം.
അതുപ്രകാരം പഴയ മുജാഹിദ് സെന്ററിന്റെ സമീപത്തായി 50 സെന്റ് സ്ഥലം കണ്ടെത്തുകയും
കച്ചവടം ഉറപ്പിക്കുകയുമാണുണ്ടായത്. സ്ഥലം കച്ചവടമാക്കുകയും ബില്‍ഡിംഗ്
നിര്‍മ്മാണത്തിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങുകയും ചെയ്തുവെങ്കിലും
ദുബായ് ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുമായിരുന്ന ധനസഹായം
നേതൃത്വത്തിന്റെ അനാസ്ഥ കാരണം നഷ്ടമാവുകയാണത്രെ ഉണ്ടായത്.
ഏതായാലും, ഈ സ്ഥലം
ഇപ്പോഴും അവിടെ അനാഥമായി കിടപ്പുണ്ട്. അതിന്റെ കാരണം
ഇപ്പോഴും വ്യക്തമല്ല.
അങ്ങനെയിരിക്കെ, ആദ്യം
അഡ്വാന്‍സ് കൊടുത്ത സ്ഥലം എന്ന നിലയില്‍ ബേബി ഹോസ്പിറ്റലിന്
സമീപം നില്‍ക്കുന്ന സ്ഥലം ഏതെങ്കിലും രൂപത്തില്‍ ഉപയോഗപ്പെടുത്താനാവുമോ
എന്ന ചിന്ത നേതാക്കളിലുണ്ടായി. ഇതാണ് പിന്നീട് വിദേശത്തും
സ്വദേശത്തുമുള്ള പ്രസ്ഥാന ബന്ധുക്കളില്‍ നിന്നും ഷെയര്‍ പിരിച്ച് ഒരു
ഷോപ്പിംഗ് കോംപ്ലക്‌സ് സ്ഥാപിക്കുക എന്ന പദ്ധതിയിലേക്കെത്തുന്നത്.
നാട്ടില്‍ ചെറിയൊരു വരുമാനമായി മാറും എന്ന ചിന്തയോടൊപ്പം ഇതില്‍ മുതല്‍
മുടക്കാന്‍ പ്രസ്ഥാന ബന്ധുക്കളെ കൂടുതല്‍ പ്രേരിപ്പിച്ചത്, കോംപ്ലക്‌സിനോടനുബന്ധമായി
ഒരു സലഫി മസ്ജിദ് സ്ഥാപിക്കപ്പെടും
എന്ന വാഗ്ദാനമായിരുന്നു. ഭാവിയില്‍ കൂടുതല്‍ വികസന സാധ്യതകള്‍
നില നില്‍ക്കുന്ന സ്വപ്‌ന നഗരി പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള
വിശാലമായ ഒരു സലഫീ മസ്ജിദ് കോംപ്ലക്‌സിനോട് അനുബന്ധിച്ച് സ്ഥാപിക്കപ്പെടും
എന്നത് ഇതില്‍ മുതല്‍ മുടക്കാന്‍ പ്രസ്ഥാന ബന്ധുക്കള്‍ അത്യാവേശം
കാണിക്കുന്ന സ്ഥിതിയുണ്ടായി. ഏതായാലും ഇത്തരത്തില്‍ നടത്തിയ ഉദ്യമത്തില്‍
മൂന്ന് ലക്ഷം രൂപയുടെ ഇരുനൂറോളം ഷെയറുകള്‍ വിറ്റുപോയതായാണ് സൂചന. പക്ഷെ, പ്രസ്ഥാനത്തെയും
നേതാക്കളെയും അമിതമായി വിശ്വസിച്ച ഷെയര്‍ഹോള്‍ഡേഴ്‌സ് പിന്നീട്
നടന്ന അട്ടിമറികളോ ക്രമക്കേടുകളോ അറിഞ്ഞില്ല എന്നതാണ്
സത്യം. അവരൊരു തെറ്റേ ചെയ്തിട്ടുള്ളൂ. നമ്മുടെ നേതാക്കളെ അമിതമായി വിശ്വസിച്ചു.
ആ തെറ്റ് ഇത്രയും കാലം നമുക്കും പറ്റിയതാണല്ലോ.
ഷെയറെടുത്തവരെ
പലിശ തീറ്റിക്കുന്ന വിധം.
ഇരുനൂറോളം
പേര്‍ സംരംഭത്തില്‍ പണം മുടക്കി ഷെയറെടുത്തെങ്കിലും വെറും ഇരുപതില്‍
താഴെ ആളുകളെ മാത്രമേ യഥാര്‍ത്ഥത്തില്‍ കാലിക്കറ്റ് ഡെവലപ്പേഴ്‌സ് (സി ഡി)
പ്രൈവറ്റ് ലിമിറ്റിഡ് കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡേഴ്‌സായി ഉള്‍പ്പെടുത്തിയുള്ളൂ.
ബാക്കിയുള്ളവര്‍ കമ്പനിക്ക് പലിശക്ക് പണം നല്‍കിയ ഡിബഞ്ചര്‍
ഹോള്‍ഡേഴ്‌സ് മാത്രമാണെന്നാണ് കമ്പനി രേഖകള്‍ വ്യക്തമാക്കുന്നത്. ഷെയര്‍ ഹോള്‍ഡേഴ്‌സ്
എന്നാല്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമകളും അവര്‍ക്ക് കമ്പനിയുടെ
ലാഭത്തിലും നഷ്ടത്തിലും ഒരുപോലെ പങ്കുള്ളവരുമാണെങ്കില്‍, ഡിബഞ്ചര്‍
ഹോള്‍ഡേഴ്‌സിന് അവര്‍ നല്‍കിയ പണത്തിന് നിശ്ചിത പലിശയാണ് തിരികെ ലഭിക്കുന്നത്.
എന്നാല്‍, ഒരേപോലെ പണം
മുടക്കിയ ഇരുനൂറോളം പേരില്‍ ആരെല്ലാമാണ് ഡിബഞ്ചര്‍ ഹോള്‍ഡേഴ്‌സായി
തരം താഴ്ത്തപ്പെട്ട് പലിശ തിന്നേണ്ടി വന്നതെന്ന് അവര്‍ക്ക് തന്നെ
അറിയുമായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. സാധാരണക്കാരായ
നമ്മുടെ പ്രസ്ഥാന പ്രവര്‍ത്തകര്‍ കെ എന്‍ എം നേതാക്കളെ
മുന്നില്‍ കണ്ടാണ് ഇങ്ങനെ പണം മുടക്കാന്‍ സന്നദ്ധരായതെങ്കില്‍, വിശ്വസിച്ചേല്‍പ്പിക്കപ്പെട്ട
അമാനത്തില്‍ വിഷം കലക്കുന്ന നടപടികളായിരുന്നു നേതൃത്വത്തിന്റെ
ഭാഗത്ത് നിന്നും ഉണ്ടായത്. ഷെയര്‍ ഹോള്‍ഡേഴ്‌സ് വെറും ഡിബഞ്ചര്‍
ഹോള്‍ഡേഴ്‌സായി മാറിയത് ഇതിലെ ഏറ്റവും ചെറിയ ഒരു മറിമായം മാത്രം.
കോടികളുടെ
സാമ്പത്തിക ക്രമക്കേട്!
മൂന്നു ലക്ഷം
രൂപയുടെ ഓരോ ഷെയറിലും ഒന്നര ലക്ഷം രൂപ വൈറ്റ് മണിയായി സ്വീകരിച്ച
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാര്‍ ബാക്കി ഒന്നര ലക്ഷം രൂപ ‘വിത്തൗട്ട്’ ആയി അയക്കാന്‍
ആവശ്യപ്പെട്ടുവത്രെ. ഇങ്ങനെ അയക്കുന്ന വിത്തൗട്ട് മണി കെ എന്‍ എം
നേതാവിന്റെ ഫറോക്കിലെ ഒരു സ്ഥാപനം വഴി അയക്കാനും ആവശ്യപ്പെട്ടുവത്രെ.
എന്തിനായിരുന്നു ഇങ്ങനെ ചെയ്തതെന്ന് അറിയണമെങ്കില്‍, ഇസ്വ്‌ലാഹീ പ്രവര്‍ത്തകരെ
ഞെട്ടിപ്പിക്കുന്ന അടുത്ത വിവരം കൂടി അറിയണം. സി ഡി ടവര്‍
ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പണി പുരോഗമിച്ച് കൊണ്ടിരുന്ന ഒരു സമയത്ത്
പെട്ടെന്ന് പണി നിശ്ചലമാകുന്നു. കാരണം അന്വേഷിച്ചപ്പോള്‍, ഷെയര്‍ ഹോള്‍ഡേഴ്‌സില്‍
നിന്ന് കിട്ടേണ്ട പണം യഥാസമയം എത്താത്തതാണെന്ന് മനസ്സിലാകുന്നു.
ഉടനെ വിദേശത്തുള്ള ഷെയര്‍ ഹോള്‍ഡേഴ്‌സുമായി ബന്ധപ്പെടുന്നു. അവിടെ നിന്നും
കിട്ടിയ വിവര പ്രകാരം പണം എന്നേ അയച്ചു കഴിഞ്ഞിരിക്കുന്നു!
ബന്ധപ്പെട്ടവര്‍ ഉടനെ രേഖകള്‍ പരിശോധിക്കുന്നു. ഇല്ല, പണം ഇവിടെ
എത്തിയിട്ടില്ല!? അപ്പോള്‍
പിന്നെ വിദേശത്ത് നിന്നും അയച്ചതായി പറയുന്ന അരക്കോടിയിലധികം രൂപ
എവിടെപ്പോയ് മറഞ്ഞു? ഇവിടെയാണ്
പ്രസ്ഥാന പ്രവര്‍ത്തകര്‍
മൂക്കത്ത് വിരല്‍ വെച്ചുപോകുന്ന സാമ്പത്തിക ക്രമക്കേടുകളുടെ നാറിയ കഥകള്‍
പുറത്തു വരുന്നത്. ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ പണത്തില്‍ പകുതി കെ എന്‍ എം
സംസ്ഥാന നേതാവിന്റെ ഫറോക്കിലെ സ്ഥാപനം വഴിയാണ് സ്വീകരിച്ചിരുന്നത്
എന്ന് നേരത്തെ പറഞ്ഞുവല്ലോ? അങ്ങനെ
കിട്ടിയ പണം യഥാസമയം സി ഡി ടവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറാതിരുന്നതിനാലാണ് കോംപ്ലക്‌സിന്റെ
പണി മുടങ്ങിക്കിടന്നത്! ഫറോക്കിലെ തന്റെ സ്ഥാപനം തകര്‍ച്ചയിലേക്ക്
കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലായിരുന്നു സംസ്ഥാന
നേതാവിന്റെ പ്രസ്തുത തിരിമറി! പ്രസ്ഥാന പ്രവര്‍ത്തകര്‍ വിശ്വസിച്ചേല്‍പ്പിച്ച
‘അമാനത്ത്’ തന്റെ
സ്വന്തം ബിസിനസ് താല്‍പര്യങ്ങള്‍ക്ക്
വേണ്ടി തിരിമറി നടത്തുന്ന സംസ്ഥാന നേതാവ് മുജാഹിദ് പ്രസ്ഥാനത്തിന്റെ
തലപ്പാത്താണിരിക്കുന്നത് എന്നോര്‍ക്കണം.
കൊല്ലുന്ന
രാജാവിന് തിന്നുന്ന മന്ത്രി!
സംസ്ഥാന
പ്രസിഡന്റിന് അരക്കോടിയിലധികം തിരിമറി നടത്താമെങ്കില്‍, സഹഭാരവാഹികള്‍ക്ക്
മോശമല്ലാത്ത ഒരു സംഖ്യ സ്വന്തം കാര്യത്തിന് ഉപയോഗിച്ചാലെന്ത്? സഹഭാരവാഹികള്‍
എന്നാല്‍ സഹഡയറക്ടര്‍മാര്‍ എന്നുകൂടി ചേര്‍ത്ത് വായിക്കണം. കാരണം, സി ഡി ടവര്‍
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ എന്നത് കെ എന്‍
എം സംസ്ഥാന ഭാരവാഹികള്‍ തന്നെ! അഥവാ, ടി പി അബ്ദുല്ലക്കോയ
മദനിയും എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും പാലത്ത് അബ്ദുറഹ്മാന്‍
മദനിയും എം അബ്ദുല്‍ അസീസ് ഡോക്ടറും സലീം ചാലിയവും തുടങ്ങി ഒമ്പത്
പേരാണ് ഡയറക്ടര്‍മാര്‍. അതില്‍ തന്നെ ടി പി അബ്ദുല്ലക്കോയ മദനി ചെയര്‍മാനും
ഡോ: എം അബ്ദുല്‍ അസീസ് മാനേജിംഗ് ഡയറക്ടറും.
പറഞ്ഞു
വന്നത്, ചില ഡയറക്ടര്‍മാരുടെ
തിരിമറികളെ സംബന്ധിച്ചാണ്. സി ഡി ടവര്‍ സംരംഭത്തില്‍ മുതല്‍
മുടക്കിയവര്‍ക്ക് ലാഭമോ അല്ലെങ്കില്‍ പലിശയോ ആയി റിട്ടേണ്‍
നല്‍കേണ്ടതുണ്ടല്ലോ. അങ്ങനെ നല്‍കേണ്ട ലാഭവിഹിതം വൈറ്റ്മണിയായി നല്‍കിയ
ഒന്നര ലക്ഷം രൂപക്കുള്ളതേ രേഖപ്രകാരം നല്‍കാനാവൂ എന്നത് ഒരു കീറാമുട്ടിയായിരുന്നു.
സംസ്ഥാന നേതാവിന്റെ ഫറോക്കിലെ സ്ഥാപനം വഴി വന്ന ‘വിത്തൗട്ട്’ മണിയിലെ
ഒന്നര ലക്ഷത്തിനും ലാഭവിഹിതമോ പലിശയോ നല്‍കേണ്ടതുണ്ടല്ലോ? ആ പണം എങ്ങനെ
സൂക്ഷിക്കുമെന്നതും എങ്ങനെ കൈമാറുമെന്നതും ഡയറക്ടര്‍മാര്‍ക്കിടയില്‍
ചര്‍ച്ചയായത്രെ! ബാങ്കില്‍ നിക്ഷേപിക്കാന്‍ നിവൃത്തിയില്ല.
അങ്ങനെ തല്‍ക്കാലം ആ പണം ഡയറക്ടര്‍മാര്‍ക്കിടയില്‍ വീതം വെച്ച് കൈവശം വെക്കാനും യഥാസമയങ്ങളില്‍ നിക്ഷേപകര്‍ക്ക്
നല്‍കാനും തീരുമാനിച്ചുവത്രെ! എന്നാല്‍, പിന്നീട് നിക്ഷേപകര്‍ക്ക്
നല്‍കാനായി പണം തിരികെ ചോദിച്ചപ്പോള്‍ ചില ഡയറക്ടര്‍മാര്‍ക്ക് പണം തിരികെ
നല്‍കാനാവുന്നില്ല! ആ പണം ഏതോ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍
മുതലിറക്കിപ്പോയിരിക്കുന്നു! സാധാരണക്കാരായ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍
പണ്ഡിതന്‍മാരായ കെ എന്‍ എം നേതാക്കളെ വിശ്വസിച്ചേല്‍പ്പിച്ച ഒരു
അമാനത്തില്‍ നിന്നും കൊള്ള ചെയ്ത് തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം
വികസിപ്പിക്കുന്ന ഈ കച്ചവടക്കാരെ നാം എന്ത് പേരിട്ട് വിളിക്കണം? നവോത്ഥാനപ്രസ്ഥാനത്തിന്റെ
നായകരെന്നോ? അതോ, മനസ്സാക്ഷി മരവിച്ച
കച്ചവടക്കാരെന്നോ? അത്
വായനക്കാര്‍ തന്നെ തീരുമാനിക്കുക. സി ഡി ടവര്‍ നിലവില്‍ വരും മുമ്പുള്ള
ചിലരുടെ ആസ്തിയും അതിനു ശേഷമുള്ള ആസ്തിയും ഒരു അന്വേഷണത്തിന്
വിധേയമാക്കുന്നത് നല്ലതാണ്. മറുപക്ഷത്തുള്ളവരുടെ സാമ്പത്തിക
ക്രമക്കേടുകള്‍ ഞങ്ങള്‍ പുറത്ത് പറയാത്തത് ഞങ്ങളുടെ മാന്യത കൊണ്ടാണെന്ന്
നേതാക്കളുടെ കൈയടി വാങ്ങാന്‍ വലിയ വായില്‍ വിളിച്ചു കൂവുന്ന കായക്കൊടിക്കാരന്‍
ഇതിന് ധൈര്യപ്പെടുമോ എന്നു കൂടി സാന്ദര്‍ഭികമായി ചോദിക്കട്ടെ.
വിഷയത്തിലേക്ക് വരാം. കേരള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായ കേരള നദ്‌വതുല്‍
മുജാഹിദീന്റെ പഴയകാല നേതാക്കള്‍ക്ക് സമൂഹത്തില്‍ ഇസ്‌ലാമിക ദഅ്‌വത്ത്
യഥാവിധം എത്തിക്കുക എന്നതായിരുന്നു ചര്‍ച്ചകളിലെ പ്രധാന അജണ്ടയെങ്കില്‍, ഒരു
നൂറ്റാണ്ടിന്റെ നവോത്ഥാന പാരമ്പര്യം പറഞ്ഞ് അഴിഞ്ഞിലത്ത് ഗുണ്ടകള്‍
അഴിഞ്ഞാടി 8-ാം സമ്മേളനം
നടത്തിയ 21-ാം നൂറ്റാണ്ടിലെ
നേതാക്കള്‍ക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടമായിരുന്നു പ്രധാന ചര്‍ച്ചാ
വിഷയമെന്ന് ചുരുക്കം!!
പള്ളിയുടെ
സ്ഥലവും വിറ്റു തുലച്ചു!?
കോഴിക്കോട്
നഗരത്തില്‍ വികസന സാധ്യത നിലനില്‍ക്കുന്ന സ്വപ്‌നനഗരിയുടെ പ്രവേശന കവാടത്തില്‍
വിശാലമായ ഒരു സലഫി മസ്ജിദ് ഉയര്‍ന്ന് വരിക എന്നതും കൂടിയായിരുന്നു
സി ഡി ടവര്‍ ഷോപ്പിംഗ് കോംപ്ലക്‌സ് സംരംഭത്തില്‍ മുതല്‍ മുടക്കാന്‍
ഇസ്വ്‌ലാഹീ പ്രവര്‍ത്തകരെ കൂടുതല്‍ പ്രേരിപ്പിച്ചത് എന്ന് മുകളില്‍
സൂചിപ്പിച്ചുവല്ലോ? ഏതാണ്ട്
ഒരേക്കറിലധികം വരുന്ന സ്ഥലത്തില്‍ 25 സെന്റോളം സ്ഥലം പള്ളിക്കായി
നീക്കി വെക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍
കാണിച്ച താല്‍പര്യമൊന്നും പള്ളിയുടെ നിര്‍മ്മാണ
കാര്യത്തില്‍ നമ്മുടെ നേതാക്കളായ ഡയറക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല.
കാരണം, പള്ളിയില്‍ നിന്ന്
മാസാമാസം വിഹിതം കിട്ടില്ലല്ലോ!
സ്ഥലമെടുത്ത ശേഷം സുദീര്‍ഘമായ പതിനഞ്ച് വര്‍ഷങ്ങള്‍ കടന്ന് പോയതിന്
ശേഷമാണ് ഇപ്പോള്‍ പേരിനൊരു പള്ളി കോംപ്ലക്‌സിന്റെ പിന്‍ഭാഗത്തായി ഇക്കഴിഞ്ഞ
റമളാനില്‍ പണി തീര്‍ത്തത്. സംസ്ഥാനമൊട്ടാകെ കോടിക്കണക്കിന് രൂപയുടെ
പള്ളികള്‍ സ്ഥാപിക്കുന്ന കെ എന്‍ എം സംഘടനയുടെ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കുന്ന
ഒരു സംരംഭത്തിനാണ് ഈ ദുര്‍ഗതി സംഭവിച്ചത് എന്നോര്‍ക്കണം നമ്മള്‍.
അതും കോഴിക്കോട് നഗരത്തില്‍ കെ എന്‍ എമ്മിന് കീഴിലും നിയന്ത്രണത്തിലുമായി
പ്രധാനപ്പെട്ട ഒരു പള്ളി പോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍.
രണ്ട് പ്രധാന പള്ളികളായ പട്ടാളപ്പള്ളിയും മുഹ്‌യിദ്ദീന്‍ പള്ളിയും
മടവൂരികളുടെ നിയന്ത്രണത്തിലാണല്ലോ?
പറഞ്ഞ്
വന്നത്, പള്ളിക്ക്
വേണ്ടി നീക്കി വെച്ച സ്ഥലത്തില്‍ പാതി സ്ഥലം ഇവര്‍ വിറ്റു
തുലച്ചതിനെ പറ്റിയാണ്. കോഴിക്കോട്ടെ പ്രമുഖ ഹോസ്പിറ്റലായ ബേബി മെമ്മോറിയലിന്റെ
പുതിയ ബ്ലോക്ക് സി ഡി ടവര്‍ കോംപ്ലക്‌സിന്റെ ഏതാണ്ട് എതിര്‍
വശത്തായാണ് പണി കഴിപ്പിച്ചിട്ടുള്ളത്. അതിന്റെ എതിര്‍ വശത്താണ് ഹോസ്പിറ്റലിന്റെ
പാര്‍ക്കിംഗ് ഏരിയ. അതായത്, സി ഡി ടവര്‍
കോംപ്ലക്‌സിനോട് ചേര്‍ന്ന്
കിടക്കുന്ന സ്ഥലമാണത്. ഹോസ്പിറ്റലിലേക്ക് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക്
ചെയ്യാന്‍ വിശാലമായ ഒരു ഏരിയ തന്നെയുണ്ട്. എന്നാല്‍, ഒരു സുപ്രഭാതത്തില്‍
നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്ത, പള്ളി പണിയാനായി സി ഡി ടവര്‍ കോംപ്ലക്‌സിന് സമീപം
നീക്കി വെച്ചിരുന്ന 25 സെന്റോളം
സ്ഥലത്തില്‍ പകുതി
സ്ഥലവും ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് ഏരിയ വിശാലമാക്കാനായി കെ എന്‍ എം നേതാക്കള്‍
(അഥവാ, സി ഡി ടവര്‍
ഡയറക്ടര്‍മാര്‍) വില്‍പ്പന നടത്തി എന്നതാണ്!!
അഞ്ചാംനില
വിവാദവും മുജാഹിദ് സെന്ററും
കെ എന്‍
എമ്മിന്റെ സംസ്ഥാന കാര്യാലയമായി സി ഡി ടവറിന്റെ അഞ്ചാം നില പണം കൊടുത്തു
വാങ്ങണമോ വേണ്ടയോ എന്നതും അക്കാലത്ത് കെ എന്‍ എമ്മിലും മുജാഹിദ് പ്രവര്‍ത്തകരിലും
ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ച ഒരു വിഷയമായിരുന്നു. കാലങ്ങളായി
റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആനിഹാള്‍ റോഡിലായിരുന്നു കെ എന്‍ എമ്മിന്റെ
ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ട്രെയിന്‍മാര്‍ഗ്ഗം വരുന്നവര്‍ക്കും
ബസിന് വരുന്നവര്‍ക്കും ഒരുപോലെ എളുപ്പത്തില്‍ എത്തിച്ചേരാന്‍
കഴിയുന്ന ഒരു ലൊക്കേഷനായിരുന്നു ആനിഹാള്‍ റോഡിലെ മുജാഹിദ് സെന്റര്‍.
ഇവിടെ സൗകര്യങ്ങള്‍ അല്‍പ്പം കുറവായിരുന്നു എന്നത് ശരി തന്നെ. നേതാക്കളെ
സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം, അവരുടെ പേരും പദവിയും എഴുതിയ ബോര്‍ഡ്
തൂക്കി തിരിയുന്ന കസേരയില്‍ ഉപവിഷ്ഠരാവാന്‍ പറ്റുന്ന ഒരു ശീതീകരിച്ച
മുറിയുടെ അഭാവമായിരുന്നു. എന്നാല്‍ മുറികള്‍ ശീതീകരിച്ച ശേഷമായിരുന്നു
നേതാക്കള്‍ക്ക് ഏറ്റവുമധികം ചൂടും പുകയും തുടങ്ങിയത് എന്നത് മറ്റൊരു രസം.
മാത്രവുമല്ല, സംഘടനയില്‍
പ്രമാണിമാരുടെ എണ്ണം കൂടിക്കൂടി വരുന്ന അവസരത്തില്‍ പഴഞ്ചന്‍
സൗകര്യങ്ങളില്‍ മുന്നോട്ടു പോകാനുള്ള ഒരു ചമ്മലും അവര്‍ക്കുണ്ടായിരിക്കണം.
ഏതായാലും, അല്‍പ്പം
സൗകര്യത്തോടു കൂടിയ ഒരു പുതിയ ആസ്ഥാനം ഉണ്ടാക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഈയൊരു ആവശ്യത്തിനായി
മാത്രം ആനിഹാള്‍ റോഡില്‍ പഴയ മുജാഹിദ് സെന്ററിന് സമീപത്തായി വാങ്ങിയ 50 സെന്റ്
സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താന്‍ നേതാക്കള്‍ താല്‍പര്യം കാണിച്ചില്ല
എന്ന ചോദ്യം പ്രസക്തമാണ്. ആനിഹാള്‍ റോഡിലെ സ്ഥലത്ത് ബില്‍ഡിംഗ്
പണിയാന്‍ അനുവാദം ലഭിക്കുന്നില്ലെന്നും ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നുമാണ്
നേതാക്കളുടെ വിശദീകരണം. എന്നാല്‍, ആനിഹാള്‍ റോഡില്‍
ഇന്ന് ഈ 50 സെന്റ്
സ്ഥലമല്ലാതെ യാതൊരു സ്ഥലവും ബില്‍ഡിംഗ് പണിയാതെ കാലിയായി
കിടക്കുന്നില്ല എന്ന് ഇവിടെ സന്ദര്‍ശിക്കുന്ന ആര്‍ക്കും നേരില്‍ കണ്ട്
ബോധ്യപ്പെടാവുന്ന കാര്യമാണ്. വര്‍ഷങ്ങളായി, മാലിന്യങ്ങള്‍ കൊണ്ടു തള്ളാന്‍
പറ്റിയ ഒരു കാടുമൂടിയ സ്ഥലമായിരുന്നു ഇതെങ്കില്‍ ഈയിടെയായി ഒരു പ്രമുഖ ടെക്‌സ്റ്റൈല്‍
ഷോപ്പിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടായി ഈ സ്ഥലം ഉപയോഗിച്ചു
കൊണ്ടിരിക്കുകയാണ്. വൈകാതെ ഈ സ്ഥലവും പ്രസ്തുത ടെക്‌സ്റ്റൈല്‍സിന്റെ
പാര്‍ക്കിംഗ് ഏരിയക്കായി വില്‍പ്പന നടത്തി എന്ന് നമ്മള്‍ക്ക്
കേള്‍ക്കേണ്ടി വരുമോ ആവോ! കാരണം, കെ എന്‍ എമ്മിന്റെ ഇന്നത്തെ നേതൃത്വത്തിന്റെ ഭാഗത്ത്
നിന്നും നമുക്ക് എന്തും പ്രതീക്ഷിക്കാം. ഏതായാലും, ഈ സ്ഥലം വെറുതെ കിടക്കവെയാണ് സി
ഡി ടവറിന്റെ അഞ്ചാം നില കോടികള്‍ കൊടുത്തു വാങ്ങി മുജാഹിദ് സെന്റര്‍ എന്ന
സംവിധാനം ആളുകള്‍ക്ക് പൊതുവെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള
സ്വപ്‌ന നഗരി റോഡിലേക്ക് മാറ്റുന്നത്! ഈ നീക്കത്തിന് പിന്നിലും സി ഡി
ടവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍മാരായ കെ എന്‍ എം
നേതാക്കളുടെ കച്ചവട താല്‍പര്യമായിരുന്നു എന്ന് വേണം കരുതാന്‍.
കെ എന്‍ എമ്മിന്റെ ആസ്ഥാനം സി ഡി ടവറിലേക്ക് മാറ്റുന്നതുമായി
ബന്ധപ്പെട്ട് ചര്‍ച്ച നടന്ന കെ എന്‍ എം സംസ്ഥാന എക്‌സിക്യൂട്ടീവില്‍
പ്രധാന പ്രവര്‍ത്തകരെല്ലാം വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും സി ഡി
ടവറിന്റെ മുതലാളിമാരായ കെ എന്‍ എം സംസ്ഥാന നേതാക്കള്‍ പ്രസ്തുത തീരുമാനം
അംഗീകരിപ്പിക്കുകയായിരുന്നുവത്രെ. പ്രസ്തുത യോഗത്തില്‍ ഏറ്റവും രൂക്ഷമായ
വിമര്‍ശനം നടത്തിയത് സി ഡി ടവര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഒരു
സ്ഥാനവുമില്ലാത്ത അബ്ദുറഹ്മാന്‍ സലഫിയായിരുന്നു. അരയിടത്തുപാലത്തെ
ഒറ്റപ്പെട്ട ഒരു സ്ഥലത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന്റെ അഞ്ചാംനില
എന്നത് ഒരു ‘മുടക്കാച്ചരക്കായ’ വസ്തുവാണെന്നും
അത് കോടികള്‍ കൊടുത്തു
വാങ്ങിപ്പിക്കുവാനുള്ള തന്ത്രം ഹീനമാണെന്നും എ പിയുടെയും ടി പിയുടെയും
മുഖത്ത് നോക്കി തുറന്നടിച്ചുവത്രെ അന്ന് മങ്കടക്കാരന്‍. സി ഡി ടവര്‍
വാങ്ങാനുള്ള ഫണ്ടിന്റെ കളക്ഷനുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച കോഴിക്കോട്
കെ എം എ ഓഡിറ്റോറിയത്തില്‍ അക്കാലത്ത് നടന്നപ്പോള്‍ ആ ചര്‍ച്ചയില്‍
പങ്കെടുക്കാതെ ഓഡിറ്റോറിയത്തിന് പുറത്തിരുന്ന് തന്റെ പ്രതിഷേധം
അറിയിച്ച ആളാണ് മങ്കടക്കാരന്‍. എന്നാല്‍, പില്‍ക്കാലത്ത് അതേ അഞ്ചാം
നിലയില്‍ ഗ്രൂപ്പ് യോഗം വിളിച്ചാണ് ടിയാന്‍ പ്രസ്ഥാനത്തിന്റെ മയ്യിത്ത്
ക്വബ്‌റിലേക്കെത്തിക്കാന്‍ ശ്രമിച്ചത് എന്നത് ചരിത്രത്തിലെ മറ്റൊരു
വൈരുദ്ധ്യം. അതേ അഞ്ചാം നിലയിലെ തിരിയുന്ന കസേരയിലാണ് ഇന്ന് മഹാനവര്‍കളുടെ
കണ്ണ് എന്നതും കൂടി കൂട്ടി വായിക്കുമ്പോള്‍ ആ വൈരുദ്ധ്യത്തിന്
മാറ്റ് കൂടും. അന്ന് പ്രസ്തുത അഞ്ചാംനിലക്ക് പണമാവശ്യപ്പെട്ട്
കൊണ്ട് ശാഖകളിലേക്ക് ഇവര്‍ അയച്ച സര്‍ക്കുലറില്‍ എത്രയാണ് വിലയായി
ആവശ്യപ്പെട്ടിരുന്നത് എന്നും യഥാര്‍ത്ഥത്തില്‍ എത്ര വിലക്കാണ് അത് കച്ചവടം
ചെയ്തത് എന്നതുമെല്ലാം പുറത്ത് വരിക തന്നെ ചെയ്യും. ഒന്നും ഈ ലേഖനത്തോടെ
അവസാനിക്കും എന്ന് ആരും കരുതേണ്ടതില്ല. അല്ലാഹു ആയുരാരോഗ്യവും തൗഫീഖും
തന്നാല്‍ ഇനിയും ചിലതൊക്കെ പുറത്ത് വിടാനുണ്ട്. ഏതായാലും ആകെ മുങ്ങി.
ഇനിയെന്ത് കുളിര് കൂട്ടരേ?
കോടികള്‍
എങ്ങനെ കണ്ടെത്തി?
കെ എന്‍
എമ്മിന്റെ ആസ്ഥാനത്തിന് വേണ്ടി സി ഡി ടവറിന്റെ അഞ്ചാംനില കോടികള്‍
കൊടുത്തു വാങ്ങി എന്ന് പറഞ്ഞുവല്ലോ? ഇവിടെയും വലിയൊരു തമാശയുണ്ട്. വാങ്ങുന്നവരും
വില്‍ക്കുന്നവരും യഥാര്‍ത്ഥത്തില്‍ ഒരേ കൂട്ടര്‍ തന്നെ! എ പിയും ടി
പിയും പാലത്തും അസീസ് ഡോക്ടറുമടങ്ങുന്നവര്‍ ഡയറക്ടര്‍മാരായ സി ഡി ടവര്‍
പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുതല്‍ അതേ നേതാക്കള്‍ ഭാരവാഹികളായ
കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംഘടന കോടികള്‍ കൊടുത്തു വാങ്ങുന്നു!!
ഇപ്പോഴത്തെ കെ ജെ യുവും കെ എന്‍ എമ്മും പോലെത്തന്നെ കാര്യങ്ങള്‍.
കോഴിക്കോട് മുജാഹിദ് സെന്ററില്‍ യോഗം ചേര്‍ന്നാല്‍ അത് കെ എന്‍ എം
യോഗവും പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ യോഗം ചേരുമ്പോള്‍ അത് കെ ജെ യു
യോഗവുമായി മാറുന്നു! ചേരുവകളും മസാലകളും എല്ലാം ഒന്നു തന്നെ! പാചകം ചെയ്യുന്ന
ചട്ടി മാറുമ്പോള്‍ സാധനത്തിന്റെ പേര് മാറുന്നു. ”ഞാനിട്ടാല്‍ ട്രൗസര്‍,
മുതലാളിയിട്ടാല്‍ അത് ബര്‍മുഡ” എന്ന് പണ്ടൊരു വേലക്കാരന്‍ പറഞ്ഞത്രെ! സാധനം ഒന്നു തന്നെ!
ഇടുന്ന ആള്‍ക്കനുസരിച്ച് സാധനത്തിന്റെ പേരു മാറും. അതുപോലെത്തന്നെയാണ് കെ
ജെ യുവിന്റെയും കെ എന്‍ എമ്മിന്റെയും കാര്യം. പണ്ഡിതന്‍മാര്‍ക്കെതിരില്‍
ആദര്‍ശവ്യതിയാനം ആരോപിക്കുന്ന വിദ്വാന്‍ കെ എന്‍ എം നേതാവ്! ഈ വിഷയം പണ്ഡിത
സഭയായ കെ ജെ യുവിന്റെ തീരുമാനത്തിന് വിടാന്‍ തീരുമാനിക്കുന്നതും
ഇവര്‍ തന്നെ. എന്നിട്ട് പുളിക്കലിലേക്ക് വണ്ടി കയറി കെ ജെ
യുവിന്റെ തീരുമാനം നിര്‍മ്മിക്കുന്നതും ഇവര്‍! പിന്നീട് ആ തീരുമാനം
നടപ്പിലാക്കാന്‍ കെ എന്‍ എമ്മിനെ ഏല്‍പ്പിക്കുന്നതും ഇവര്‍! പുളിക്കലില്‍
നിന്ന് തിരിച്ച് വണ്ടി കയറി മുജാഹിദ് സെന്ററിലെത്തി അത് നടപ്പിലാക്കുന്നതും
ഇവര്‍ തന്നെ! ദോഷം പറയരുതല്ലോ? എല്ലാ യാത്രക്കും കൃത്യമായ ടി എ എഴുതി വാങ്ങുന്നുണ്ടാവണം! ഫണ്ട് ലാപ്‌സായി പോകരുതല്ലോ! നാട്ടിന്‍പുറത്തെ
രാമേട്ടന്റെ ചായക്കട പോലെ ഒരു സംവിധാനമാണിത്. ആരെങ്കിലും വന്ന്
ചായക്ക് ഓര്‍ഡര്‍ ചെയ്താല്‍ കൗണ്ടറിലിരിക്കുന്ന രാമേട്ടന്‍ ഉടനെ അടുക്കളയിലേക്ക്
നോക്കി ”ഒരു സ്‌ട്രോങ്ങ്
ചായേയ്….” എന്ന്
വിളിച്ചു കൂവും. എന്നിട്ട്
രാമേട്ടന്‍ തന്നെ അടുക്കളയില്‍ പോയി ചായ ഒഴിക്കും. എന്നിട്ട് മൂപ്പര്‍
തന്നെ ചായ കൊണ്ടു വന്നു കൊടുക്കും. ”ഒരു ചായ, ഒരു ബോണ്ട, ഇവിടെ പത്തു രൂപാ…” എന്ന്
രാമേട്ടന്‍ തന്നെ കൗണ്ടറിലേക്ക് നോക്കി വിളിച്ച് പറയും. എന്നിട്ട്
മൂപ്പിലാന്‍ തന്നെ കൗണ്ടറിലെത്തി കാഷും വാങ്ങും. ഇതാണ് രാമേട്ടന്റെ
ചായക്കടയിലെ കഥ. ഇതുതന്നെയാണ് കെ എന്‍ എമ്മിലെയും കെ ജെ യുവിലെയും
കഥ! എല്ലാം ചെയ്യുന്നത് കെ എന്‍ എമ്മിലെ ‘രാമേട്ടന്‍’ തന്നെ. ലോകത്ത്
മറ്റൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത ഒരു സംവിധാനമാണിത്. ആരോപണം ഉന്നയിക്കുന്ന
വ്യക്തി തന്നെ അന്വേഷണ കമ്മീഷനായി പ്രത്യക്ഷപ്പെടുന്നു! അയാള്‍ തന്നെ
ചാര്‍ജ്ജ് ഷീറ്റ് തയ്യാറാക്കുന്നു! അയാള്‍ തന്നെ പ്രതിക്കെതിരില്‍
പ്രോസിക്യൂഷന്‍ വക്കീലായി വാദിക്കുന്നു! ഒടുക്കം അയാള്‍ തന്നെ കേസില്‍
വിധി പറയുന്ന ജഡ്ജിയായും പ്രത്യക്ഷപ്പെടുന്നു! അവസാനം അയാള്‍ തന്നെ
ആരാച്ചാരായി വന്നു തൂക്കുകയും ചെയ്യുന്നു! ഇതൊക്കെ സാന്ദര്‍ഭികമായി പറഞ്ഞുവെന്നേയുള്ളൂ.
വേണ്ടി വന്നാല്‍ മറ്റൊരിക്കല്‍ വിശദമായി പറയാം. പറയാനുള്ള
അവസരം തരാതിരിക്കലായിരിക്കും കോക്കസിന് നല്ലത്.
പറഞ്ഞ്
വന്നത്, അഞ്ചാംനില
വാങ്ങാനുള്ള കോടികള്‍ കണ്ടെത്തിയതിനെക്കുറിച്ചാണല്ലോ? പ്രവര്‍ത്തകര്‍ക്ക് റസീപ്റ്റ്
നല്‍കി പണം പിരിക്കാന്‍
ശ്രമം നടത്തി നോക്കി. പക്ഷെ, ഈ തീരുമാനത്തോട് അന്നേ പലര്‍ക്കും വിയോജിപ്പുള്ളത് കൊണ്ടാവണം, ഉദ്ദേശിച്ച
സംഖ്യയുടെ നാലയലത്ത് പോലും ഫണ്ട് പിരിവ് എത്തിയില്ലത്രെ!
വിദേശത്തും കുറെ കറങ്ങി നോക്കി. ചങ്ങരംകുളം സമ്മേളനം കഴിഞ്ഞ്
ബാക്കിയുണ്ടായിരുന്ന ഒരു കോടിയിലധികം ഇതിലേക്ക് മറിച്ചുവെന്നാണ്
സംസാരം. അല്ലാഹുവിനറിയാം. കോഴിക്കോട് സാല്‍വേഷന്‍ നടത്തിയതില്‍
ബാക്കിയുണ്ടായിരുന്ന പണം ഐ എസ് എമ്മില്‍ നിന്നും കണക്ക് പറഞ്ഞ്
വാങ്ങിയിട്ട് അത് എന്ത് ചെയ്തുവെന്ന് അറിഞ്ഞു കൂടാ. ഇതൊക്കെ ചെയ്തിട്ടും
പണം തികഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്!? അങ്ങനെ ‘തികയാത്ത’ പണം
ഒപ്പിക്കാന്‍ വിചിത്രമായ ഒരു തന്ത്രമാണ് നമ്മുടെ നേതാക്കളായിരുന്നവര്‍ ചെയ്തത്.
പള്ളിക്ക് വേണ്ടി മാറ്റി വെച്ച സ്ഥലത്തില്‍ പകുതി ഹോസ്പിറ്റലിന് വില്‍ക്കുക!!
അങ്ങനെ ആ ദുരന്തം സംഭവിച്ചു! ഈ കച്ചവടത്തിലൂടെ ഇവര്‍ നടത്തിയ വളയച്ചാട്ടം
ഞാന്‍ വിവരിക്കുന്നുണ്ട്. ഇരുന്നും നടന്നും കിടന്നും തലകുത്തി മറിഞ്ഞും
ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത അത്യന്തം രസകരവും വൈരുദ്ധ്യവും നിറഞ്ഞ ഒരു
കച്ചവടമാണത്. സി ഡി ടവറില്‍ ഷെയറെടുത്ത ഷെയര്‍ ഹോള്‍ഡേഴ്‌സിനെ കെ എന്‍ എം
നേതാക്കള്‍ പറ്റിച്ചതിന്റെയും വഞ്ചിച്ചതിന്റെയും മറ്റൊരു ഉദാഹരണമാണ് ഈ
കച്ചവടവും. സ്ഥലം സി ഡി ടവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണല്ലോ? അഥവാ, കമ്പനിയില്‍
പണം മുടക്കിയ ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെ സ്വത്ത്. അപ്പോള്‍ അതില്‍ പെട്ട സ്ഥലം വില്‍പ്പന നടത്തുമ്പോള്‍
ആദ്യമായി അവരുടെ സമ്മതം വാങ്ങണം. എന്നാല്‍ ഷെയര്‍ ഹോള്‍ഡേഴ്‌സില്‍
ഭൂരിഭാഗവും ഈ കാര്യം അറിഞ്ഞിട്ടു പോലുമില്ല. അതും പോകട്ടെ. ഇനി അങ്ങനെ
സ്ഥലം വിറ്റാല്‍ അതിന്റെ പണം കിട്ടേണ്ടതാര്‍ക്കാണ്? ഈ ഷെയര്‍ ഹോള്‍ഡേഴ്‌സിന്
തന്നെയാണ്. സി ഡി ടവറിന്റെ അഞ്ചാം നില വിറ്റാല്‍ അതിന്റെ പണം
കിട്ടേണ്ടത് ആര്‍ക്കാണ്? ഈ ഷെയര്‍
ഹോള്‍ഡേഴ്‌സിന് തന്നെയാണ്. എന്നാല്‍, കെ എന്‍ എം നേതാക്കള്‍/സി ഡി
ഡയറക്ടര്‍മാര്‍ പറയുന്നതും സാമാന്യബുദ്ധിയുള്ള ഒരാള്‍ക്കും
മനസ്സിലാകാത്തതുമായ കാര്യമാണ് ഇനി പറയാന്‍ പോകുന്നത്. അഥവാ, സി ഡി
ടവറിന്റെ അഞ്ചാംനില കെ എന്‍ എമ്മിന് വിറ്റു. കെ എന്‍ എമ്മിന്
അതിന്റെ വില മുഴുവനും തരാന്‍ പറ്റാതെ വന്നപ്പോള്‍ അത് കണ്ടെത്താനായി
സി ഡി ടവറിന്റെ തന്നെ പതിമൂന്ന് സെന്റോളം സ്ഥലം ബേബി മെമ്മോറിയലിന്
വിറ്റു. എന്നിട്ട് അഞ്ചാംനിലയുടെ ഇടപാട് തീര്‍ത്തു! ഭയങ്കര കച്ചവടമല്ലേ
ഇത്? എനിക്കൊരാള്‍
പണം തരാനുണ്ടെങ്കില്‍ ആ തരാനുള്ള ആളുടെ സ്ഥലം അയാള്‍ വിറ്റ് എന്റെ കടം
വീട്ടുകയല്ലേ ചെയ്യേണ്ടത്? അതിന് പകരം
എന്റെ സ്ഥലം ഞാന്‍
തന്നെ വിറ്റ് എന്റെ കടം ഞാന്‍ തന്നെ വീട്ടുന്ന ഈ ഏര്‍പ്പാട് മനുഷ്യനെ
ഒരുമാതിരി വട്ടം കറക്കുന്ന ഏര്‍പ്പാടാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഞാനൊരാള്‍ക്ക്
പണം നല്‍കാനുണ്ടെങ്കില്‍, ഞാന്‍ എന്റെ
സ്വത്ത് വിറ്റ് ആ കടം
വീട്ടുകയല്ലേ വേണ്ടത്? അതിന് പകരം
ഞാന്‍ ആര്‍ക്കാണോ പണം നല്‍കാനുള്ളത്, അയാളുടെത്തന്നെ
ഒരു സ്ഥലം അയാളറിയാതെ വിറ്റിട്ട് അയാളുടെ കടം വീട്ടുന്നതിനെ സംബന്ധിച്ച്
നിങ്ങള്‍ എന്ത് പറയുന്നു!? ആര്‍ക്കും മനസ്സിലാകാത്ത
ഒരു കണക്കാണിത്. കുട്ടികളുടെ ബുദ്ധി പരീക്ഷിക്കുവാനെന്ന മട്ടില്‍
പുതുതായി വന്ന മാഷ് ഒരിക്കല്‍ വട്ടം കറക്കുന്ന ഒരു ചോദ്യം ചോദിച്ചത്രെ.
ചോദ്യം ഇതായിരുന്നു. എന്റെ വീട് രണ്ട് നില വീടാണ്, ആ വീട്ടിലെ റൂമില്‍
നിന്നും നൂറ് രൂപയെടുത്ത് ഞാന്‍ അങ്ങാടിയില്‍ പോയി അമ്പത് രൂപക്ക് സാധനം വാങ്ങി, അങ്ങാടിയിലേക്ക്
രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. തിരിച്ച് വീട്ടിലെത്തി അമ്പത് രൂപ
വീട്ടില്‍ തന്നെ വെച്ചു. എന്നാല്‍ എന്റെ വയസ്സെത്ര? ചോദ്യം
കേട്ട് എല്ലാവരും അമ്പരന്നപ്പോള്‍ ക്ലാസിലെ പിന്‍ബഞ്ചിലിരിക്കുന്ന ഒരു
കുരുത്തം കെട്ടവന്‍ ഉടനെ ചാടിയെണീറ്റു പറഞ്ഞു, ”വയസ്സ് നാല്‍പതല്ലേ മാഷേ?” മാഷ് അല്‍ഭുതത്തോടെ, ”വെരിഗുഡ്, എങ്ങനെ ഇത്ര കൃത്യമായി
മനസ്സിലായി?” എന്ന്
ചോദിച്ചത്രെ. കുട്ടിയുടെ മറുപടി ഇതായിരുന്നു. ”അത് വളരെ എളുപ്പമല്ലേ മാഷേ.
എന്റെ വീടിനടുത്ത് ഒരു അര വട്ടനുണ്ട്. അയാള്‍ക്ക് ഇരുപത് വയസ്സായി.
അപ്പോള്‍ മാഷിന് നാല്‍പത്!” ആളെ വട്ടം കറക്കുന്ന ഈ
ചോദ്യവും ഉത്തരവും പോലെ ആലോചിച്ചാല്‍ തല പെരുക്കുന്ന ഒരു തരം കച്ചവടമാണിത്.
ഇതിനുത്തരം ആര്‍ക്കും മനസ്സിലാകില്ല. സി ഡി ഡയറക്ടര്‍മാര്‍ക്കോ കെ എന്‍ എം
ഡയറക്ടര്‍മാര്‍ക്കോ പോലും വിശദീകരിക്കാന്‍ കഴിയാത്ത ഒരു കച്ചവടമാണിത്.
സ്വന്തം മുതല് വിറ്റ് അതിന്റെ പണം കിട്ടാന്‍ വീണ്ടും
സ്വന്തം മുതല് തന്നെ വില്‍ക്കുക! എപ്പടി ഐഡിയാ? കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി…ആരാന്റെ
പണത്തിന്റെ ബലത്തില്‍ ഡയറക്ടര്‍ കസേരയിലിരുന്ന് തിരിയുന്നവര്‍ക്കും
അലവന്‍സ് പറ്റുന്നവര്‍ക്കും നഷ്ടമൊന്നുമില്ലല്ലോ. എല്ലാ
ഷെയര്‍ ഹോള്‍ഡേഴ്‌സും മൂന്ന് ലക്ഷം രൂപാ വീതം മുടക്കിയപ്പോള്‍
എ പി അബ്ദുല്‍ ഖാദിര്‍ മൗലവി എത്രയാണ് മുടക്കിയതെന്ന് ഒന്ന് അന്വേഷിക്കുന്നത്
നന്നായിരിക്കും. ഇതുമാത്രമല്ല. ഇതിന് ഷെയര്‍ പിരിക്കുന്ന
കാലത്ത്, ഓരോ ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ
പേരിലും ബില്‍ഡിംഗില്‍ ഒരു റൂം ഉണ്ടാകും എന്ന് വാക്കാലുള്ള ഒരു വാഗ്ദാനവും നല്‍കപ്പെട്ടിരുന്നുവത്രെ!
എന്നാലിന്ന്, പ്രസ്ഥാനത്തിലെ
പ്രശ്‌നങ്ങള്‍ കാരണം ആ ബില്‍ഡിംഗിലേക്ക്
തന്നെ കേറാന്‍ പറ്റാത്ത അവസ്ഥയിലാണ് ഷെയര്‍ ഹോള്‍ഡേഴ്‌സില്‍ പലരും!
കച്ചവടത്തിന്റെ
ലാഭവിഹിതം കൊടുക്കുന്നില്ലെങ്കില്‍ പോകട്ടെ. ഏറ്റവും ചുരുങ്ങിയത്
അതിന്റെ പണം മുടക്കിയവരുടെ പ്രതീക്ഷയായിരുന്ന വിശാലമായ ഒരു പള്ളിയെങ്കിലും
അവിടെ ഉയര്‍ന്ന് വന്നിരുന്നെങ്കില്‍ സമാധാനമുണ്ടായിരുന്നു. 15 വര്‍ഷങ്ങള്‍ക്ക്
ശേഷം ഇപ്പോള്‍ ഉണ്ടാക്കിയ പള്ളിയെ തെക്കന്‍ കേരളത്തിലെ ‘തൈക്യാവ്’ എന്നോ
വടക്കന്‍ കേരളത്തിലെ ഒരു ‘സ്രാമ്പ്യ’ എന്നോ വിളിക്കുന്നതായിരിക്കും
നല്ലത്. പള്ളിയാകട്ടെ, തങ്ങളുടെ
ഷെയറില്‍ നിന്നുള്ള പണമുപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും അതിലെ പ്രതിഫലത്തിലൊരു പങ്ക് പരലോകത്ത്
ലഭിക്കുമെന്നും ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ആരും ദിവാസ്വപ്‌നം കാണേണ്ടതില്ല.
പള്ളിയുണ്ടാക്കിയത് കെ എന്‍ എമ്മോ സി ഡി ഗ്രൂപ്പോ അല്ല. എന്തെല്ലാം
ദോഷങ്ങളുണ്ടെങ്കിലും നിഷ്‌കളങ്കനും ദാനശീലനുമായ പി കെ അഹ്മദ് സാഹിബാണത്രെ
പള്ളിയുണ്ടാക്കിക്കൊടുത്തത്. എന്തൊക്കെയായാലും, അല്ലാഹു അദ്ദേഹത്തിന്
അതിന് തക്കതായ പ്രതിഫലം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കേണ്ടതാണ്.
പള്ളിക്കായി നീക്കി വെച്ച സ്ഥലത്തിന്റെ പകുതിയും വിറ്റു
തുലച്ചു. വിറ്റതിന്റെ പണമാകട്ടെ, ഷെയര്‍ ഹോള്‍ഡേഴ്‌സിന് കിട്ടിയതുമില്ല. ഇപ്പോള്‍ ഖിബ്‌ല
പോലും നേരാം വണ്ണം ശരിയാക്കാതെ ഏങ്കോണിച്ച് സ്വഫ്ഫ് കെട്ടി, കൂടിയാല്‍
ആണും പെണ്ണും കൂടി പത്തറുനൂറ് പേര്‍ക്ക് മാത്രം കഷ്ടിച്ച്
നമസ്‌കരിക്കാവുന്ന ഒരു പള്ളി പണിതിരിക്കുന്നു. പള്ളിക്ക്
വിശാലതയില്ലെങ്കിലെന്ത്? ചിലരുടെ
പള്ളക്ക് നല്ല വിശാലതയുണ്ടായല്ലോ!
മുജാഹിദ്
പ്രസ്ഥാനത്തിന്റെ മറവില്‍ ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്ന തരികിടകളുടെയും
താന്തോന്നിത്തരങ്ങളുടെയും ഒരു സാമ്പിള്‍ മാത്രമാണിത്. ചിലതെല്ലാം
ഇനിയും പുറത്ത് വരാനുണ്ട്. ട്രാപ്പും ബ്ലാക്ക്‌മെയിലിങ്ങും ഇതുവെച്ച്
മാത്രമാണ് എന്ന് ആരും ധരിക്കരുത്. മറ്റു ചില ആയുധങ്ങള്‍ കൂടി ചിലരുടെ
കയ്യിലുണ്ട്. കുതന്ത്രം മാത്രം കൈമുതലാക്കിയ ഒരുത്തന്‍ മുജാഹിദ് പ്രസ്ഥാനത്തെ
നശിപ്പിക്കാനിറങ്ങിത്തിരിക്കുമ്പോള്‍ അതിന് നാം കൂട്ടു നില്‍ക്കണോ
എന്നാണ് ഇനിയും കാര്യമറിയാതെ കോക്കസിന്റെ വാലില്‍ തൂങ്ങിയ സംഘടനാ ‘മുക്വല്ലിദുകള്‍’ ചിന്തിക്കേണ്ടത്.
തന്റെ കുത്സിത പ്രവര്‍ത്തനങ്ങളെയെല്ലാം
ന്യായീകരിക്കാന്‍ രണ്ട് ”വാടകപ്രാസംഗിക”രെ ഇടവും വലവും നിര്‍ത്തി
ഒരു ഫിത്‌നക്കാരന്‍ നടത്തുന്ന നെറി കെട്ട പൊറാട്ടു നാടകങ്ങളാണ്
ഇപ്പോള്‍ കെ എന്‍ എമ്മില്‍ നടക്കുന്നത്. മങ്കടക്കാരന് രക്ഷാ കവചമായി
ചുറ്റും നടക്കുന്നവരുടെ ഓരോരുത്തരുടെയും ചരിത്രം ജനങ്ങളൊന്ന് അന്വേഷിക്കുന്നത്
നന്നായിരിക്കും. കള്ളരേഖകള്‍ ചമച്ച് കോടികള്‍ സമ്പാദിച്ചവനും
യതീം മക്കളുടെ ലക്ഷങ്ങള്‍ മുക്കിയവനുമെല്ലാം അതിലുണ്ട്. അതൊന്നും
ഞങ്ങളെക്കൊണ്ട് വെവ്വേറെ പോസ്റ്റ്‌മോര്‍ട്ടം നടത്തിക്കരുത് എന്നാണ്
കോക്കസ് നേതാവിനോടും അനുയായികളോടും തല്‍ക്കാലം എനിക്ക് പറയാനുള്ളത്.
എന്റെ പ്രിയ
ആദര്‍ശ ബന്ധുക്കളേ! നമ്മുടെ സംഘടനയുടെ നേതാക്കളാണ് എന്നത് കൊണ്ടു
മാത്രം ഇതെല്ലാം വക വെച്ചു കൊടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? മതപ്രബോധന
രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണല്ലോ നാം? വിശിഷ്യാ, ഒരു മഹത്തായ നവോത്ഥാന
പ്രസ്ഥാനത്തിലെ കണ്ണികളാണല്ലോ നാം? നിഷ്‌കളങ്കതയുടെയും നിസ്വാര്‍ത്ഥതയുടെയും
ആള്‍രൂപവും സാത്വികനുമായിരുന്ന മഹാനായ കെ പി മുഹമ്മദ് മൗലവി ഇരുന്ന
കസേരയില്‍ കുതന്ത്രത്തിന് കൈയും കാലും മുളച്ച വ്യക്തികള്‍ ഇരിക്കണോ
വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് ഇനിയും തെറ്റിദ്ധരിച്ച് അവരുടെ കൂടെ നില്‍ക്കുന്നവര്‍
തന്നെയാണ്. സുഹൃത്തുക്കളേ! ബോധപൂര്‍വ്വം തന്നെയാണ് ഞാനീ
എഴുതുന്നതൊക്കെ. ഈ ലേഖനത്തിനെതിരിലോ എനിക്കെതിരിലോ എങ്ങനെ പ്രതികരിച്ചാലും
അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്. കാരണം, ഇങ്ങനെയെഴുതാനേ എനിക്കറിയൂ.
ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ ശരിയാവില്ല. നന്‍മയുടെ പാരമ്പര്യമുള്ള
ഒരു പ്രസ്ഥാനം ഇന്ന് എല്ലാ തിന്‍മകളുടെയും കൂത്തരങ്ങായി മാറുമ്പോള്‍, അതെല്ലാം
കണ്ടും കേട്ടും കൈയും കെട്ടി ചിലര്‍ നില്‍ക്കുമ്പോള്‍ ഇത്രയെങ്കിലും
പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. കണ്ണുള്ളവരെല്ലാം കാണുന്നു മങ്കടക്കാരന്റെ
ഫിത്‌നകള്‍. കാതുള്ളവരെല്ലാം കേള്‍ക്കുന്നു
അയാളെക്കുറിച്ചുള്ള പരാതികള്‍. ഹൃദയമുള്ളവരെല്ലാം വേദനിക്കുന്നു
സംഘടനയുടെ ഇന്നത്തെ നെറികേടുകള്‍ കണ്ട്. മനസ്സാക്ഷിയുള്ളവരെല്ലാം
കണ്ണീരോടുകൂടി പ്രസ്ഥാനത്തിന്റെ പടിയിറങ്ങുകയോ ഇറക്കി
വിടപ്പെടുകയോ ചെയ്യുന്നു. ഹൃദയങ്ങള്‍ക്ക് സീല് വെക്കപ്പെട്ട, കണ്ണും കാതുമെല്ലാം
കൊട്ടിയടക്കപ്പെട്ട കുറെ സംഘടനാ ഭക്തന്‍മാരും സലഫീ വിരോധികളുമാണ്
ഇപ്പോള്‍ കെ എന്‍ എമ്മിലുള്ളത്. പിന്നെ കാര്യമറിയാതെ ഒപ്പം കൂടിയ കുറെ
പാവങ്ങളും. അധികാരത്തിമിര് ബാധിച്ച എ പിയും ടി പിയും ചിലതെല്ലാം ഭയന്ന് മൗനാനുവാദത്തോടു
കൂടി ഇരിക്കുന്നു. ഭൂകമ്പത്തില്‍ എല്ലാം തകരാന്‍ പോകുന്നു
എന്ന മുന്നറിയിപ്പ് കിട്ടുമ്പോഴും ഒക്കത്തിരിക്കുന്ന കുട്ടിയെ വലിച്ചെറിഞ്ഞ്
അലമാരയിലെ സ്വര്‍ണാഭരണം എടുക്കാന്‍ പായുന്ന അത്യാഗ്രഹിയായ വീട്ടമ്മയുടെ
മാനസികാവസ്ഥയിലാണ് അവര്‍. ക്വബ്‌റിലേക്ക് മൂന്ന് കഷ്ണം തുണി മാത്രം
കൊണ്ടു പോകാനേ നിവൃത്തിയുള്ളൂ. അല്ലായിരുന്നുവെങ്കില്‍, മരിക്കാന്‍ പോകുന്നതിന്
തൊട്ടു മുമ്പ് തങ്ങളിത്രയും കാലം ഇരുന്ന കസേര കൂടി ക്വബ്‌റില്‍ വെക്കാന്‍
പറയുമായിരുന്നു കെ എന്‍ എമ്മിന്റെ ചില നേതാക്കള്‍. തങ്ങളുടെ കസേരകള്‍ നില
നിര്‍ത്താന്‍ അത്രത്തോളം തരംതാഴ്ന്ന കളികളാണ് ഇക്കഴിഞ്ഞ സംഘടനാ
തെരഞ്ഞെടുപ്പിന്റെ സമയത്ത് നേതാക്കള്‍ കളിച്ചത്. അതിന് വേണ്ടി അവര്‍ മങ്കടക്കാരന്റെ
കോക്കസ് കളികളെ നിര്‍ലജ്ജം കൂട്ടു പിടിക്കുകയായിരുന്നു. പക്ഷെ, അത്
കുടത്തില്‍ നിന്നിറങ്ങിയ ഭൂതമാണ്. ഭൂതത്തിന് പണി കൊടുത്തില്ലെങ്കില്‍
ഭൂതത്തിനെ കുടത്തില്‍ നിന്നിറക്കി വിട്ടവര്‍ക്ക് പണി കിട്ടും. ആ
പണിയാണ് ഇപ്പോള്‍ എ പിക്കും ടി പിക്കും കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇതൊരു നിന്ദ്യതയാണ് സഹോദരങ്ങളേ. അല്ലെങ്കില്‍, തന്റെ തന്തക്ക് വിളിച്ചവനെ
തലയിലേറ്റി നടക്കേണ്ട ഗതികേട് എ പി അബ്ദുല്‍ ഖാദിര്‍ മൗലവിക്ക്
വരുമായിരുന്നോ? ”നിനക്ക് എത്ര
തന്തയുണ്ടെടാ” എന്ന് ചോദിച്ചവനെ
സഹപ്രവര്‍ത്തകനായി കൊണ്ടു നടന്ന് വാഴ്ത്തിപ്പറയേണ്ട നിസ്സഹായത അനസ്
മൗലവിക്കുണ്ടാകുമായിരുന്നോ? ‘വിഷപ്പാമ്പുകള്‍’ എന്ന് വിശേഷിപ്പിച്ചവരുടെ
പാമ്പിന്‍കൂട്ടിലെ അന്തേവാസിയാകേണ്ട ഗതികേട് ഹനീഫ് കായക്കൊടിക്ക്
വരുമായിരുന്നോ? ഇതിലും വലിയ
നിന്ദ്യതകള്‍ അവരിനിയും അനുഭവിക്കാനിരിക്കുന്നു. ചിലതെല്ലാം അനതിവിദൂരമല്ലാത്ത ഭാവിയില്‍ നമുക്ക് കണ്‍കുളിര്‍ക്കെ
കാണാം. മുന്നില്‍ നിന്നും പിന്നില്‍ നിന്നും ഇടത്ത് നിന്നും
വലത്ത് നിന്നും നിരന്തരം പ്രഹരമേറ്റ് കൊണ്ടിരിക്കുകയാണ് ഇന്ന് കെ എന്‍ എം
നേതൃത്വത്തിന്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കരുവള്ളി മുഹമ്മദ് മൗലവിയുടെ
ചിന്തിപ്പിക്കുന്ന പത്രപ്രസ്താവന. .
ആരാണ്
കരുവള്ളി? എന്താണ്
അദ്ദേഹത്തിന് പറയാനുള്ളത്?
കരുവള്ളി
മുഹമ്മദ് മൗലവിയെ ഒരു ലേഖനത്തിലൂടെ പരിചയപ്പെടുത്താന്‍ ഞാനാളല്ല.
എനിക്കതിനുള്ള യോഗ്യതയുമില്ല. പക്ഷെ, കരുവള്ളിയെ ഇന്നത്തെ കെ എന്‍ എം
നേതൃത്വം മറന്നിട്ട് കാലം കുറച്ചായി. എങ്കിലും, ”എന്ത് കരുവള്ളി, ഏത് കരുവള്ളി?” എന്ന് ചില
കോക്കസ് കുഞ്ഞാടുകള്‍ ചോദിക്കുമ്പോള്‍ ചിലത് പറയാതിരിക്കാന്‍
വയ്യ. കോക്കസിന്റെ ആ ചോദ്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
മൂന്ന് പതിറ്റാണ്ടോളമായി മുജാഹിദ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച്
വരുന്ന, നിരവധി
ഖണ്ഡനങ്ങളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും
എതിരാളികളുടെ കണ്ണിലെ കരടായി മാറിയ സകരിയ്യാ സ്വലാഹിയെക്കുറിച്ച്, ”എന്ത്
സകരിയ്യ?” എന്ന്
ചോദിച്ചവര്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ട്
കാലമായി പ്രബോധന രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന, മുജാഹിദ്
പ്രസ്ഥാനത്തിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകാന്‍ കാരണക്കാരനായ ഹുസൈന്‍
സലഫിയെക്കുറിച്ച് ”ഏത് ഹുസൈന്‍?” എന്ന്
ചോദിച്ചവര്‍, ശിര്‍ക്കിന്റെ വിഗ്രഹമൂര്‍ത്തികളെയും
അതിന്റെ പൂജകരെയും മുന്നിലിരുത്തി തൗഹീദിന്റെ പടഹധ്വനി
മുഴക്കിയ മുജാഹിദ് ബാലുശ്ശേരിയെക്കുറിച്ച് ”എവിടത്തെ മുജാഹിദ്?” എന്ന്
ചോദിച്ചവര്‍, മുജാഹിദ്
പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും സലഫീ മസ്ജിദുകളുടെ ഉയര്‍ച്ചക്കും
സാമ്പത്തികമായി ഏറ്റവുമധികം സഹായം ലഭിക്കുവാന്‍ കാരണക്കാരനായ
പി എന്‍ അബ്ദുല്ലത്തീഫ് മദനിയെക്കുറിച്ച് ”ആരാണീ പി എന്‍?” എന്ന്
ചോദിച്ചവര്‍ യാതൊരു ഉളുപ്പിമില്ലാതെ ”എന്ത് കരുവള്ളി? ഏത് കരുവള്ളി?” എന്ന്
ചോദിച്ചേക്കും. മഹാനായ ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റഹി)യെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടപ്പോള്‍, ”ഓന്റെ ഒരു
ഒലക്കമ്മലെ അഹ്മദ് ബ്‌നു ഹമ്പല്‍” എന്ന് പ്രതികരിച്ച പണ്ഡിത മഹാ കേസരികള്‍ക്ക് പിന്നെ മുകളില്‍ പറഞ്ഞ മുജാഹിദ്
പണ്ഡിതന്‍മാരെക്കുറിച്ച് എന്താണ് പറഞ്ഞു കൂടാത്തത്? (ഇത് പറഞ്ഞ പണ്ഡിത കേസരി
തൗബ ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹു പൊറുത്തു കൊടുക്കട്ടെ) മഹാന്‍മാരായ
അഹ്‌ലുസ്സുന്നയുടെ ഇമാമുമാര്‍ക്കും ലോക സലഫീ പണ്ഡിതന്‍മാര്‍ക്കും
മുജാഹിദ് സെന്ററിലെ വാച്ച്മാന്റെ വില പോലും കല്‍പ്പിക്കാത്ത കെ എന്‍
എമ്മിന്റെ ഇന്നത്തെ ‘മഹാരഥന്‍മാര്‍’ക്കും അവരുടെ റാന്‍മൂളികളായ
അനുയായികള്‍ക്കും കുറച്ച് കാലമായി ‘കരുവള്ളി’ എന്നത് മലപ്പുറം
ജില്ലയിലെ കരിഞ്ചാപാടിയിലുള്ള ഒരു തറവാടിന്റെ പേര് മാത്രമാണ്. പക്ഷെ, നിഷ്പക്ഷമായി
ഇസ്വ്‌ലാഹീ ചരിത്രത്തെ നോക്കിക്കാണുന്നവര്‍ക്ക് ‘കരുവള്ളി’ എന്നത്
മുജാഹിദ് പ്രസ്ഥാനത്തിന്റെ സംഘടനാ ചരിത്രം പഠിക്കാനുള്ള ഒരു ചരിത്ര
പുസ്തകമാണ്. കരുവള്ളി മുഹമ്മദ് മൗലവി, തന്റെ പൊതുജീവിതത്തിന്റെ മുക്കാലും
നടന്ന് തീര്‍ത്തതിന്റെ ശേഷമാണ് കോക്കസിന്റെ ഇന്നത്തെ സ്ഥിരം വായാടികള്‍
ജന്‍മം കൊണ്ടതു തന്നെ. കോക്കസിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാ സ്വാഗതസംഘത്തിന്റെ
ഉത്തരവാദപ്പെട്ട സ്ഥാനത്ത് കരുവള്ളിയെ തെരഞ്ഞെടുത്ത പത്രവാര്‍ത്ത
വന്ന് രണ്ട് ദിവസം കഴിഞ്ഞാണ് മാധ്യമത്തിലൂടെ കരുവള്ളി ചില വെളിപ്പെടുത്തലുകള്‍
നടത്തിയത്. പൊതുരംഗത്ത്, വിശിഷ്യാ
മുസ്‌ലിം ലീഗിന്റെ സംസ്ഥാന
ലീഡര്‍മാര്‍ക്കിടയിലും ഏറെ ആദരണീയനാണ് കരുവള്ളി. ഇപ്പോള്‍ നടക്കുന്ന
ആദര്‍ശപരമായ വിവാദങ്ങളില്‍ അദ്ദേഹം എത്രത്തോളം ബോധവാനാണെന്നോ അല്ലെങ്കില്‍
അദ്ദേഹത്തിന് എന്തൊരു മെസ്സേജാണ് ലഭിച്ചിരിക്കുന്നതെന്നോ കൃത്യമായി
അറിയില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ച
വാദപ്രതിവാദ രംഗത്തോ ഖണ്ഡന രംഗത്തോ കരുവള്ളി സാന്നിധ്യമായിരുന്നില്ലെങ്കിലും
സംഘടനയുടെ മുന്‍ നിരയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
അതുകൊണ്ടു തന്നെ സംഘടനാപരമായ കാര്യങ്ങളില്‍ കരുവള്ളി ഒരഭിപ്രായം പറഞ്ഞാല്‍
അതിന് പ്രഥമ പരിഗണന നല്‍കേണ്ടതുണ്ട് മുജാഹിദ് പ്രസ്ഥാനം. എന്നാല്‍, ഒന്നര വര്‍ഷമായി
മങ്കടക്കാരന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്
കരുവള്ളിയും. മുജാഹിദ് സെന്ററില്‍ ഗ്രൂപ്പ് യോഗം വിളിച്ച
അബ്ദുറഹ്മാന്‍ സലഫിയെ മലപ്പുറം ഈസ്റ്റ് ജില്ലയിലേക്ക് കെ ജെ യുവിന്റെ
പേരിലുള്ള ആദര്‍ശ വിശദീകരണ യോഗങ്ങള്‍ക്ക് പറഞ്ഞയക്കരുതെന്ന് രേഖാമൂലം
ആവശ്യപ്പെട്ടിരുന്നു കരുവള്ളി മുഹമ്മദ് മൗലവി. തികച്ചും ന്യായമായിരുന്നു
ആ ആവശ്യം. എന്നാല്‍, ഏറെ
പ്രാധാന്യത്തോടെ കരുവള്ളി നല്‍കിയ ആ കടലാസിന്, മുജാഹിദ്
സെന്ററിലേക്ക് നാലുമണിച്ചായയുടെ കൂടെ കൊണ്ടു വരുന്ന ഉണ്ടംപൊരി
പൊതിഞ്ഞ കടലാസിന്റെ വില പോലും നല്‍കിയില്ല എ പിയും ടി പിയുമടങ്ങുന്ന
നമ്മുടെ ‘മഹാന്‍മാരായ’ നേതാക്കള്‍!!
മഞ്ചേരിയില്‍ നടന്ന അന്നത്തെ യോഗത്തിനയച്ചില്ലെങ്കിലും ജില്ലയില്‍ പലേടത്തും പിന്നീട് മങ്കടക്കാരന്‍
തന്നെയാണ് വിശദീകരണങ്ങളിലെ മുഖ്യ പ്രഭാഷകനായത്. കരുവള്ളിയുടെ കത്തിലെ
പ്രധാന വിഷയമായ ഗ്രൂപ്പുയോഗത്തെക്കുറിച്ച് നേതാക്കള്‍ അന്വേഷിക്കുകയോ
അതിന്റെ മുഖ്യ ശില്‍പ്പിയായ മങ്കടക്കാരനെതിരില്‍ നടപടിയെടുക്കുകയോ
ചെയ്തില്ല. ചുരുട്ടിക്കൂട്ടി ചവറ്റു കൊട്ടയിലെറിഞ്ഞിട്ടുണ്ടാകും
അവരാ പരാതിക്കടലാസ്! അല്ലെങ്കില്‍, ”താങ്കളീ എഴുതിയതൊന്നും
ശരിയല്ല” എന്ന് അവര്‍
കരുവള്ളിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കട്ടെ.
അബ്ദുറഹ്മാന്‍ സലഫിയുടെ ‘നിരപരാധിത്വം’ ആരറിഞ്ഞില്ലെങ്കിലും
കരുവള്ളി അറിയണമല്ലോ. അതുമുണ്ടായില്ല. തമാശയായി പറയാറുണ്ട്.
മുജാഹിദ് സെന്ററില്‍ രണ്ട് ഫയലുകളാണുള്ളത് എന്ന്. ഒന്ന്, ഓരോ നാട്ടിലെയും
സലഫീ പ്രവര്‍ത്തകര്‍ക്കെതിരില്‍ ആ നാട്ടിലെ അക്വ്‌ലാനികള്‍ എഴുതിക്കൊടുക്കുന്ന
പരാതികള്‍ സൂക്ഷിക്കുന്ന ഫയല്‍. അതിവര്‍ വീട്ടിലെ ആധാരം സൂക്ഷിക്കുന്നത്
പോലെ സൂക്ഷിക്കും. കുട്ടികള്‍ അക്ഷരമാല പഠിക്കുന്നത് പോലെ ആവര്‍ത്തിച്ചുരുവിട്ട്
പഠിക്കുകയും ചെയ്യും. രണ്ടാമത്തെ ഫയല്‍, അബ്ദുറഹ്മാന്‍ സലഫിയെക്കുറിച്ച്
പല പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ സൂക്ഷിക്കുന്ന ഫയല്‍.
ആ പരാതി ഇവര്‍ വായിക്കാറില്ല. മറിച്ച്, പരാതിയുടെ അടിയില്‍ എഴുതിയ
പരാതിക്കാരന്റെ പേരും മേല്‍വിലാസവും കാണാതെ പഠിക്കും. പിറ്റെ ആഴ്ച്ച
പരാതിക്കാരന്റെ വീട്ടില്‍ സ്ഥലം പോസ്റ്റ്മാന്‍ ഒരു രജിസ്റ്റര്‍
കത്തുമായി കാത്തു നില്‍ക്കുന്നുണ്ടാകും. അവനെ സംഘടനയില്‍ നിന്നും
പുറത്താക്കിയ സന്തോഷവാര്‍ത്തയുണ്ടാകും ആ കത്തില്‍. ഈയിടെ ഈയുള്ളവനെ പുറത്താക്കിക്കൊണ്ടുള്ള
കത്ത് ലഭിക്കുകയുണ്ടായി. ഇക്കഴിഞ്ഞ കര്‍ക്കിടക മാസത്തിലെ
കോരിച്ചൊരിയുന്ന മഴവെള്ളത്തില്‍ കളിക്കാന്‍ ഞാനാ കടലാസിന്റെ കോപ്പി
കൊണ്ട് എന്റെ ചെറിയ മോള്‍ക്ക് ഒരു തോണിയുണ്ടാക്കിക്കൊടുത്തു. ദോഷം പറയരുതല്ലോ!
പുറത്താക്കുന്നതിന് മുമ്പ് ഈയുള്ളവനെ വിചാരണക്ക് വിളിച്ചിരുന്നു.
മൂന്ന് കാരണങ്ങള്‍ കൊണ്ട് ഞാന്‍ ആ വിചാരണക്ക് പോയില്ല. ഒന്ന്, എന്നെ വിചാരണ
ചെയ്യാനുള്ള ജഡ്ജിമാരിലൊരാള്‍ കണ്ണൂര്‍കാരന്‍ ഡോ: മുഹമ്മദ്
കുഞ്ഞിയായിരുന്നു. എറണാകുളം സാല്‍വേഷന്റെ സമയത്ത് ഇയാളും ഹനീഫ് കായക്കൊടിയും
തമ്മില്‍ ഒരു വാഗ്വാദമുണ്ടായപ്പോള്‍ ഇയാളെക്കുറിച്ച് കായക്കൊടി
എന്നോട് പറഞ്ഞത് ‘ചവറ്’ എന്നാണ്.
എന്നെ വിചാരണ ചെയ്യാന്‍ പോയിട്ട്, ആദര്‍ശപരമായി
എന്റെ കാലിനടിയിലിരിക്കാനുള്ള യോഗ്യത അയാള്‍ക്കില്ല. രണ്ട്, വിചാരണക്ക്
വിളിക്കുന്നവരുടെ മുഖത്ത് നോക്കി ”അടിച്ച് നിന്റെ പല്ല് കൊഴിക്കുമെടാ” എന്ന് വീമ്പിളക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ
‘കൊടിസുനി’ അവിടെയുണ്ടാകാം.
ഈ മുപ്പത്തഞ്ചാം വയസ്സില്‍ ഒരു വെപ്പുപല്ല് വാങ്ങി ഫിറ്റ്
ചെയ്യാന്‍ എനിക്ക് തീരെ താല്‍പര്യമില്ല. മൂന്ന്, എന്നേക്കാള്‍ പ്രായമുള്ളവരുടെ
പല്ല് അടിച്ച് കൊഴിക്കാന്‍ എനിക്ക് ആഗ്രഹമേയില്ല.
പറഞ്ഞ്
വന്നത്, അബ്ദുറഹ്മാന്‍
സലഫിയെക്കുറിച്ചുള്ള പരാതിയെക്കുറിച്ചാണല്ലോ? മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ കൂടെ തോളോടുതോളുരുമ്മി
നടന്ന കരുവള്ളിയുടെ പരാതി പോലും ചവറ്റുകൊട്ടയിലെറിയാനാണ് അഹങ്കാരികളും
ധിക്കാരികളുമായ കെ എന്‍ എമ്മിന്റെ ഇന്നത്തെ നേതൃത്വം ധൃഷ്ടരായത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി എല്ലാം കണ്ടും കേട്ടും വീര്‍പ്പു മുട്ടി
കഴിയുകയായിരുന്നു ബഹുമാന്യനായ കരുവള്ളി. അവസാനം സഹി കെട്ട് ചിലതെല്ലാം
തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഒക്‌ടോബര്‍ 25ന് പുറത്തിറങ്ങിയ
മാധ്യമം ദിനപ്പത്രത്തിലാണ് സംഘടനയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ചും
പ്രതികളെക്കുറിച്ചും കരുവള്ളി അല്‍പ്പം വിശദമായിത്തന്നെ
പറഞ്ഞിരിക്കുന്നത്. അദ്ദേഹം പറഞ്ഞ പോയിന്റുകളെ നമുക്കിങ്ങനെ
സംഗ്രഹിക്കാം
1) തൗഹീദിലും
അല്ലാഹുവല്ലാത്തവരോട് വിളിച്ച് പ്രാര്‍ത്ഥിക്കല്‍ ശിര്‍ക്കാണെന്ന കാര്യത്തിലും
ഇരുവിഭാഗത്തിനും അഭിപ്രായ വ്യത്യാസമില്ല.
(കരുവള്ളിയുടെ
ഈ അടി ടി പി, ഡോ: ബഷീര്‍, കെ വി
അബ്ദുല്ലത്തീഫ് മൗലവി എന്നിവരുടെ മുഖത്തേക്ക് ഞങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യുന്നു)
2) പണ്ഡിതന്‍മാര്‍
തമ്മില്‍ അടച്ചിട്ട മുറിയിലിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണം.
(ഇത്, പരസ്യമായി
വിശദീകരണ യോഗത്തിനിറങ്ങിയ അബ്ദുറഹ്മാന്‍ സലഫി, ഹനീഫ് കായക്കൊടി, അനസ് മൗലവി
എന്നീ മൂവര്‍സംഘത്തിന്റെ മുഖത്തേക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു)
3) പ്രശ്‌ന
പരിഹാരത്തിന് താനടക്കമുള്ളവര്‍ പല പ്രാവശ്യം ഓടി നടന്നിട്ടും ചിലര്‍ അത്
അട്ടിമറിക്കുന്നു.
(ഇത്
അബ്ദുറഹ്മാന്‍ സലഫിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു)
4) ഇതിനെല്ലാം
പിന്നില്‍ സംഘടനയെ ഹൈജാക്ക് ചെയ്യുന്ന ഒരു ഉപജാപക സംഘമാണ്.
(ഇത്
അബ്ദുറഹ്മാന്‍ സലഫി, നൂര്‍ഷ, റസാഖ് ബാഖവി
എന്നിവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു)
5) അഴിഞ്ഞിലം
സമ്മേളനത്തില്‍ ഐക്യാഹ്വാനം നടത്തിയ ഹുസൈന്‍ സലഫിയെ അതേ വേദിയില്‍
വെച്ച് അബ്ദുറഹ്മാന്‍ സലഫി രൂക്ഷമായി വിമര്‍ശിച്ചത് ശരിയായില്ല.
(ഇത്
മോങ്ങത്തുള്ള സിക്കന്തരീ മുരീദിനും, അല്ലാഹുവിന്റെ സൃഷ്ടിയായ ജിന്നിനെയും
സാങ്കല്‍പ്പിക കഥാപാത്രമായ വിഷ്ണുവിനെയും കൂട്ടിക്കെട്ടി ഒരു സങ്കര ഇനമായ ‘ജിഷ്ണു’വിനെ
പരിചയപ്പെടുത്തിയ എം എം അക്ബറിനും ഡെഡിക്കേറ്റ് ചെയ്യുന്നു)
6) ഇതിലുള്ള
തന്റെ പ്രതിഷേധം അന്നു തന്നെ എ പിയെയും ടി പിയെയും അറിയിച്ചിട്ടുണ്ട്.
(സംശയിക്കേണ്ട.
ഇത് എ പിക്കും ടി പിക്കും മാത്രം സമര്‍പ്പിക്കുന്നു)
7) ഐക്യത്തിന്
ശ്രമിക്കുന്നവരെ സംഘടനയില്‍ നിന്നും പുറത്താക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
(ഐക്യാഹ്വാനം
നടത്തിയ ഹുസൈന്‍ സലഫിക്ക് നേരെ കുരച്ച് ചാടിയ മങ്കടക്കാരന് തന്നെ കിടക്കട്ടെ ഇത്)
8) അഴിഞ്ഞിലം
സമ്മേളനത്തിന് ശേഷം കെ എന്‍ എമ്മില്‍ ആളുകള്‍ കൂടുകയല്ല, കുറയുകയാണ്
ചെയ്തത്.
(കടപ്പുറത്ത് ‘പതിനായിരങ്ങളെ’ കണ്ട്
പ്രാന്തായി തെറി വിളിച്ച് പറഞ്ഞ മജീദ് സ്വലാഹിക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു.
9) നേതാവാകണമെന്ന
ചിലരുടെയെല്ലാം അത്യാഗ്രഹമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
(ഇത് എ പി, ടി പി, അബ്ദുറഹ്മാന്‍
സലഫി, നൂര്‍
മുഹമ്മദ് നൂര്‍ഷ, ഡോ: സുല്‍ഫിക്കര്‍, മജീദ്
സ്വലാഹി തുടങ്ങിയവരില്‍ ആര് വേണമെങ്കിലും നറുക്കിട്ട് എടുത്തു
കൊള്ളട്ടെ)
10) ദശാബ്ദത്തിലേറെയായി
കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായ താനറിയാതെ
ഇപ്പോള്‍ മറ്റൊരു പരീക്ഷാ ബോര്‍ഡ് ഉണ്ടാക്കിയിരിക്കുകയാണ്.
(ഇപ്രാവശ്യത്തെ
മദ്രസാ പരീക്ഷാ പേപ്പര്‍ ഉണ്ടാക്കി കുളമാക്കിയ ആ മഹാനും പരീക്ഷാ
പേപ്പര്‍ കയ്യില്‍ പിടിച്ച് അന്തം വിട്ടിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും
ഇത് സമര്‍പ്പിക്കുന്നു)
11) സംഘടനയിലെ
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കുവൈറ്റിലെ ഇഹ്‌യാഉത്തുറാസില്‍
ഇസ്‌ലാമി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണം.
(ഇഹ്ഹായുഉത്തുറാസിനേക്കാള്‍
വലിയ വിലയുള്ള കത്തയച്ച ”കതബഹു, അബ്ദുറഹ്മാനുബ്‌നു
മുഹ്യിദ്ദീനും” അത്
സമ്മേളനത്തില്‍ വായിച്ച മങ്കട അബ്ദുറഹ്മാനും ഇത് ഡെഡിക്കേറ്റ്
ചെയ്യുന്നു.
12) മുജാഹിദ്
പ്രസ്ഥാനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് തന്റെ അന്ത്യാഭിലാഷം.
(ആദര്‍ശ
വ്യതിയാനമുണ്ടായിയെന്ന് തെളിയിക്കപ്പെട്ട മടവൂരികളുമായി കെട്ടിപ്പിടിക്കാന്‍
ഓടി നടക്കുന്ന എ പി, ടി പി
എന്നിവര്‍ക്കും അതിന് പാര വെക്കാന്‍ നടക്കുന്ന മൂവര്‍സംഘത്തിനും
ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു)
സുഹൃത്തുക്കളേ!
മുകളില്‍ പറഞ്ഞ പന്ത്രണ്ട് കാര്യങ്ങളും ഏതെങ്കിലും വ്യക്തിയുടെ
പിച്ചും പേയും പറച്ചിലല്ല. കെ എന്‍ എമ്മിന്റെ രൂപീകരണം തൊട്ട് ഇന്നുവരെ ഈ
പ്രസ്ഥാനത്തിന്റെ കൂടെ നടന്ന ഒരു കാരണവരുടെ അന്ത്യാഭിലാഷവും കണ്ടെത്തലും
പരാതികളുമാണ്. ഒരു മഹത്തായ പ്രസ്ഥാനത്തെ ഒരു കുതന്ത്രക്കാരനും അയാളുടെ
കൂട്ടാളികളും കൂടി ക്രൂരമായി വെട്ടി മുറിക്കുന്നത് ഹൃദയം വിണ്ടു കീറുന്ന
വേദനയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന, അല്ല, നേരിട്ട് അനുഭവിച്ചറിഞ്ഞ
ഒരു വന്ദ്യ വയോധികന്റെ വിലാപമാണിത്. ഈ പ്രസ്ഥാനത്തെ സ്വന്തം മക്കളേക്കാളേറെ
സ്‌നേഹിച്ച ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളാണിത്.
അവരുടെ ഉള്ളില്‍ നിന്നുയരുന്ന തേങ്ങലുകളാണിത്. രാത്രിയുടെ
രണ്ടാം യാമത്തില്‍ എണീറ്റ് തഹജ്ജുദ് നമസ്‌കരിക്കുന്ന ചില നിഷ്‌കളങ്കരുടെ
കണ്ണില്‍ നിന്നും മുസ്വല്ലയിലേക്ക് ഒലിച്ചിറങ്ങുന്ന കണ്ണീര്‍കണങ്ങളാണിത്.
എ പി അബ്ദുല്‍ ഖാദിര്‍ മൗലവീ! എം മുഹമ്മദ് മദനീ! നിങ്ങളിതൊന്നും
കാണുന്നും കേള്‍ക്കുന്നിമില്ലേ? നിങ്ങളുടെ കാതുകളില്‍ ഈയം ഉരുക്കി ഒഴിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക്
മരിച്ച് പോകണമെന്ന ചിന്തയില്ലേ? പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന ബോധമില്ലേ? ചെയ്ത് കൂട്ടുന്നതും പറഞ്ഞു തള്ളുന്നതുമായ
കാര്യങ്ങള്‍ കൃത്യമായി ഒരു ഏടില്‍ രേഖപ്പെടുത്തപ്പെടുമെന്ന അറിവില്ലേ
നിങ്ങള്‍ക്ക്? മൂന്ന് കഷ്ണം
തുണിയില്‍ പൊതിഞ്ഞ് പള്ളിക്കുള്ളില്‍ നീണ്ട് നിവര്‍ന്ന് മയ്യിത്ത്
കട്ടിലില്‍ കിടക്കുമ്പോള്‍ അതിന് പിന്നില്‍ നിന്ന് കൈകള്‍ നെഞ്ചില്‍ കെട്ടി
”അല്ലാഹുമ്മഗ്ഫിര്‍ലഹു…” എന്ന്
ഉള്ളുരുകി പ്രാര്‍ത്ഥിക്കാന്‍
എത്ര പേരുണ്ടാകുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതെല്ലാം ചിന്തിക്കേണ്ട
സമയമല്ലേ ഇത്? ഇനി ആരെയാണ്
നിങ്ങള്‍ കാത്തിരിക്കുന്നത്? ആര്‍ക്ക്
വേണ്ടിയാണ് നിങ്ങളീ കോമാളി വേഷം കെട്ടുന്നത്? സ്വന്തം ക്വബ്‌റില്‍
മങ്കടക്കാരന്‍ കൂട്ടുണ്ടാകുമോ? ചിന്തകളുടെ നിയന്ത്രണം നഷ്ടപ്പെടും മുമ്പ്
തനിച്ചിരിക്കുന്ന നേരങ്ങളില്‍ ഇതെല്ലാം ഒന്നു ചിന്തിക്കുന്നത്
നല്ലതാണ്.
കരുവള്ളിയുടെ
ഈ വെളിപ്പെടുത്തല്‍ വന്നതിനെക്കുറിച്ച് ഒരു പ്രവര്‍ത്തകന്‍ എ പിയോട്
ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ മറുപടി വളരെ രസാവഹമായിരുന്നു. ”ഇതെല്ലാം
പറയും മുമ്പ് കരുവള്ളിക്ക് ഞങ്ങളോടൊന്ന് ആലോചിക്കാമായിരുന്നു” എന്നായിരുന്നു
ആ മറുപടി. സംഘടനയില്‍ നടക്കുന്ന നിരന്തരമായ
നെറികേടുകളെക്കുറിച്ച് രേഖാമൂലവും അല്ലാതെയും പരാതി നല്‍കി പരാജയപ്പെട്ട
മുജാഹിദ് തറവാട്ടിലെ കാരണവരെക്കുറിച്ചാണ് എ പി ഈ പറയുന്നത്. സ്ഥിരമായി
മൂക്കറ്റം മദ്യപിച്ച് വീട്ടിലെത്തി ചട്ടിയും കലവും ഗ്ലാസുമെല്ലാം എറിഞ്ഞുടച്ച്
അവസാനം ഭാര്യയുടെ മുടി കൂട്ടിപ്പിടിച്ച് കുനിച്ച് നിര്‍ത്തി മുതുകത്ത്
കൈമുട്ട് കൊണ്ട് നാല് കുത്തും ഊരക്ക് രണ്ട് ചവിട്ടും കൊടുക്കുന്ന ചില
കള്ളുകുടിയന്‍മാരെ കാണാറുണ്ടല്ലോ നാട്ടിന്‍പുറത്ത്? അവസാനം സഹി കെട്ട ഭാര്യ പോലീസ്
സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞപ്പോള്‍ ”പരാതി കൊടുക്കും മുമ്പ്
നിനക്ക് എന്നോടൊന്ന് ആലോചിച്ചൂടായിരുന്നോ മൂധേവീ?” എന്ന് പറഞ്ഞ് ഭാര്യക്ക്
നാല് ചവിട്ടും കൂടി കൊടുത്താല്‍ എങ്ങനെയുണ്ടാകും? എ പിയുടെ ഈ അഭിപ്രായത്തെ
വിശകലനം ചെയ്യാന്‍ ഇതിനെക്കാള്‍ യോജിച്ച ഒരു ഉദാഹരണം എന്റെ കയ്യിലില്ല.
വായനക്കാര്‍ ക്ഷമിക്കുക.
സി ഡി ടവറില്‍
ഇനിയും പ്രകമ്പനമുണ്ടാകും.
ചുരുക്കത്തില്‍, കേരള നദ്‌വത്തുല്‍
മുജാഹിദീന്‍ എന്ന ബഹുജന സലഫീ പ്രസ്ഥാനം ഇന്ന് വെറുമൊരു
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി അധഃപതിച്ച് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം
കാണുന്നത്. ‘നേതൃത്വം’ എന്ന വലിയ
അമാനത്ത് ഏറ്റെടുത്തവര്‍
ഒരു ഉപജാപക സംഘ(കോക്കസ്)ത്തിന്റെ പിടിയിലകപ്പെട്ട് പ്രസ്തുത പ്രൈവറ്റ്
ലിമിറ്റഡ് ടീമിന്റെ താളത്തിന് തുള്ളുന്നവരായിത്തീര്‍ന്നിരിക്കുന്നു.
സുതാര്യമായ ചര്‍ച്ചകളോ സ്‌നേഹപൂര്‍ണമായ സംസാരമോ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളോ ഏതാനും വര്‍ഷങ്ങളായി
കെ എന്‍ എമ്മിലോ കെ ജെ യുവിലോ നടക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ മഹത്തായ പ്രസ്ഥാനത്തെ ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാരുടെ
കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ആവും വിധം നാം പണിയെടുക്കേണ്ടതുണ്ട്.
കരുവള്ളി മുഹമ്മദ് മൗലവിയുടെ പ്രതികരണം ഏതായാലും ഇതില്‍
ഒടുവിലത്തേതായിരിക്കില്ല. ഇതൊരു കരുവള്ളിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്ന്
ആരും കരുതേണ്ടതുമില്ല. ഇവന്‍മാരുടെ ഈ ചതിയും കുതന്ത്രവും കുതികാല്‍വെട്ടും
വെട്ടിനിരത്തലും പുലഭ്യം പറച്ചിലും കണ്ടും കേട്ടും മനം മടുത്ത
പലരുമുണ്ട് കെ എന്‍ എമ്മില്‍. അതിലൊരാളാണ് ഈയടുത്ത് പ്രസ്ഥാന നേതൃത്വത്തിലേക്ക്
ഇവര്‍ തന്നെ വലിച്ചു കൊണ്ട് വന്ന് നേതാവാക്കിയ ബഹുമാന്യനായ
പി കെ അഹ്മദ് സാഹിബ്. ഇക്കഴിഞ്ഞ അഴിഞ്ഞിലം സമ്മേളനത്തിന്റെ സ്വാഗതസംഘ
രൂപീകരണം കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ നടക്കുമ്പോള്‍ പി കെ അഹ്മദ്
സാഹിബിനെ വേദിയിലിരുത്തി, ”അല്ലാഹു
കഴിഞ്ഞാല്‍ പിന്നെ നമുക്ക് പി കെ അഹ്മദ് സാഹിബാണ് ഉള്ളത്” എന്ന് പ്രശംസ
കൊണ്ട് മൂടിയ മങ്കടക്കാരന്‍ തന്നെയാണ് ഈയടുത്ത് പി കെ
ക്കെതിരിലും പൊട്ടിത്തെറിച്ചത്. യഥാര്‍ത്ഥ പ്രതി ആര് എന്ന്
അഹ്മദ് സാഹിബും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചനകള്‍. താമസിയാതെ
ചെറുതല്ലാത്ത ചില പൊട്ടിത്തെറികള്‍ ഇനിയുമുണ്ടാകും. അത് ഏതൊക്കെ രീതിയിലാണ്, എപ്പോഴൊക്കെയാണ്
എന്നൊന്നും തല്‍ക്കാലം എഴുതുന്നില്ല. കാണാന്‍ പോകുന്ന പൂരം
കണ്ട് തന്നെ ആസ്വദിക്കണം. പറഞ്ഞാസ്വദിപ്പിച്ചാല്‍ അതിന്റെ രസം പോകും.
കാത്തിരുന്നു കാണാം നമുക്ക്.
വാല്‍ക്കഷ്ണം:
മങ്കടക്കാരന്റെ കുതന്ത്രങ്ങളെക്കുറിച്ച് സൂചിപ്പിച്ച്, മടവൂരിനെ
പുറത്താക്കിയ പോലെ ഇയാളെയും പുറത്താക്കിക്കൂടേ മൗലവീ എന്ന് ചോദിച്ചപ്പോള്‍
എ പി ഫോണില്‍ പറഞ്ഞ കമന്റ്: ”അതിന് ഹുസൈന്‍ മടവൂരിനെ ഞമ്മള് പൊറത്താക്കീതല്ലല്ലോ! ഓന്‍
പോയതല്ലേ? അതുപോലെ
ഇയാളും പോവുകയാണെങ്കില്‍ പൊയ്‌ക്കോട്ടെ.”
പ്രതികരണം:
ഇത് അങ്ങനെയുമിങ്ങനെയുമൊന്നും പോകില്ല ഏ പീ. ഇത് മുജാഹിദ് പ്രസ്ഥാനത്തിന്റെ ”കണ്ടകശ്ശനി’ ആണ്. ”കണ്ടകശ്ശനി
കൊണ്ടേ പോകൂ”
ഇത് മലയാള ഭാഷയില്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു
പ്രയോഗം മാത്രമാണ്. ഇനി ഇത് പൊക്കിപ്പിടിച്ച്, ”ഇതാ
ഇവര്‍ ‘കണ്ടകശ്ശനി’യിലും
വിശ്വസിച്ച് തുടങ്ങിയിരിക്കുന്നു” എന്ന്
പറഞ്ഞ് വിചിന്തനം രണ്ട് പേജ് ലേഖനമെഴുതില്ലാ എന്നും
അനസ് മൗലവി രണ്ട് മണിക്കൂര്‍ പ്രസംഗിക്കില്ലാ എന്നും പ്രതീക്ഷിച്ച് കൊണ്ട്
തല്‍ക്കാലം നിര്‍ത്തട്ടെ.
No comments:
Post a Comment
Note: only a member of this blog may post a comment.