
ഒന്നിലധികം പതിപ്പുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച് ശത്രുക്കളുടെ അടിസ്ഥാന രഹിത അപവാദങ്ങള്‍ക്ക് വായടപ്പന്‍ മറുപടി നല്‍കിയതിലൂടെ കേരള ജംഇയ്യത്തുല്‍ ഉലമയും ജിന്ന് പിശാച് റുഖിയ്യ:ഷറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ എന്ന കൃതിയും ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടു. മുജാഹിദുകള്‍ കുട്ടി ചാത്തന്‍ സേവ നടത്തുന്നുവെന്ന ആരോപണത്തെ മുജാഹിദു പണ്ഡിത സഭ തന്നെ ശക്തമായി നിരാകരിച്ചു. ജംഇയ്യത്തിന്‍റെ ആസ്ഥാനമായ പുളിക്കല്‍ നിന്നും പ്രസിദ്ധീകരിച്ച പ്രസ്ഥുത ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം:
"സാന്ദര്‍ഭികമായി ഒരു കാര്യം ഇവിടെ ശ്രദ്ധയില്‍ പെടുത്തട്ടെ. തൌഹീദി പ്രബോധന രംഗത്ത് മുജാഹിദു പ്രസ്ഥാനം നടത്തിയ മുന്നേറ്റത്തിനു മുമ്പില്‍ പകച്ചു നിന്ന പൌരോഹിത്യം ഓരോ കാലത്തും പുതിയ അടവുകളും ദുര്‍വ്യാഖ്യാനങ്ങളുമൊക്കെയായി രംഗത്തു വന്നിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനും തിരുസുന്നതും മുന്നില്‍ വെച്ച് പൂര്‍വ്വികരുടെ മാര്‍ഗ്ഗത്തിലേക്ക് മുജാഹിദു പ്രസ്ഥാനം ജനങ്ങളെ ക്ഷണിച്ചപ്പോള്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചും നബി(സ) യുടെ വചനങ്ങള്‍ വാലും തലയും മുറിച്ച് വികൃതമാക്കി ജനസമക്ഷം അവതരിപ്പിച്ചും പിടിച്ചു നില്‍ക്കാന്‍ പൌരോഹിത്യം ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍ അല്ലാഹുവിന്‍റെ പ്രകാശം ഊതിക്കെടുത്താനുള്ള വിഭല ശ്രമം മാത്രമായി അവ കലാശിച്ചു. ഇത്തരം ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മുജാഹിദുകള്‍ ജിന്നിനോട് സഹായം തേടാമെന്ന് വാദിക്കുന്നവരാണെന്ന ആരോപണം...(പേജ്:18:19).
മുജാഹിദുകള്‍ക്ക് ചാത്തന്‍സേവ ഉണ്ടെന്ന ഖുറാഫികളുടെ വ്യാജ ആരോപണം പണ്ഡിത സഭതന്നെ മുന ഒടിച്ചതാണ് ഇവിടെ വായിച്ചത്. തൌഹീദു അംഗീകരിക്കുന്ന ഒരു മുസ്‌ലിം അല്ലാഹു അല്ലാത്ത ആരോടും, അത് മനുഷ്യനോ ജിന്നോ ആരും ആകട്ടെ ഇസ്തിഗാസയോ പ്രാര്‍ത്ഥനയോ പാടില്ല. അങ്ങനെ ചെയ്യുന്നത് ഷിര്‍ക്കാണെന്ന് വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന മുജാഹിദുകള്‍ക്ക് ഒരു വ്യക്തമായ പ്രതിരോധ നിര തന്നെയാണ് ഈ വരികള്‍ നല്‍കിയത്.
വിഷയം അവിടെയും തീരുന്നില്ല. ഇടക്കാലത്ത് ചില പ്രാകൃത ചികിത്സാ രീതികളുമായി കടന്നുവന്ന ചിലര്‍ തങ്ങളുടെ വൈകല്യങ്ങള്‍ക് ന്യായം കണ്ടെത്താന്‍ അവിടെയും മുജാഹിദു പ്രസ്ഥാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു. മുജാഹിദു പണ്ഡിതസഭ ഈ പശാചികതയെ വളരെ ശക്തമായി വിമര്‍ശിക്കുന്നത് ഇതേ പുസ്ഥകത്തില്‍ നമുക്ക് വായിക്കാന്‍ സാധിക്കും. "പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പ്രാര്‍ത്ഥനകളാണ് തങ്ങള്‍ പഠിപ്പിക്കുന്നതെന്നവകാശപ്പെടുകയും എന്നാല്‍ തികച്ചും പ്രമാണ വിരുദ്ധമായി ഇത്തരം ചികിത്സകന്മാര്‍ ആവിഷ്ക്കരിക്കുകയും ചെയ്ത ഒരു രീതിയാണ് രോഗികളെ ചികിത്സയുടെ പേരില്‍ മര്‍ദ്ദിക്കുക എന്നത്. ഇത്തരം ചികിത്സാ രീതികളുമായി മുജാഹിദു പ്രസ്ഥാനത്തിന് ഒരു ബന്ധവുമില്ലാതിരുന്നിട്ടും ചില പ്രദേശങ്ങളില്‍ നടന്ന അനാശാസ്യകരമായ സംഭവങ്ങളുടെ പേരില്‍ ആരുടെയൊക്കെ ആക്ഷേപങ്ങളാണ് മുജാഹിദു പ്രസ്ഥാനത്തിന് കേള്‍ക്കേണ്ടിവന്നതെന്ന് ആലോചിക്കുക....(പേജ്:48)
ചുരുക്കത്തില്‍ പ്രാകൃത ആചാരങ്ങളുമായി കടന്നുവന്നവര്‍ക്ക് ഇസ്‌ലാമിക പ്രമാങ്ങളുടെ പിന്‍ബലം ഇല്ലെന്നും മുജാഹിദു പ്രസ്ഥാനവുമായി അവര്‍ക്ക് യാതൊരു ബന്ധവും ഇല്ലന്നും മുജാഹിദു പണ്ഡിത സഭ സംശയങ്ങള്‍ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി. ഇനി അങ്ങനെയല്ല മുജാഹിദുകളിലെ ചിലര്‍ക്ക് കുട്ടിചാത്തന്‍ സേവയും ദുര്‍മന്ത്രവാദവും ഉണ്ടെന്നു തെളിവുകള്‍ കൊണ്ട് സമര്‍ത്ഥിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമായിരുന്നുവെങ്കില്‍ ഈ പുസ്തകത്തിന്‍റെ രണ്ടാമത്തെ പരിഷക്കരിച്ച പതിപ്പില്‍ ഈ വരികള്‍ക്ക് നീളവും വീതിയും കൂടുമായിരുന്നു. മാത്രമല്ല നല്ലൊരു ശതമാനം വരുന്ന ധീര മുജാഹിദുകളെ മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നുവല്ലോ നവോധാനത്തിന്‍റെ ഒരുനൂറ്റാണ്ട് ആഘോഷിച്ചതും.
ചാത്തന്‍ സേവാ ആരോപണങ്ങളില്‍ വല്ല വസ്തുതയും കണ്ടെത്താന്‍ കഴിഞ്ഞുവെങ്കില്‍ ഈ മാറ്റി നിര്‍ത്തലിനും ഇതിലൂടെ ന്യായീകരണം കാണാമായിരുന്നു. എന്നാല്‍ അവിടെയും അതുണ്ടായില്ല. മറിച്ചു പ്രസ്തുത പുസ്തകത്തിലെ ചില വിവാദ പരാമര്‍ശങ്ങള്‍ക്ക് പുതിയ പതിപ്പില്‍ തിരുത്തു നല്‍കിയതായും കാണാന്‍ കഴിയുന്നു. അപ്പോള്‍ ഈ ചാത്തന്‍ സേവാ ആരോപണങ്ങള്‍ക്ക് യാതൊരു അടിത്തറയും ഇല്ലാ എന്നാണു മുജാഹിദുകളുടെ ഒന്നാമത്തെ പണ്ഡിത സഭ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉറച്ച തീരുമാനവും.
ഇനി അങ്ങനെയല്ല, ചിലര്‍ക്കൊക്കെ ഇങ്ങനെ ചില ചാത്തന്‍ സേവകളും ദുര്‍മന്ത്ര വാദങ്ങളും ഉണ്ടായിരുന്നു. പക്ഷെ മുജാഹിദുകളുടെ പണ്ഡിത സഭ അവരെ പൊതു സമൂഹത്തില്‍ അവഹെളിക്കേണ്ട എന്ന ധാരണയില്‍ അത് പരസ്യപ്പെടുതാതെ ഖുറാഫി സുന്നികളുടെ ആക്രമണത്തില്‍നിന്നും ഇവരെ രക്ഷപെടുത്താന്‍ ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതാണ് എന്ന് പറഞ്ഞാന്‍ അതും വന്‍അപരാധം ആയിമാറും. വെളുക്കാന്‍ തേച്ചത് വീണ്ടും പാണ്ടാകും. കാരണം ലോക സമൂഹത്തിനോട് മുഖം നോക്കാതെ, എന്നും സത്യം മാത്രമേ പറയുകയുള്ളൂ എന്ന് എല്ലാവരാലും പ്രതീക്ഷിക്കപ്പെടുന്ന ഒരു ഉത്തമ പണ്ഡിത സമൂഹം ചില ആളുകളുടെ രക്ഷക്കുവേണ്ടി കളവു പരസ്യമായി അച്ചടിച്ചു വിട്ടു എന്ന് പറയേണ്ടിവരും..! അത് വീണ്ടും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കും.
അതിനാല്‍ നമുക്ക് ഒന്നായി പറയാം ബഹുമാനപ്പെട്ട ഈ പണ്ഡിതസഭ ഒരിക്കലും ആരുടെ എങ്കിലും താല്‍പ്പര്യ സംരക്ഷണത്തിനുവേണ്ടി പരസ്യമായി സത്യവിരുദ്ധത പ്രചരിപ്പിക്കുകയില്ല. അതിന്നാല്‍ ഈ സേവാ ആരോപണങ്ങളുമായി ആര്‍ക്കും പ്രത്യക്ഷ പരോക്ഷ ബന്ധങ്ങള്‍ ഇല്ലേ ഇല്ല.
കേരളത്തില്‍ മുഖ്യധാരാ പ്രസിദ്ധീകണങ്ങളായി അറിയപ്പെട്ടിരുന്ന മിക്ക പ്രസിദ്ധീകരണങ്ങളും മുജാഹിദുകള്‍ക്കിടയിലെ അപസ്വരം പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഏറെ ശ്രദ്ധെയമായിരുന്നു പലപ്പോഴും ഈ ചര്‍ച്ചകള്‍. എന്നാല്‍ ഇന്ന് പടി അടച്ചു പുറത്താക്കപ്പെട്ട ആരെങ്കിലുമായി ബന്ധപ്പെട്ട് ഇങ്ങനെ ഒരു ചര്‍ച്ച ആരും എങ്ങും കണ്ടില്ല. മറിച്ചു മുജഹിദുകളുമായി സലാം ചൊല്ലി പിരിഞ്ഞ മടവൂര്‍ വിഭാഗവുമായി ബന്ദപ്പെട്ടാണ് ഈ ചര്‍ച്ചകള്‍ അഖിലവും നടന്നത്. ഹുസ്സൈന്‍ മടവൂര്‍ എ.പി. അബ്ദുല്‍ ഖാദര്‍ മൌലവി സലാം സുല്ലമി എന്നിവരുടെ ചിത്രങ്ങളായിരുന്നു പ്രസ്തുത പ്രസിദ്ധീകാരണങ്ങള്‍ക്ക് മുഖചിത്രം. ആ ലേഖനങ്ങളും ചിത്രങ്ങളും വ്യക്തമായ തെളുവുകള്‍ നല്‍കുന്നു, ഇന്ന് നടക്കുന്ന ചാത്തന്‍ സേവാ ചര്‍ച്ചകള്‍ യഥാര്‍ഥത്തില്‍ ആരുമായി ബന്ദപ്പെട്ടാണ് തുടക്കം കുറിക്കപ്പെട്ടതെന്ന്. ഈ കേസിലെ ഒന്നാം പ്രതി മടവൂര്‍ വിഭാഗം ആയിരുന്നുവെന്ന് പകല്‍ പോലെ വ്യക്തം. ഇവിടെ പ്രസിദ്ധികരിച്ച കേരളശബ്ദം വാരികയും സലാം സുല്ലമി അഭിമുഖം നല്‍കിയ സെന്‍സിംഗും മുഖ്യ തെളിവ്.
2007 ഫെബ്രുവരി 02 ബഹുമാന്യ പണ്ഡിതന്മാരായ അബ്ദുറഹ്മാന്‍ സലഫിയും അഹ്മദ് അനസ് മുസ്ല്യാരും സംയുക്തമായി ഒരു വേദിയില്‍ പ്രഭാഷണം നടത്തി. ഈ പ്രഭാഷണത്തിന്‍റെ മൂന്നു സി.ടി.കള്‍ എറണാകുളം വൈറ്റിലയിലെ സലഫി കോംപ്ലക്സിലെ ദഉവാ മീഡിയാ പ്രസിദ്ധീകരിച്ചു. യു-റ്റുബിലും ഇത് ലഭ്യമാണ്, ഈ ലിങ്കില്‍ ആ പ്രഭാഷണം മുഴുവനും കേള്‍ക്കാം. (https://www.youtube.com/watch?v=aBCy5XTyRCw) വ്യതിയാനത്തിന് ജിന്ന് മറയോ..? എന്നാണു സി.ടി.യുടെ പേരും. ഇടവണ്ണ ജാമിആ നദുവിയ്യ കാമ്പസില്‍ നടന്ന ദഉവാ പ്രചാരണ സമ്മേളനത്തിലെ മണിക്കൂറുകള്‍ നീണ്ട ഈ പ്രഭാഷണം സശ്രദ്ധം വീക്ഷിച്ചാല്‍ ഇവിടെ പലതും വ്യക്തമാകും. പ്രമുഖ പണ്ഡിതനന്മാരും നേതാക്കളും അണിനിരന്ന പ്രസ്തുത വേദിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ രണ്ടു പ്രമുഖരും സലാം സുല്ലമി എന്ന വ്യക്തിയേയും അദ്ധേഹത്തെ എഴുനുള്ളിക്കുന്ന മടവൂര്‍ വിഭാഗത്തെയും നിര്‍ത്തി പൊരിച്ചു. സലാം സുല്ലമിയുടെ ഹദീസ് നിഷേധവും ദുര്‍വ്യാഖ്യാനവും മറുപടി അര്‍ഹിക്കാത്ത നിലയില്‍ ഇരുവരും പൊളിച്ചെഴുതി. സലാം സുല്ലമിയും മടവൂര്‍ വിഭാഗവും കുളിച്ചാലും നനച്ചാലും തീരാത്ത തരത്തില്‍ ഇരുവരും വസ്ത്രാക്ഷേപം നടത്തി.
സലാം സുല്ലമി തന്‍റെ ബുഖാരി പരിഭാഷയില്‍ ജിന്നിനെ വൈറസ് ആയി രൂപപ്പെടുത്തിയതും സുല്ലമി ജിന്നു ബാധയെ തള്ളിപ്പറഞ്ഞതും മുഖ്യ ചര്‍ച്ചയായി. ജിന്ന് വിവാദം ഒരു മടവൂരി ഉല്‍പ്പന്നം എന്നാണു രണ്ടുപേരും പ്രസംഗിച്ചത്. മുജാഹിദുകള്‍ക്കിടയില്‍ ഇങ്ങനെ ചാത്തന്‍ സേവകരും ദുര്‍മന്ത്രവാദികളും രൂപപ്പെട്ടതായി ഒരു സൂചന പോലും ആര്‍ക്കും എങ്ങും തോന്നിയില്ല. സക്കരിയ്യാ സലാഹിക്ക് എതിരിലുള്ള ആരോപണങ്ങള്‍ക്ക് സലാഹി തന്നെ മറുപടി എഴുതി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ മടവൂര്‍ വിഭാഗത്തിന്‍റെ അടിസ്ഥാന രഹിത അരോപണങ്ങള്‍ക്ക് ഇനി നിലനില്‍പ്പില്ലന്നും അബ്ദുറഹ്മാന്‍ സലഫി വ്യക്തമാക്കി.
ഇതിനു സമാനമായ പലേ പ്രോഗ്രാമുകള്‍ കേരളത്തിനകത്തും പുറത്തും വര്‍ഷങ്ങളോളം നടന്നിട്ടും ഇന്നും ഇന്നലകളിലും ചാത്തന്‍ സേവ ആരോപിച്ചു പടിഅടച്ചു പുറത്താക്കപ്പെട്ട ആര്‍ക്കെങ്കിലും ഇത്തരം സേവകളുമായി എന്തെങ്കിലും വിദൂരബന്ധങ്ങള്‍ പോലും ഉള്ളതായി ഇവരാരും ഒരിക്കലും ആരോപിച്ചിട്ടില്ല. മറിച്ചു ഇന്ന് സേവകരായി ആരോപിച്ച് പുറത്താക്കപ്പെട്ടവരെ തികച്ചും ന്യായീകരിക്കുന്ന മറുപടികളും വിശദീകരണങ്ങളുമാണ് എല്ലാ സദസ്സുകളിലും ഉയര്‍ന്നുകേട്ടത്.
2013ഏപ്രില്‍ 28ന് തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് എന്ന ലേബലില്‍ കെ.എന്‍.എം. കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രത്യക സമ്മേളനം പലതുകൊണ്ടും ശ്രദ്ദിക്കപ്പെട്ടു. നമ്മുടെ സുഹ്രുത്തു കൂടിയായ ഡോ: ഏ. അബ്ദുല്‍ മജീദ് സലാഹി നടത്തിയ ചില അഭിനവ പ്രയോഗങ്ങള്‍ ഒരു ആവര്‍ത്തനം ആവശ്യമില്ലാത്ത നിലയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മജീദല്ല ആരുതന്നെ ആയാലും ഇങ്ങനെ ഒരു അശ്ലീല പ്രയോഗം ആയിരങ്ങളെ സാക്ഷിയാക്കി നടത്താന്‍ പാടില്ലായിരുന്നു. മാത്രമല്ല സ്വന്തം കരങ്ങള്‍ കൊണ്ട് അദ്വാനിച്ചു ഭക്ഷണം കഴിക്കാന്‍ കേരള സമൂഹത്തെ ആഹ്വാനം ചെയ്യുകയും അതിനെ ജീവിതത്തില്‍ പ്രായോഗിക വല്‍ക്കരിക്കുകയും ചെയ്തവരാണ് മുജാഹിദുകള്‍. ജനസമൂഹത്തെ അകാരണമായി ചൂഷണംചെയ്ത് ഉദര പൂരണം നടത്തിയവരോട് എല്ലുമുറിയെ പണിയെടുക്കാനും വിയര്‍പ്പൊഴുക്കാനും ഖുര്‍ആനിലെ ആയത്തും ഹദീസുകളും ഉദ്ദരിച്ചുകൊണ്ട് നാം ആഹ്വാനം ചെയ്തപ്പോള്‍ പതിനായിരങ്ങളാണ് കുറുക്കുവഴികളുടെ തന്ത്ര മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് ഈ രീതിശാസ്ത്രം സ്വീകരിച്ചത്. ഇന്നു കാണുന്ന ഐ.എ.എസ്.കാരു മുതല്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ വരെ ഈ ആഹ്വാനത്തിന്‍റെ പ്രതിധ്വനികളാണ്.
തൊഴിലിന്‍റെ മഹത്വവും അതിന്‍റെ പുണ്യവും ഇനി ആദ്യം മുതല്‍ പഠിപ്പിക്കേണ്ടി വരുമോ എന്നാണു സംശയം. ഐ.പി.എസ്സു കാരനായ കുഞ്ഞു മൊയ്തീനും പോസ്റ്റല്‍ സൂപ്രണ്ട് അബ്ദുറഹ്മാന്‍ ഇരിവേറ്റിയും മതം പറയുന്നത് കേട്ട് മുജാഹിദു കേരളം അഭിമാനിച്ചിരുന്നു. ഇരിവേറ്റിയുടെ മഞ്ചേരി പള്ളിയിലെ വെള്ളിയാഴ്ച ഖുത്തുബ കേള്‍ക്കാന്‍ തിക്കി തിരക്കി ഒന്നാമത്തെ നിരയില്‍ സ്ഥാനം പിടിച്ചവര്‍ ആരും തന്നെ ഇയാള്‍ ഒരു തപാല്‍ വകുപ്പിലെ ഗുമസ്തന്‍ ആയതിനാല്‍ ഇനി നമുക്ക് ഈ ഖുത്തുബ വേണ്ട എന്ന് പറഞ്ഞിട്ടില്ല. ഇതേ ഇരിവേറ്റി തന്നെയല്ലേ മുജാഹിദുകളെ സംഘനാ പ്രവര്‍ത്തനം പഠിപ്പിക്കാന്‍ ഹാന്‍റ് ബുക്ക് എഴുതി തയ്യാറാക്കിയതും..?.
ഹൈക്കോടതി വക്കീലായ മായീന്‍ കുട്ടി മേത്തരെ കൊണ്ട് അന്താരാഷ്ട്ര വേദികളില്‍ മതം പറയിക്കാനും ഇസ്ലാമിന്‍റെ പുണ്യം വിളിച്ചറിയിക്കാനും കടല്‍കടത്തി ഗള്‍ഫില്‍ എത്തിച്ച പാരമ്പര്യവും നമുക്ക് മാത്രമാണ്. ആ മേത്തര്‍ മുജാഹിദുകളുടെ സമ്മേളന നഗരികളില്‍ ഗംഭീരമായി സമാപന പ്രഭാഷണം നിര്‍വ്വഹിച്ചപ്പോള്‍ പഞ്ചപുച്ചമടക്കി മുജാഹിദുകള്‍ ചെവിയോര്‍ത്തു. ആരും ഇയാള്‍ കേസില്ലാ വക്കീലല്ലേ പിന്നെ എന്തിനാ മതം പറയുന്നത് എന്ന് അന്നും ഇന്നും ചോദിച്ചതായി അറിവില്ല. (പക്ഷെ അതേ മായീന്‍ കുട്ടി മേത്തര്‍ എന്തുകൊണ്ടാണ് ഇന്ന് മുജാഹിദുകളുടെ വേദിയില്‍ കാണാത്തത് എന്ന് വേറെ അന്വേഷിക്കേണ്ടതാണ്).
മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വാണ്ടം തിയറിയും (കോഴിക്കോട് കടപ്പുറത്ത് സമ്മേളനത്തില്‍ കേട്ടതല്ല) ഐന്‍സ്റ്റീന്‍ തത്വവും പഠിപ്പിച്ചിരുന്ന മേലേ വീട്ടില്‍ അഹ്മദ് അക്ബര്‍ നിച്ച് ഓഫ് ട്രൂത്തിലൂടെ പതിനായിരങ്ങള്‍ക്ക് തെളിച്ചവും വെളിച്ചവും കാട്ടിക്കൊടുത്തപ്പോള്‍ ഈ ഫിസിക്സു മാഷിനു ഇതിന് എന്ത് അര്‍ഹത എന്നൊന്നും ആരും ചോദിച്ചില്ല. ചിലരൊക്കെ ചോദിക്കാതെയും ഇരുന്നില്ല. പക്ഷെ അവരെ ഖുറാഫി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാം ഒറ്റക്കെട്ടായി പടി അടച്ചു പിണ്ഡംവെച്ചു.
ആര് എന്ത് തൊഴില്‍ ചെയ്താലും അവര്‍ക്കൊന്നും ദീന്‍ പ്രചരിപ്പിക്കാനുള്ള അവകാശം ഇല്ല എന്ന വികല വാദം മുജാഹിടുകള്‍ക്ക് അന്യമാണ്. ചരിത്രത്തില്‍ ആദ്യമായി ഈ വൈകല്യം എഴുന്നുള്ളിച്ചത് ആദര്‍ശ രഹിതരായ ഖുറാഫികളും പിന്നെ അവരെ തുടര്‍ന്നു ഇസ്‌ലാമിക പ്രചാരണ പ്രോബോധന പ്രവര്‍ത്തനങ്ങളെ ഷണ്ഡീകരിക്കാന്‍ ഇറങ്ങിയ അത്തിക്കാടന്‍ പ്രോഡക്റ്റുകളായ മങ്കടക്കാരുമായിരുന്നു. അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ വീതം വെച്ചപ്പോള്‍ അര്‍ഹമായ ഓഹരി കിട്ടാത്തിതില്‍ അസൂയപൂണ്ട് പുറത്തുപോയ ശൈഖു സുബൈര്‍ മങ്കടയാണ് ഈ വികല വാദത്തിനു താത്ത്വിക മുഖം നല്‍കാന്‍ ശ്രമിച്ചത്. പലേതവണ മുന്തിക്കായി ചാടിയിട്ടും അതുകിട്ടാതെ പോയ, നിരാശാ ബോധം ബാധിച്ച ചാവാലിക്കുറുക്കന്‍ പണ്ട് ഫത്തുവാ നല്കിയിരുന്നു മുന്തിരി പുളിക്കുമെന്ന്. അതിനു സമാനമായിട്ടു മാത്രമേ ഈ കോലാഹലങ്ങളെ വീക്ഷിക്കാനാവൂ.
പി.എച്ച്.ഡി.യും യു.ജി.സി. സ്കൈലും ഇല്ലങ്കിലും മാന്യമായ ഒരു പ്രബോധന ശൈലിയുടെ ഉടമയാണ് സഹോദരന്‍ സി.പി. സലിം. ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന ഉന്നത വ്യക്തിത്വത്തിന്‍റെ ഉടമയും. അവസാന നിമിഷം വരെയും ഈ മഹത്വം അല്ലാഹു നിലനിര്‍ത്തട്ടെ എന്ന് എല്ലാ മുജാഹിദുകളും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു...(ആമീന്‍). ആരുടെ എങ്കിലും പ്രലോഭനങ്ങള്‍ക്ക് വിധെയനായി ആനക്കു സമാനനായി അണ്ണാന്‍ പിണ്ടമിടാന്‍ ശ്രമിച്ചാല്‍ അവര്‍ സ്വയം അപഹാസ്യരാകും എന്നതില്‍ സംശയിക്കുന്നവര്‍ മന്ദബുദ്ധികളല്ലാതെ മാറ്റാരാന്..?
നബി തിരുമേനി(സ) പറഞ്ഞു: ഒരാള്‍ മറ്റൊരാളുടെ പേരില്‍ അടിസ്ഥാന രഹിതമായ അധാര്‍മ്മികതയോ അവിശ്വാസമോ ആരോപിച്ചാല്‍ ഈ ആരോപണം ആരോപകനിലേക്കു തന്നെ മടങ്ങുന്നതാണ്..(ബുഖാരി)
ഹിജ്ര അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിത പ്രമുഖന്‍ ഇബ്നു അസാകിര്‍(റഹു) യുടെ ഒരു നിരീക്ഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അഹുലുസ്സുന്നയുടെ വക്താക്കളായ പണ്ടിതന്മാരെയും പ്രബോധകരെയും സമൂഹത്തില്‍ ഇകഴ്ത്താനും താറടിക്കാനും ശ്രമിക്കുന്നവര്‍ ഏറെ ഗൌരവത്തില്‍ ഈ വിഷയം വിലയിരുത്തേണ്ടതുണ്ട്. അദേഹം എഴുതി: പണ്ഡിതന്മാരുടെ മാംസം അത് വിഷമാണ്. അവരുടെ രഹസ്യങ്ങളെ പൊതുജന സമക്ഷം പിച്ചിചീന്താന്‍ ശ്രമിച്ചവരോടുള്ള അല്ലാഹുവിന്‍റെ നടപടികള്‍ പ്രസിദ്ധമാണ്. പണ്ടിതന്മാര്‍ക്കെതിരില്‍ നാവിനെ അനിയന്ത്രിതമായി വേട്ടക്കു വിടുന്നവരെ മരണത്തിനു മുന്‍പായി ഹൃദയത്തെ മരിപ്പിച്ചുകൊണ്ട് ഈ ലോകത്ത് അല്ലാഹു പരീക്ഷിക്കും.... തുടര്‍ന്ന് അദ്ദേഹം ഖുര്‍ആനിലെ ഹുജുറാത് അദ്യായത്തിലെ ആറും ഏഴും വചനങ്ങള്‍ കൂട്ടി ചേര്‍ക്കുന്നു.
പുരക്കു തീ പിടിക്കുമ്പോള്‍ വാഴവെട്ടാമെന്ന ധാരണയില്‍ പലരും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂട്ടത്തില്‍ നേരത്തെ പറഞ്ഞ അത്തിക്കാട്ടിലെ സുബൈരീ മന്‍ഹജിന്‍റെ വക്താവും ഉണ്ട്. അദ്ധെഹം അങ്ങനെ വെറുതെയങ്ങ് വലിഞ്ഞുകയറി വന്നതാണെന്ന് ധരിക്കാന്‍ കഴിയില്ല. കാരണം നാട്ടിലും ഗള്‍ഫിലും അദേഹത്തിനെ താങ്ങിയെടുത്ത് കൊണ്ടു നടക്കുന്നവര്‍ തന്നെയാണ് മഹാനവര്‍കളുടെ പുതിയ വാറോല അംഗശുദ്ധി വരുത്തി പ്രച്ചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. വിഷയം ജിന്നു തന്നെ. വലത്തുനിന്നും ഇടത്തോട്ട് എഴുതുന്നതെല്ലാം മതമെന്നു കരുതി ഒന്നും കളയാതെ വിഴുങ്ങാന്‍ തയ്യാറായ ഒരുവിഭാഗം കൂപമണ്ടൂകങ്ങളാണ് ടിയാന്‍റെ ആസ്തിയും. എന്നാല്‍ അടുത്ത കാലത്ത് ശൈഖ് അവര്‍കള്‍ തന്‍റെ വിഞ്ജാനത്തിന്‍റെ അളവ് പ്രകടിപ്പിക്കാന്‍ നടത്തിയ ചില ശ്രമങ്ങള്‍ പരസ്യമായി പാളുകയും നിലം പരിശാവുകയും ചെയ്തു. അതോടെ ശെയ്ഖിന്‍റെ അണികളില്‍ പല പ്രമുഖരും സലാം പറയാന്‍ പോലും കാത്തുനില്‍ക്കാതെ കൂടുവിട്ടു കൂടുമാറി. ആ നാണക്കേടിനു ഒരു പരിഹാരം ആകെട്ടെ എന്ന ധാരണയില്‍ ആകും പുതിയ വാറോല.
പേരും പേജിന്‍റെ വലിപ്പവും കണ്ടു അണികള്‍ ഞെട്ടിയിട്ടുണ്ടാകും. കാരണം അലിഫു മുതല്‍ യാ വരെ കൃത്യമായി എഴുതാന്‍ പോലും ബോധമില്ലാത്ത സമൂഹമാണല്ലോ അത്തിക്കാടന്‍ ശൈഖിന്‍റെ മുരീദുമാര്‍. ഇരുപത്തി ഏഴു പേജില്‍ എന്താണ് മഹാനവര്‍കള്‍ എഴുന്നുള്ളിച്ചത് എന്ന് അവശേഷിക്കുന്ന അണികള്‍ കൂടി മനസ്സിലാക്കിയാല്‍ മാത്രം മതി ഉള്ളവര്‍കൂടി സ്ഥലം കാലിയാക്കും. അങ്ങനെ ഒരു പുതിയ പ്രതിസന്ധി മെനയെണ്ടാ എന്ന് കരുതിയാവും ഇത്തവണ അറബിയിലേക്കു ഇതിനെ പരിഭാഷപ്പെടുത്തുന്നതു പോലും വിലക്കിയിട്ടുണ്ട്. പരിഭാഷ ആവശ്യപ്പെട്ടുകൊണ്ട് ജിദ്ദയിലെ മുഖ്യ പ്രചാരകനായ ബുഷൈറിനു മെസ്സേജ് അയച്ചിട്ടും കിട്ടിയ ഭാവം നടിച്ചിട്ടില്ല. പള്ളിപ്പറമ്പില്‍ സലാം പറഞ്ഞ പ്രതീതി. പിന്നെ അഹുലുസ്സുന്നയുടെ രീതി ശാസ്ത്രത്തില്‍ വാദ പ്രതിവാദവും സംവാദവും നിഷിദ്ധമാണെന്ന് മഹാനോര്‍കള്‍ അതില്‍തന്നെ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ കാത്തുനില്‍ക്കെണ്ടാ എന്നര്‍ത്ഥം. എല്ലാം ആകാശവാണിക്ക് സമാനം. പിന്നെ ആളിനെ തിരിച്ചറിഞ്ഞാല്‍ വായനക്കാര്‍ ഇരുപുറം നോക്കാതെ വേസ്റ്റു കോട്ടയില്‍ തള്ളാതിരിക്കാന്‍ ഇത്തവണ മഹാനവര്‍കള്‍ സുബൈര്‍ മങ്കട എന്ന പേരിനു പകരം അബൂതാരിഖ് എന്നാണ് പരിചയപ്പെടുത്തുന്നത്.
മുജാഹിദു പ്രസ്ഥാനത്തിനെ അറബി പണ്ഡിതന്മാര്‍ക്കു മുന്നില്‍ വികലമായി അവതരിപ്പിച്ചുകൊണ്ട് ഈ വൈകല്യ ഗ്രൂപ്പ് ചില അറബി പണ്ഡിതന്മാരില്‍ നിന്നും മത വിധികള്‍ നേടിയിരുന്നു. കേരളത്തിലെ സലഫികളായ മുജാഹിദുകള്‍ അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പാലിക്കേണ്ട ഹിജാബു പാലിക്കാതെ ഒരെസ്ഥാപങ്ങളില്‍ ഒന്നിച്ച് ഇടപെഴകി ജോലി ചെയ്യുന്നവരും മറ്റും ആണെന്നും ഇയാള്‍ അറബികളെ ധരിപ്പിച്ചു. എന്നാല്‍ ആ മത വിധിയും പരിഭാഷപ്പെടുത്തിയപ്പോള്‍ അറബിയില്‍ അറബി പണ്ഡിതന്മാരോട് ചോദിച്ച ചോദ്യം തന്നെ ഇയാള്‍ അട്ടിമറിച്ചു. അതിനും ഒരു ശരിയായ പരിഭാഷ ഇന്നോളം ഹാജരാക്കാന്‍ അത്തിക്കാടാണോ ജിദ്ധയിലെ ഒന്നാം മുരീദ് ബുഷൈറിനോ സാധിചിട്ടില്ല. എന്തിനേറെ സ്വന്തം ജീവിതത്തില്‍ പോലും പ്രസ്തുത മതവിധികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ അഭിനവ ശൈഖിനു കഴിഞ്ഞിട്ടുണ്ടോ..? ഇവരുടെ പ്രചാരണം കേട്ടാല്‍ തോന്നുക, ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ സര്‍ക്കാരിന്‍റെ നാണയത്തുട്ടുകള്‍ എണ്ണിവാങ്ങുന്ന സ്കൂളുകളില്‍ നൂറു ശതാമാനം ഹിജാബു നടപ്പാക്കിയിട്ടുണ്ടെന്ന്.
ഇസ്‌ലാമിക പ്രചാരണ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായി മുന്നേറിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് നിലമ്പൂരിലെ അത്തിക്കാട്ടിലെ അഭിനവ രീതിശാസ്ത്രവുമായി ഈ മങ്കട ശൈഖു രംഗത്തുവന്നത്. എല്ലാവര്‍ക്കും അവരാല്‍ കഴിയുന്ന രീതിയില്‍ ഇസ്‌ലാമിക പ്രചാരണം നടത്തിക്കൊണ്ടിരിക്കെ അവര്‍ക്കൊന്നും ഇതിനൊന്നും അര്‍ഹത ഇല്ലാന്ന് ഈ അഭിനവ മുഫ്തി മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. സംഘടിത പ്രബോധനവും മുസ്‌ലിം സംഗടനാ സംവിധാനവും അഭിനവ ജാഹിലിയ്യത്തുകളാണെന്നു ഇയാള്‍ ദുര്‍ബോധനം നടത്തി.
ഇയാളുടെ വികല നിരീക്ഷണങ്ങളെ അടിമുടി വിമര്‍ശിക്കുകയും ആ നീരാളി പിടുത്തത്തില്‍നിന്നും ഇസ്ലാമീങ്ങളെ രക്ഷപെടുത്താന്‍ വാമൊഴിയായും വരമൊഴിയായും ഏറെ വിയര്‍പ്പോഴുക്കിയ വ്യക്തിയാണ് ഇയാളുടെ സഹോദരന്‍ കൂടിയായ കെ.എന്‍.എം. സെക്രട്ടറി എ. അബ്ദുറഹ്മാന്‍ സലഫി അവര്‍കള്‍. ഇന്ന് മുജാഹിദുകള്‍ക്കിടയില്‍ കൂട്ടത്തോടെ ശിര്‍ക്കാരോപനവും പുറത്താക്കലും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഈനാമ്പേച്ചിയും മരപ്പട്ടിയും സംബന്ധം കഴിക്കുന്ന ഒരു സാഹചര്യം ഇവിടെ ജന്മം കൊണ്ടിരിക്കുന്നു. മകന്‍ മരിച്ചിട്ടാനെങ്കിലും മരുമകളുടെ കണ്ണീര്‍ കാണണമെന്ന ക്രൂരയായ അമ്മായി അമ്മയുടെ മനസ്സാണ് ഇവിടെ പലര്‍ക്കും.
സര്‍വ്വവിധ ഇസ്‌ലാമിക പ്രചാരണങ്ങളള്‍ക്കും വിലങ്ങുതടിയായിരുന്ന മങ്കട ശൈഖിന്‍റെ വികല നിരീക്ഷണങ്ങളാണ് ഇന്ന് സംഘടനാ തല്‍പ്പരരായ പലേ കെ.എന്‍.എം. കാരും മുഖ്യ ആയുധമായി പ്രചരിപ്പിക്കുന്നത്. അജ്ഞതയില്‍നിന്നും രൂപപ്പെട്ട വീറും വാശിയുമാണ് ഇതിനുപിന്നില്‍ മുഖ്യമായും. അത്തിക്കാട്ടിലെ വൈകല്യം മുഫ്ത്തിയുടെ വികല ചിന്തകള്‍ക്കെതിരില്‍ കെ.എന്‍.എം. സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രമുഖന്മാര്‍ നടത്തിയ ജിഹാദിനെ വിലകുറച്ചു കാണിക്കലാണ് ഇതിലൂടെ നടന്നുവരുന്നത്. എല്ലാ മുന്‍ ശത്രുതയും മറന്നുകൊണ്ട് കീരിയും പാമ്പും വേളി കഴിക്കുന്ന അഭിനവ കാഴ്ച.
പച്ചരിപോലും വാങ്ങാന്‍ വകയില്ലാത്ത പാവം അണികളെ ജിഹാദും ഹിജ്രയും ആടു വളര്‍ത്തലിന്‍റെ പുണ്യവും പറഞ്ഞു യമനിലേക്ക് നാടുകടത്തി. എല്ലാ ഭൌതീകതകളും സ്വന്തം അണികള്‍ക്ക് നിഷിദ്ധമാക്കുകയും സകല സുഖ സംവിധാനങ്ങളും പ്രൊഫഷനല്‍ ഉദ്യോഗത്തിന്‍റെ മേനിയില്‍ അനുഭവിക്കുകയും ചെയ്യുന്ന ഈ അഭിനവ പാഷാണം വര്‍ക്കി പത്രോസുമാരെ വിശ്വാസി സമൂഹം പ്രത്യേകം തിരിച്ചറിയേണ്ടതുണ്ട്.
ഇ.യൂസുഫ് സാഹിബ് നദുവി
www.nadwisahib.com
No comments:
Post a Comment
Note: only a member of this blog may post a comment.