“സത്യം ചെരിപ്പ് ധരിക്കാന്‍ തുടങ്ങുമ്പോഴേക്കും കളവ് പാതിദൂരം
പിന്നിട്ടിരിക്കും” എന്നൊരു പഴമൊഴിയുണ്ട്. സത്യം പ്രചരിക്കുന്നതിനേക്കാള്‍
അതിവേഗതയിലായിരിക്കും കളവിന്റെ പ്രചാരണം എന്നാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം.
ഏതൊരു കളവായാലും അതിന്റെ നിര്‍മ്മാതാക്കള്‍ക്കും പ്രചാരകര്‍ക്കും കൃത്യവും
ആസൂത്രിതവുമായ ഒരു അജണ്ട അതിന്റെ പിന്നിലുണ്ടായിരിക്കും എന്നത്
യാഥാര്‍ത്ഥ്യമാണ്. ചുമ്മാ നേരംപോക്കിന് വേണ്ടി കളവ് പറഞ്ഞ് സൊറ
പറഞ്ഞിരിക്കുന്നവര്‍ നാട്ടിന്‍പുറത്തെ കലുങ്കിന് മുകളിലോ ചായക്കടകളിലെ
ചാരുബെഞ്ചിലോ മാത്രമേ കാണൂ. എന്നാല്‍, മതപണ്ഡിതന്‍മാരും പ്രസ്ഥാന
നേതാക്കളും ഒരു കളവ് പ്യാപകമായി പ്രചരിപ്പിക്കുമ്പോള്‍ അത് മുകളില്‍ പറഞ്ഞ
നാട്ടിന്‍പുറത്തെ നേരംപോക്ക് പോലെയല്ല. തങ്ങള്‍ മനസ്സില്‍ കണ്ട് വെച്ച ഒരു
ലക്ഷ്യത്തിലേക്കുള്ള പ്രയാണം സുഗമമാക്കാനാണ് ഇത്തരക്കാര്‍ കളവുകള്‍ പറയുക.
പറയുന്നത് മതപണ്ഡിതരാകുമ്പോള്‍ ഇത്രയും കാലം നാം തലയിലേറ്റി നടന്നവരല്ലേ
എന്ന നിലക്ക് ചുരുക്കം ചിലയാളുകളെങ്കിലും അത് വിശ്വസിക്കുകയും ചെയ്യും. ഒരു
കളവ് നിരന്തരം നാല് ഭാഗത്ത് നിന്നും പ്രചരിപ്പിച്ചാല്‍ അത്
സത്യമായിക്കൊള്ളും എന്ന സിദ്ധാന്തം ലോകത്തെ പഠിപ്പിച്ചത്
മതാചാര്യന്‍മാരല്ല. പക്ഷെ ഈ തിയറി കടം കൊണ്ട് അത് പ്രയോഗിക്കുന്നവരില്‍
മതപണ്ഡിതന്‍മാരുമുണ്ട് എന്നത് നമുക്കറിയാവുന്നതാണല്ലോ. കേരളത്തിലെ വിവിധ
ക്വുബൂരീ പ്രസ്ഥാനങ്ങള്‍ വിശിഷ്യാ, കാന്തപുരം ക്വുബൂരികള്‍ ഈ സിദ്ധാന്തം
ജീവവായുവായി കൊണ്ട് നടക്കുന്നവരാണ്. അക്കൂട്ടത്തില്‍ ഈയടുത്ത കാലം വരേക്കും
മുജാഹിദ് പണ്ഡിതന്‍മാര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍, കുറച്ച്
മാസങ്ങളായി ആ കൂട്ടത്തിലൊന്ന് കയറിപ്പറ്റണമെന്ന മട്ടില്‍
പണിയെടുക്കുന്നുണ്ട് മുജാഹിദ് പ്രസ്ഥാനത്തിലെ ചിലര്‍. വ്യാപകമായി കളവുകള്‍
പ്രചരിപ്പിച്ച് ഇഹലോകത്ത് വിജയിക്കാന്‍ ശ്രമിക്കുകയും പരലോകത്ത്
പരാജയപ്പെടാന്‍ പോകുന്നവരുമായ ഒരു സംഘമുണ്ട് മുജാഹിദ് പ്രസ്ഥാനത്തില്‍. ആ
സംഘത്തിന്റെ നേതൃത്വത്തിനെ നമുക്ക് ‘മൂവര്‍സംഘം’ എന്ന് വിളിക്കാം. ആരാണ് ആ
മൂവര്‍സംഘമെന്നത് ഞാന്‍ പേരെടുത്ത് പറയേണ്ടതില്ലാത്ത വിധം വ്യക്തമായ
സാഹചര്യമാണല്ലോ നിലവിലുള്ളത്. ഏകദേശം ഒരു വര്‍ഷത്തോളമായി ഈ മൂവര്‍സംഘം
ഇസ്വ്ലാഹ് മാസികയെക്കുറിച്ചും അതിന്റെ പിന്നണിയിലെ
പ്രവര്‍ത്തകരെക്കുറിച്ചും കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ച്
കൊണ്ടിരിക്കുകയാണല്ലോ. 2007 ഏപ്രില്‍ ലക്കം പുറത്തിറങ്ങിയ ഇസ്വ്ലാഹ്
മാസികയിലെ അബ്ദുല്‍ ജബ്ബാര്‍ മൌലവിയുടെ ലേഖനവുമായി ബന്ധപ്പെട്ടാണ് ഈ സംഘം
വ്യാപകമായ കുപ്രചാരണങ്ങളുമായി ഊര് ചുറ്റുന്നത്. കഴിഞ്ഞ എട്ട്
വര്‍ഷത്തോളമായി ഇസ്വ്ലാഹ് മാസിക കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലക്കും
മറ്റ് ചില കാരണങ്ങള്‍ കൊണ്ടും ഇതിന്റെ നിജസ്ഥിതിയൊന്ന് വിശദീകരിക്കണമെന്ന്
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറ്ക്കണക്കിന് ആളുകള്‍
എന്നോടാവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തോളമായി കൊണ്ട്പിടിച്ച് നടക്കുന്ന
ഈ കുപ്രചാരണങ്ങള്‍ക്ക് മറുപടിയെഴുതാന്‍ പല തവണ ഞാന്‍ തയ്യാറായതാണ്.
അപ്പോഴൊക്കെ സമയമായിട്ടില്ല എന്നൊരു തോന്നല്‍ മനസ്സില്‍ ഉയര്‍ന്ന്
വന്നിരുന്നു. എന്നാല്‍ ഈ കുപ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇപ്പോള്‍
സമയമായി എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍
ഇതാണ് അതിന് പറ്റിയ മുഹൂര്‍ത്തം എന്ന് ഉറപ്പാണ്. അതെന്താണെന്ന് ഈ ലേഖനം
വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് മനസ്സിലായിക്കൊള്ളും. ഈ ലേഖനത്തില്‍ ചില
സംഭവങ്ങള്‍ക്ക് സാക്ഷിയായി ഞാന്‍ കൊണ്ട് വരുന്നവരെ നിലവിലെ സാഹചര്യത്തില്‍
തള്ളിക്കളയാന്‍ മൂവര്‍സംഘത്തിനും മുരീദുമാര്‍ക്കും കഴിയില്ല എന്നതാണ്
പ്രധാനപ്പെട്ട ഒരു കാരണം.
വിഷയത്തിലേക്ക് വരാം. മൂവര്‍സംഘത്തിന്റെ ഇപ്പോഴത്തെ കുപ്രചാരണം കേട്ടാല്‍
വിഷയമറിയാത്ത സാധാരണക്കാരന്റെ മനസ്സില്‍ വരുന്ന വിചാരം ഇപ്രകാരമാണ്. 2007
ഏപ്രില്‍ മാസം വരെ കേരളത്തിലെ മുജാഹിദുകള്‍ കൃത്യമായ തൌഹീദനുസരിച്ച്
ജീവിക്കുകയായിരുന്നു. അഞ്ച് നേരത്തെ നമസ്കാരത്തിന് ശേഷം അവര്‍ അല്ലാഹുവോട്
മാത്രമായിരുന്നു നെഞ്ചുരുകി പ്രാര്‍ത്ഥിച്ചിരുന്നത്. അങ്ങനെ കറകളഞ്ഞ
മുവഹ്ഹിദുകളായി സ്വര്‍ഗ്ഗത്തിലേക്ക് ഏകദേശം ടിക്കറ്റുറപ്പിച്ച്
വെച്ചിരിക്കുകയായിരുന്നു അവര്‍. അത് കണ്ട് സഹിക്കാനാകാതെ
കൊണ്ടോട്ടിക്കാരനായ അബ്ദുല്‍ ജബ്ബാര്‍ മൌലവി എന്നൊരു വ്യക്തി രംഗത്ത്
വരുന്നു. അയാളെ നമുക്ക് ആലുവാ മണപ്പുറത്ത് വെച്ച് കണ്ട പരിചയം
മാത്രമേയുള്ളൂ. അയാള്‍ 2007 ഏപ്രില്‍ ലക്കം ഇസ്വ്ലാഹ് മാസികയില്‍
“ഇന്നുമുതല്‍ അല്ലാഹുവിനെ വിട്ട് ജിന്നിനോടും മലക്കിനോടുമെല്ലാം
പ്രാര്‍ത്ഥിച്ചോളൂ മുജാഹിദുകളേ” എന്ന് പറഞ്ഞ് ഒരു ലേഖനമെഴുതുന്നു. അതിന്റെ
അനന്തരഫലമെന്നോണം 2007 മെയ് മാസം മുതല്‍ കേരളത്തിലെ തൌഹീദ് ഉറച്ചിരുന്ന
മുജാഹിദുകള്‍ തൌഹീദില്‍ നിന്നും വ്യതിചലിച്ച് അഞ്ച് നേരത്തെ നമസ്കാരത്തിലും
നട്ടപ്പാതിരക്ക് എണീറ്റ് തഹജ്ജുദ് നമസ്കാരത്തിലുമെല്ലാം “ജിന്നേ കാക്കണേ,
ജിന്നേ സ്വര്‍ഗ്ഗം തരണേ, ജിന്നേ നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തണേ, ജിന്നേ
പാപം പൊറുക്കണേ, ജിന്നേ കുട്ടിയെ തരണേ” എന്നിങ്ങനെ തൊട്ടതിനും
പിടിച്ചതിനുമെല്ലാം ജിന്നുകളെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അങ്ങനെ
മക്കയില്‍ വിഗ്രഹാരാധനക്ക് തുടക്കം കുറിച്ച അംറ്ബ്നു ലുഹയ്യ് എന്ന വ്യക്തി
ചെയ്ത പ്രവര്‍ത്തനം അബ്ദുല്‍ ജബ്ബാര്‍ മൌലവിയും ചെയ്തു. (ഇത് പറഞ്ഞ ഹനീഫ്
കായക്കൊടിക്ക് അബ്ദുല്‍ ജബ്ബാര്‍ മൌലവി പൊറുത്ത് കൊടുത്താല്‍ അല്ലാഹുവും
പൊറുത്ത് കൊടുക്കട്ടെ). അതോടു കൂടി കേരളത്തിലെ മുജാഹിദുകളുടെ തൌഹീദ് ഒരു
മഹാവിസ്ഫോടത്തിലൂടെ തകര്‍ന്ന് തരിപ്പണമായി ഇന്നീ കാണുന്ന കോലത്തിലായി. ആ
ചിന്നിച്ചിതറിയ തൌഹീദ് പെറുക്കിയെടുത്ത് ഒട്ടിച്ച് നന്നാക്കാന്‍ വേണ്ടി
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത താരകങ്ങളാകുന്നു ഞങ്ങളാകുന്ന ഈ
മുജദ്ദിദുകള്‍.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേരളത്തില്‍ ഇക്കൂട്ടര്‍ പ്രചരിപ്പിച്ച്
കൊണ്ടിരിക്കുന്ന ആശയങ്ങളുടെ രത്നച്ചുരുക്കമാണ് മുകളില്‍ വിവരിച്ചത്.
മൂവര്‍സംഘം പാടിപ്പറഞ്ഞ് നടക്കുന്ന ഈ കഥ വിശ്വസിച്ചായിരിക്കണം,
“അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കാമോ പറ്റില്ലേ എന്നൊരു ചര്‍ച്ച തന്നെ
മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായി” എന്ന് അത്യുന്നത നേതാവ് തന്നെ വെച്ച്
കാച്ചിയത്. അത് വിശ്വസിച്ചാവണം സലഫികള്‍ക്കിടയില്‍ ലേണിംഗും റിസര്‍ച്ചും
നടത്തിക്കൊണ്ടിരിക്കുന്ന മഹാപണ്ഡിതന്‍ “മരുഭൂമിയില്‍ ചെന്നാല്‍ ജിന്നിനോട്
ദുആര്ക്കാന്‍ എവിടന്നാണ് തെളിവ് കിട്ടിയത്” എന്ന് ഇക്കഴിഞ്ഞ പരിശുദ്ധ
റമദാനില്‍ പോലും കണ്ഠവും കവിളും വിറപ്പിച്ച് അലറിയത്. ജീവിതത്തില്‍
ആദ്യമായി പള്ളിയില്‍ നമസ്കരിക്കാന്‍ കയറി കുടുങ്ങി, ഇമാമത്ത് നില്‍ക്കുന്ന
ഹാജ്യാര് അരയില്‍ നിന്നും കത്തിയൂരി നിലത്ത് വെക്കുന്നത് കണ്ടപ്പോള്‍ ‘ഇതും
നിസ്കാരത്തിലുള്ളതാണ്, ഇങ്ങനെ ചെയ്താലേ നിസ്കാരം ശരിയാകൂ’ എന്ന് കരുതി
കത്തിയെടുക്കാന്‍ വീട്ടിലേക്കോടിയ ഒരു മണ്ടശ്ശിരോമണിയുടെ കഥ
കേട്ടിട്ടുണ്ട്. അതുപോലെ ഉസ്താദ് ഈ പറയുന്നത് പോലെ പറഞ്ഞാലേ യഥാര്‍ത്ഥ
‘മുജായിദ്’ ആകൂ എന്ന് കരുതി ശിഷ്യന്‍ ഡോക്ടറും ഈ കഥ കണ്ണൂരിലെ വിശദീകരണ
യോഗത്തില്‍ കണ്ണടച്ച് വെച്ച് കാച്ചി. അങ്ങനെ സലഫിയ്യത്തിന്റെ ‘സംരക്ഷകരും
പ്രചാരകരും’ ആയ സകലമാന വിഷപ്പാമ്പുകളും കൂടി അബ്ദുല്‍ ജബ്ബാര്‍ മൌലവി എന്ന
മനുഷ്യനെ അബൂബക്കര്‍ മുസ്ലിയാരുടെയും അബൂജഹ്ലിന്റെയും നടുക്ക് കൊണ്ട് പോയി
നിര്‍ത്തി. ഇനി വരുന്ന എന്റെ ലേഖനങ്ങളില്‍ ഇടക്കിടെ ‘വിഷപ്പാമ്പുകള്‍’ എന്ന
പ്രയോഗം കടന്ന് വരാം. വായനക്കാര്‍ ക്ഷമിക്കുക. അതെന്റെ പ്രയോഗമല്ല. സി ഡി
ടവറില്‍ കോക്കസ് നേതാവിന്റെ നേതൃത്വത്തില്‍ നടന്ന ‘ഗ്രൂപ്പ് മീറ്റിംഗി’ല്‍
പ്രസംഗിച്ചതിനെക്കുറിച്ച് “അവിടെ നിങ്ങളെങ്ങനെ എത്തിപ്പെട്ടു?” എന്ന് അന്ന്
ഞാന്‍ ഹനീഫ് കായക്കൊടിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് “എന്നെയും
അനസിനെയും നൂര്‍ഷക്കയാണ് വിളിച്ചത്, ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍
വേലായുധന്റെ പാമ്പിന്‍കൂട് തുറന്ന പോലെ സകലമാന വിഷപ്പാമ്പുകളും
അവിടെയുണ്ട്” എന്നായിരുന്നു. തെക്ക് മുതല്‍ വടക്ക് വരെയും
അതിനിരുവശത്തുമുള്ള ഹദീസ് നിഷേധികളെക്കുറിച്ചാണ് അന്ന് കായക്കൊടി
‘വിഷപ്പാമ്പുകള്‍’ എന്ന് പ്രയോഗിച്ചത്. കായക്കൊടി എന്നോട് എന്റെ വീട്ടില്‍
വെച്ച് രാത്രി ഏകദേശം പന്ത്രണ്ട് മണിക്ക് ശേഷം ഈ പറഞ്ഞതിന് എന്റെയും
കായക്കൊടിയുടെയും റബ്ബാണ് സാക്ഷി. വേറെയും രണ്ട് സാക്ഷികളുണ്ടായിരുന്നു.
അവരെ ഞാനിപ്പോള്‍ കൂറ് മാറിയ സാക്ഷികളായാണ് കാണുന്നത്. അത് കൊണ്ട് തന്നെ
അവര്‍ സത്യം പറയാന്‍ സാധ്യതയില്ല എന്നത് കൊണ്ട് അവരുടെ പേരുകള്‍
പറയുന്നില്ല.
പറഞ്ഞ് വന്നത്, ഒരു വര്‍ഷക്കാലമായി മൂവര്‍സംഘം നടത്തിക്കൊണ്ടിരിക്കുന്ന ഈ
കുപ്രചാരണം കൊണ്ട് കാര്യമറിയാത്ത സാധാരണക്കാരുടെ മനസ്സില്‍ പതിഞ്ഞ
അബ്ദുല്‍ ജബ്ബാര്‍ മൌലവിയുടെ ഒരു ചിത്രമാണ്. ആരാണ് അബ്ദുല്‍ ജബ്ബാര്‍
മൌലവിയെന്നും അദ്ദേഹത്തിന് ആദര്‍ശരംഗത്തുണ്ടായിരുന്ന റോള്‍
എന്തായിരുന്നുവെന്നും അദ്ദേഹത്തെ ഏറ്റവുമധികം ഉപയോഗിച്ചത്
ആരായിരുന്നുവെന്നും അത് ഏതെല്ലാം ഘട്ടത്തിലായിരുന്നുവെന്നും പിന്നീട്
പറയാം. ഇപ്പോഴത്തെ വിഷയം ഇസ്വ്ലാഹിലെ വിവാദ ലേഖനമാണല്ലോ. അല്ലാഹുവോട്
മാത്രം പ്രാര്‍ത്ഥിച്ച് സ്വര്‍ഗ്ഗത്തിലൊരു സീറ്റ് റിസര്‍വ്വ് ചെയ്ത് വെച്ച്
“ഇനിയൊന്ന് മരിച്ച് കിട്ടിയാല്‍ മാത്രം മതി” എന്ന മട്ടില്‍ സമാധാനത്തോടെ
ജീവിച്ചിരുന്ന മുജാഹിദുകളെ ആ സ്വര്‍ഗ്ഗത്തിന്റെ വക്കില്‍ നിന്നും
നരകത്തിലേക്ക് തള്ളിയിടാന്‍ വേണ്ടി അവരെയൊക്കെ ജിന്നുകളെ വിളിച്ച്
പ്രാര്‍ത്ഥിപ്പിക്കുന്ന മുശ്രിക്കുകളാക്കാന്‍ വേണ്ടിയല്ല അബ്ദുല്‍ ജബ്ബാര്‍
മൌലവി ഇസ്വ്ലാഹ് മാസികയില്‍ പ്രസ്തുത ലേഖനമെഴുതിയത്. അഖ്ലാനീ കോക്കസിലെ
ചിലരുടെ പ്രചാരണത്തില്‍ അങ്ങനെയൊരു ധ്വനിയുണ്ട്. മറിച്ച്, ആ ലേഖനത്തിനൊരു
പശ്ചാത്തലവും സാഹചര്യവുമുണ്ട്. മൂവര്‍സംഘം മൂടി വെക്കുന്നതും അധിക
പേര്‍ക്കും അറിയാത്തതുമായ ഒരു പശ്ചാത്തലമാണത്. അതറിയാന്‍ ആരും
ശ്രമിച്ചിട്ടുമില്ല, ഇസ്വ്ലാഹിലെ ലേഖനം മൂവര്‍സംഘ മുരീദുമാരില്‍ പലരും
വായിച്ചിട്ടുമില്ല.
കേരളത്തിലെ ക്വുബൂരീ പ്രസ്ഥാനത്തിലെ പണ്ഡിതനായ അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവ് എന്ന വ്യക്തി സത്യധാര ദ്വൈവാരികയില്‍ ‘മുജാഹിദുകളുടെ തൌഹീദ്
തകര്‍ച്ചയിലേക്ക്’ എന്ന തലക്കെട്ടില്‍ അക്കാലത്ത് ഒരു ലേഖനമെഴുതി.
അല്ലാഹുവല്ലാത്തവരോട് വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ കള്ളത്തെളിവുകളുമായി
സ്റേജിലും പേജിലും അരങ്ങു വാണിരുന്ന അബ്ദുല്‍ ഹമീദ് ഫൈസിക്ക് മറുപടിയായാണ്
പ്രസ്തുത ലേഖനം ഇസ്വ്ലാഹില്‍ വന്നത്. ഈയൊരു പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട്
വേണം ഇസ്വ്ലാഹില്‍ വന്ന അബ്ദുല്‍ ജബ്ബാര്‍ മൌലവിയുടെ ലേഖനത്തെ നിരൂപണം
നടത്താന്‍. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍, ഈയൊരു പശ്ചാത്തലം
മനസ്സിലാക്കിയാല്‍ ഏതൊരുവനും തീരുന്നതേയുള്ളൂ ഇവരുണ്ടാക്കിയ
ആശയക്കുഴപ്പങ്ങള്‍. അല്ലാഹുവല്ലാത്തവരെ വിളിച്ച് തേടാന്‍ നിങ്ങള്‍ക്ക്
യാതൊരു തെളിവുമില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി ലേഖനമെഴുതുന്ന ഒരു വ്യക്തി
ജിന്നുകളോടും മലക്കുകളോടും തേടാം എന്നെഴുതുമോ എന്നത് ചിന്തിക്കാന്‍
എന്തിനാണ് കൂട്ടരേ അതിര് കവിഞ്ഞൊഴുകുന്ന ബുദ്ധി? അതിനൊരു മിനിമം
കോമണ്‍സെന്‍സ് മതിയാവില്ലേ? ഈയൊരു അടിസ്ഥാന തത്വം മനസ്സിലാക്കാനെങ്കിലും
ബുദ്ധിയുള്ളവനെയല്ലേ നാം മുജാഹിദുകള്‍ എന്ന് വിളിക്കുന്നത്. തന്റെ തലച്ചോറ്
കൊണ്ട് ചിന്തിക്കാതെ ഉസ്താദുമാരും നേതാക്കളും പറയുന്നത് അപ്പടി
വിശ്വസിച്ച് പാടി പ്രചരിപ്പിച്ച് നടക്കുന്നവനെയല്ലേ നാമിത്രയും കാലം
‘ഖുറാഫീ’ എന്ന് വിളിച്ചത്? പക്ഷെ ഖേദകരമെന്ന് പറയട്ടെ,
മൂവര്‍സംഘത്തിന്റെയും മൂരീദുമാരുടെയും ഇപ്പോഴത്തെ കുപ്രചാരണം കേട്ടാല്‍
തോന്നുക, “അമ്പലക്കടവ് ഫൈസീ! താങ്കള്‍ പറഞ്ഞത് ശരിയാണ്” എന്ന്
സ്ഥാപിക്കാനാണ് അബ്ദുല്‍ ജബ്ബാര്‍ മൌലവി പ്രസ്തുത ലേഖനം എഴുതിയത് എന്നാണ്.
അതവിടെ നില്‍ക്കട്ടെ. ആ ലേഖനത്തിന് ശേഷം പിന്നീടുണ്ടായ പ്രശ്നങ്ങളിലേക്ക്
വരാം. അതാണല്ലോ ചര്‍ച്ചയുടെ മര്‍മ്മം. എങ്ങനെയാണ് ആ ലേഖനം വിവാദമായത്
എന്നതാണ് അടുത്ത പ്രശ്നം. 2002 മുതല്‍ മുജാഹിദ് പ്രസ്ഥാനത്തിനെതിരില്‍
ആരോപണങ്ങളുന്നയിച്ച് മാത്രം ജീവിച്ചിരുന്ന മടവൂരികള്‍ എന്നൊരു വിഭാഗം
കേരളത്തിലുണ്ടല്ലോ. ജഡാവസ്ഥയില്‍ സോമാലിയയിലെ പട്ടിണിപ്പാവങ്ങളുടെ
കോലത്തില്‍ എല്ലും തോലുമായി കിടന്നിരുന്ന അവറ്റകള്‍ക്ക്
മസിലുണ്ടാക്കിക്കൊടുത്ത് പുഷ്ടിപ്പെടുത്തുന്ന പണിയാണ് ഇപ്പോള്‍ മൂവര്‍സംഘം
ചെയ്തത്. അക്കൂട്ടര്‍ മുജാഹിദ് പ്രസ്ഥാനത്തിനെതിരില്‍ ശിര്‍ക്കാരോപണം
തുടങ്ങിയത് 2007 ഏപ്രിലില്‍ ഇസ്വ്ലാഹിലെ ലേഖനത്തോടു കൂടിയൊന്നുമല്ല. സംഘടനാ
പിളര്‍പ്പിന്റെ പിറ്റേന്ന് മുതല്‍ തുടങ്ങിയതാണ് അവരാ ജോലി. മുജാഹിദ്
പ്രസ്ഥാനം ജിന്ന്സേവയിലേക്കും പിശാച് ബാധയിലേക്കും ജനങ്ങളെ കൊണ്ട് പോകുന്നു
എന്നതായിരുന്നു അക്കാലം മുതലേ അവരുടെ ആരോപണം. ആ ആരോപണത്തിന് അക്കാലത്ത്
തന്നെ മുജാഹിദുകള്‍ മറുപടിയും പറഞ്ഞിരുന്നു. ‘ജിന്ന് സേവയും പിശാച് ബാധയും
പിളര്‍പ്പന്‍മാരുടെ സ്വന്തം കൃതികളില്‍’ എന്ന പേരില്‍ അന്നവര്‍ക്ക് മറുപടി
എഴുതിയതും ഇന്ന് കറിവേപ്പില പോലെ പുറത്തെറിയപ്പെട്ട കെ കെ സകരിയ്യാ സ്വലാഹി
തന്നെയായിരുന്നു. ആ പുസ്തകം അന്ന് പരിശോധിച്ചത്, അന്നത്തെയും ഇന്നത്തെയും
കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ പി അബ്ദുല്‍ ഖാദിര്‍ മൌലവിയാണ്.
ആ പുസ്തകത്തിനൊരു മറുപടി എഴുതാന്‍ ഇന്ന് വരെ മടവൂരികള്‍
ധൈര്യപ്പെട്ടിട്ടില്ല എന്നത് അവരുടെ ആശയപ്പാപ്പരത്തമാണ് കാണിച്ചത്.
സകരിയ്യാ സ്വലാഹിയുടെ കൂടെ മടവൂരികളെ ഒതുക്കാന്‍ അനസ് മൌലവിയൊക്കെ രംഗത്ത്
വരുന്നത് പിന്നീടാണ്. അങ്ങനെ സകരിയ്യാ സ്വലാഹിയും അനസ് മൌലവിയുമടങ്ങുന്ന
നാലഞ്ചാളുകളാണ് പ്രഭാഷണ രംഗത്ത് മടവൂരികളെ നേരിട്ട് എതിര്‍ത്ത്
തോല്‍പ്പിച്ചത്. അതോടൊപ്പം തന്നെ ക്വുബൂരികള്‍ക്കെതിരിലും
മടവൂരികള്‍ക്കെതിരിലും നാം ശക്തമായി പ്രവര്‍ത്തിച്ച് നമ്മുടെ ആദര്‍ശ
പ്രബോധനവുമായി മുന്നോട്ട് കുതിച്ചു. എല്ലാ ആദര്‍ശ വിരോധികളും നമുക്ക്
മുന്നില്‍ പത്തി മടക്കി നാം മേധാവിത്വം നേടിയ കാലമായിരുന്നു അത്.
എതിരാളികളുടെ എതിര്‍പ്പും ആക്രമണങ്ങളും നമുക്ക് ആവേശം നല്‍കിയിട്ടേയുള്ളൂ.
അങ്ങനെ അഭ്യന്തര പ്രശ്നങ്ങളില്ലാതെ പുഴ ശാന്തമായൊഴികിയിരുന്ന
കാലഘട്ടമായിരുന്നു അത്. മൂവര്‍സംഘത്തിന്റെ നേതാവിന് അക്കാലത്ത്
പ്രബോധനരംഗത്ത് കാര്യമായ റോളുണ്ടായിരുന്നില്ല. അല്ലെങ്കിലും അതങ്ങനെയാണ്.
മലിനജലത്തിലാണ് കൂത്താടിയുടെ വിളയാട്ടമുണ്ടാവുക. വിഷയത്തിലേക്ക് വരാം.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ശക്തമായ പ്രവര്‍ത്തനം കാരണം പത്തി മടക്കി
കഴിഞ്ഞിരുന്ന മടവൂരികളാണ് 2007 ഏപ്രില്‍ മാസത്തിലെ ഇസ്വ്ലാഹ് മാസികയില്‍
വന്ന ലേഖനം വിവാദമാക്കിയത്. ആ 2007 ഏപ്രില്‍ മുതല്‍ 2012 വരെയും മടവൂരികള്‍
ഇത് പാടി നടന്നിട്ടും അവര്‍ക്ക് ഒരിഞ്ച് വളര്‍ച്ചയോ നമുക്ക് അരയിഞ്ച്
തളര്‍ച്ചയോ ഉണ്ടായിട്ടില്ല. മുജാഹിദ് പ്രസ്ഥാനം അമ്പത് വര്‍ഷം പിറകോട്ട്
പോയി എന്നൊക്കെ ശീതികരിച്ച മുറിക്കുള്ളില്‍ ഇരുന്ന് പുലമ്പിയവരുണ്ട്. പക്ഷെ
അവര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ പള്‍സ് മനസ്സിലാക്കാന്‍ കഴിയാതെ
പോയവരാണ്. അത് മനസ്സിലാക്കാന്‍ ഒരു കാലത്തും അവര്‍ക്ക്
കഴിഞ്ഞിട്ടുമില്ലല്ലോ. കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു വ്യക്തിയുടെ സ്വാര്‍ത്ഥ
താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒരു മഹാപ്രസ്ഥാനം ഇങ്ങനെ തെരുവില്‍ കിടന്ന്
ചവിട്ടി മെതിക്കപ്പെടുമായിരുന്നില്ലല്ലോ.
ഞാന്‍ വിഷയത്തില്‍ നിന്നും ഇടക്കിടെ മാറുന്നതില്‍ വായനക്കാര്‍
ക്ഷമിക്കുക. ചിലതൊക്കെ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തിയില്ലെങ്കില്‍
ശരിയാവില്ല. പറഞ്ഞ് വന്നത് ഇതാണ്. അന്നൊന്നും മടവൂരികള്‍ക്ക് മറുപടി
പറയാന്‍ നമ്മെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. ഈ
വിഷയം അബ്ദുല്‍ ജബ്ബാര്‍ മൌലവി പുതുതായി കണ്ടു പിടിച്ച ഒന്നല്ലെന്നും
സംഘടനാ പിളര്‍പ്പിനും ഒരു പതിറ്റാണ്ട് മുമ്പ് തന്നെ നമ്മുടെ പത്രമായ
ശബാബില്‍ ചെറിയമുണ്ടം എഴുതിയതാണെന്നും അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ്
തന്നെ ലോകസലഫീ പണ്ഡിതന്‍മാര്‍ പറഞ്ഞതാണെന്നും മടവൂരികള്‍ക്ക് നാം
പഠിപ്പിച്ച് കൊടുത്തു. മടവൂരികള്‍ പിന്നെയും പത്തി മടക്കി. അബ്ദുല്‍
ജബ്ബാര്‍ മൌലവി എന്താണ് ഉദ്ദേശിച്ചതെന്ന് മുജാഹിദുകള്‍ ഇതിനകം
പഠിച്ചിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ പേരില്‍ ഒരു മടവൂരിയുടെ മുന്നിലും
ഇത്രയും കാലത്തിനിടക്ക് നമുക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല. മലപ്പുറം
ജില്ലയിലെ മടവൂരികളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് എന്റെ യൂണിറ്റായ
കുഴിപ്പുറം. അത് കൊണ്ട് തന്നെ എനിക്കത് ആധികാരികമായി പറയാന്‍ കഴിയും.
“വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മടവൂരികള്‍ വേണമെങ്കില്‍ സലാം
സുല്ലമിയേയോ കരുമ്പുലാക്കലിനെയോ അലിമദനിയേയോ കൊണ്ട് വരട്ടെ, അവരുമായി
ചര്‍ച്ചക്കിരിക്കാന്‍ സാധാരണക്കാരായ നമ്മള്‍ രണ്ടാളും മതി” എന്ന് പോലും
ഞാനും എന്റെ സുഹൃത്ത് ഹിദായ നജ്മുദ്ദീനും സംസാരിച്ചിരുന്നു. ഞങ്ങള്‍
രണ്ടാളും കുറെ അറിവുള്ള പണ്ഡിതന്‍മാരായത് കൊണ്ടല്ല അത്. ഈ വിഷയം കൈകാര്യം
ചെയ്യാന്‍ നമ്മള്‍ തന്നെ മതി എന്ന ആത്മവിശ്വാസമായിരുന്നു അത്. മടവൂരികളുടെ
കേന്ദ്രമായ കുഴിപ്പുറം ശാഖയില്‍ രണ്ട് പ്രാവശ്യം അനസ് മൌലവി ഖണ്ഡനം നടത്തി
വെല്ലു വിളിച്ചിട്ടുണ്ട്. ആ വെല്ലുവിളി ഏറ്റെടുക്കാതെ മടവൂരികള്‍
പിന്‍വാങ്ങുകയാണുണ്ടായത്. അത് അനസ് മൌലവിയുടെ പവറായിരുന്നില്ല, അദ്ദേഹം
അന്നുയര്‍ത്തിപ്പിടിച്ച നിലപാടിന്റെ പവറായിരുന്നു. എന്നാല്‍ പണ്ഡിതനായ അനസ്
മൌലവിക്ക് ഇന്ന് മടവൂരികളുടെ കേന്ദ്രത്തില്‍ പോയി വെല്ലുവിളിക്കാന്‍
കഴിയില്ലെന്നും പക്ഷെ സാധാരണക്കാരനായ എനിക്കിപ്പോഴും കഴിയുമെന്നും ഞാന്‍
ഉറച്ച് വിശ്വസിക്കുന്നു. അതൊരു അഹങ്കാരത്തിന്റെ പറച്ചിലല്ല. നിലപാടുകള്‍
മാറ്റേണ്ടി വന്നിട്ടില്ലാത്തവന്റെ ആത്മവിശ്വാസമാണത്. അക്കാലത്ത് അബ്ദുല്‍
ജബ്ബാര്‍ മൌലവിയുടെ ലേഖനം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് മടവൂരികളെയും
ക്വുബൂരികളെയും വെല്ലുവിളിച്ച് നടന്ന അനസ് മൌലവിയുടെ ചിത്രം മറക്കാന്‍
നമുക്ക് അള്‍ഷിമേഴ്സൊന്നും പിടിപെട്ടിട്ടില്ലല്ലോ. 2011 ല്‍ പോലും
എറണാകുളത്ത് നടന്ന ‘ഇസ്തിഖാമ’ എന്ന പ്രോഗ്രാമില്‍ അബ്ദുല്‍ ജബ്ബാര്‍
മൌലവിയെ സ്റേജിലിരുത്തി ഇസ്വ്ലാഹ് മാസിക ഉയര്‍ത്തിക്കാണിച്ച് ന്യായീകരിച്ച
അനസ് മൌലവിയെയും നമുക്ക് ഓര്‍മ്മയുണ്ട്. അതേ സ്റേജില്‍ വെച്ച് അതിനെ
സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ച ഹനീഫ് കായക്കൊടിയും നമ്മുടെ മനസ്സിലുണ്ട്.
അനസ് മൌലവിയുടെ അക്കാലത്തെ പ്രസംഗത്തിനൊക്കെ വല്ലാത്തൊരു വശ്യതയും
മനോഹാരിതയുമുണ്ടായിരുന്നു. അനസ് മൌലവിയുടെ മുന്നില്‍ ഉത്തരമില്ലാതെ
പരുങ്ങിയ കരുമ്പുലാക്കലിന്റെയും അലിമദനിയുടെയും ചിത്രങ്ങള്‍ ആവേശത്തോടു
കൂടി മാത്രമേ നാം ഓര്‍ത്തിട്ടുള്ളൂ. നേരത്തെ പറഞ്ഞത് പോലെ, അതും അനസ്
മൌലവിയുടെ പവറായിരുന്നില്ല. അദ്ദേഹം നില കൊണ്ട ആദര്‍ശത്തിന്റെ
പവറായിരുന്നു. “അബ്ദുല്‍ ജബ്ബാര്‍ മൌലവി എഴുതിയതില്‍ എവിടെ കൂട്ടരേ
ശിര്‍ക്ക്” എന്ന് അന്നൊക്കെ അദ്ദേഹം ചോദിച്ചത് എന്തിന്റെ
അടിസ്ഥാനത്തിലായിരുന്നു എന്ന ചോദ്യത്തിന് അദ്ദേഹം തന്നെയാണ് മറുപടി
പറയേണ്ടത്. അബ്ദുല്‍ ജബ്ബാര്‍ മൌലവി എന്നെ തെറ്റിദ്ധരിപ്പിച്ചു എന്നാണ്
മറുപടിയെങ്കില്‍ ഞാനത് വിശ്വസിക്കില്ല. അബ്ദുല്‍ ജബ്ബാര്‍ മൌലവി
പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു പണ്ഡിതന്‍ കേരളം മുഴുവന്‍ ഓടി നടന്ന്
‘ശിര്‍ക്കി’നെ ന്യായീകരിക്കുമ്പോള്‍ മഹത്തായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പല
പണ്ഡിതന്‍മാരും അന്ന് അനസ് മൌലവിയുടെ കൂടെ പല സ്റേജിലുമുണ്ടായിരുന്നല്ലോ. ആ
കേരള ജംഇയ്യത്തുല്‍ ഉലമക്ക് എന്തായിരുന്നു അന്നൊക്കെ പണി എന്ന ഒരു സാധാരണ
പ്രവര്‍ത്തകന്റെ ചോദ്യത്തിന് മുന്നില്‍ മഹത്തായ ജംഇയ്യത്തുല്‍ ഉലമക്കും
അനസ് മൌലവിക്കുമൊക്കെ ഉത്തരം പറയാന്‍ കഴിയാതെ പരുങ്ങേണ്ടി വരും. അതോ
അബ്ദുറഹ്മാന്‍ സലഫി പറയുമ്പോള്‍ മാത്രം മീറ്റിംഗ് കൂടി അയാള്‍ പറയുന്നത്
അപ്പടി അംഗീകരിക്കേണ്ട സംവിധാനമാണോ ജംഇയ്യത്തുല്‍ ഉലമ? കേരളത്തില്‍ ഈ
വിവാദത്തില്‍ മടവൂരികള്‍ക്ക് ഏറ്റവുമധികം മറുപടി പറഞ്ഞതും അനസ്
മൌലവിയായിരുന്നുവല്ലോ? വെറും വിരലിലെണ്ണാവുന്ന വേദികളില്‍ മാത്രമേ സകരിയ്യാ
സ്വലാഹി ഈ വിഷയം കൈകാര്യം ചെയ്തിട്ടുള്ളൂ. എന്റെ ശാഖയായ കുഴിപ്പുറത്തും
മലപ്പുറം ജില്ലയിലെ രണ്ടത്താണിയിലും താനാളൂരിലും വാഴക്കാടും
പുളിക്കലുമെല്ലാം പ്രസംഗിച്ച് അനസ് മൌലവി മടവൂരികള്‍ക്ക് മൂക്കുകയറിട്ടു.
എന്ത് കൊണ്ടാണ് അവിടങ്ങളിലെല്ലാം മടവൂരികള്‍ നമുക്ക് മുന്നില്‍ അടി പതറിയത്
എന്ന് ഈ മാറിയ സാഹചര്യത്തില്‍ അനസ് മൌലവി ചിന്തിച്ചിട്ടുണ്ടോ? മടവൂരികളുടെ
നിലപാട് തെറ്റും അനസ് മൌലവിയുടെ നിലപാട് ശരിയുമായത് കൊണ്ടാണ് അന്ന്
മുജാഹിദുകള്‍ക്ക് വിജയമുണ്ടായത്. ജിന്ന്-സിഹ്ര്‍-പിശാച് വിഷയത്തിലും
ഇസ്വ്ലാഹ് മാസികയിലെ ലേഖനത്തിന്റെ വിഷയത്തിലുമെല്ലാം ലോക സലഫീ
പണ്ഡിതന്‍മാരുടെ നിലപാടില്‍ നിന്ന് കൊണ്ട് നടത്തിയ വിശദീകരണത്തിന്
മുന്നിലാണ് മടവൂരികള്‍ കടപുഴകിയത്. അല്ലാതെ അനസ് മൌലവിയുടെ തണ്ടും തടിയും
ചൊങ്കും ചുകപ്പും കണ്ടല്ല. എന്നാല്‍ ഇന്ന് അനസ് മൌലവി കേരളത്തിലെ
മുജാഹിദുകളോട് വിളിച്ച് പറയുന്നത്, മടവൂരികള്‍ അന്ന് പറഞ്ഞത് ശരിയും
ഞാനവര്‍ക്ക് നല്‍കിയ മറുപടി തെറ്റുമായിരുന്നു എന്നാണ്. അത് അംഗീകരിച്ച്
കൊടുക്കണോ നാം? അതും ഏതോ ഒരു കുതന്ത്രക്കാരന് വേണ്ടി? അങ്ങനെ അംഗീകരിച്ച്
കൊടുത്താല്‍ അടിസ്ഥാനപരമായ ഒരു ചോദ്യത്തിന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്
ടി പി അബ്ദുല്ലക്കോയ മദനി മുതല്‍ ശാഖാതലത്തിലുള്ള ഒരു സാധാരണക്കാരന്‍ വരെ
മറുപടി പറയേണ്ടി വരും. ആ ചോദ്യമിതാണ്. പത്ത് കൊല്ലം മടവൂരികള്‍
നമുക്കെതിരില്‍ പറഞ്ഞത് സത്യമായിരുന്നുവെങ്കില്‍ പിന്നെന്തിന് നാമവരെ
അകറ്റി നിര്‍ത്തി? സംഘടനാപരമായ പ്രശ്നങ്ങളൊക്കെ പരിഹരിക്കാവുന്നതേ
ഉണ്ടായിരുന്നുവല്ലോ. ഈ ചോദ്യത്തിന് മറുപടി പറയാന്‍ ടി പി ക്ക് കഴിയുമോ
എന്നെനിക്കറിയില്ല. പക്ഷെ ആദര്‍ശത്തെ സ്നേഹിക്കുന്ന ഏതൊരു സാധാരണക്കാരനും
ഈസിയായി മറുപടി പറയാന്‍ കഴിയും. ആ മറുപടി ഇതാണ്. ജിന്ന്-സിഹ്ര്‍-പിശാച്
വിഷയത്തിലും ഇസ്വ്ലാഹിലെ വിവാദ ലേഖനത്തിന്റെ വിഷയത്തിലുമെല്ലാം ലോകസലഫീ
പണ്ഡിതന്‍മാരുടെയും അഹ്ലുസ്സുന്നയുടെയും നിലപാടിന് വിരുദ്ധമാണ് മടവൂരികളുടെ
നിലപാട്. അതല്ല, കാലമിത്രയും മടവൂരികള്‍ പറഞ്ഞ അതേ ആരോപണം എടവണ്ണ
ജാമിഅയുടെ കോമ്പൌണ്ടില്‍ നിന്ന് കൊണ്ട് അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക്
ഒരുത്തന്‍ തൊണ്ട പൊട്ടിച്ചലറിയാല്‍ കൂടെ അലറാന്‍ കുറെ ഓരംപറ്റികളെ
കിട്ടുമെന്നല്ലാതെ ആദര്‍ശത്തെ സ്നേഹിക്കുന്ന മുജാഹിദുകള്‍ അത് പുച്ഛിച്ച്
തള്ളുക തന്നെ ചെയ്യും. തൌഹീദിന് വേണ്ടി ജീവിക്കുന്ന മുവഹ്ഹിദുകളില്‍
അധികപേരും ഇപ്പോഴും “ശിര്‍ക്ക് പ്രചരിപ്പിക്കുന്ന” സകരിയ്യാ സ്വലാഹിയെ
പിന്തുണക്കുന്നതിന്റെ കാരണവുമിതാണ്.
നിലപാടുകള്‍ മാറുന്നു
മുജാഹിദ് പ്രസ്ഥാനം രൂപീകരിച്ച കാലം മുതല്‍ 2012 ജൂണ്‍ വരെ തൌഹീദായ ഒരു
കാര്യം 2012 ജൂണ്‍ മുതല്‍ ശിര്‍ക്കായി എന്ന് ചിലര്‍ പ്രചരിപ്പിക്കുമ്പോള്‍
അത് നിസ്സാരമായി തള്ളിക്കളയേണ്ടുന്ന ഒന്നല്ല. 2007 ഏപ്രില്‍ മാസത്തിലെ
ഇസ്വ്ലാഹിലെ ലേഖനം ശിര്‍ക്കാണെന്ന് ഇപ്പോള്‍ ആണയിട്ട്
പ്രചരിപ്പിക്കുന്നവര്‍ തങ്ങളുടെ പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാന്‍ നിരന്തരം
പറയുന്ന കുറെ കളവുകളുണ്ട്. ആ കളവുകള്‍ പൊളിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ
ഉദ്ദേശ്യം. അതിലേക്കാണ് ഞാന്‍ വരുന്നതും. അതിന് മുമ്പ് ആമുഖമായി മുകളില്‍
പറഞ്ഞ കാര്യങ്ങള്‍ എഴുതിയാലേ ശരിയാകൂ. ഇപ്പോള്‍ മൂവര്‍സംഘവും മുരീദുമാരും
പ്രചരിപ്പിക്കുന്ന കളവുകളുടെ ആശയം ഇതാണ്. പ്രസ്തുത ലേഖനം പുറത്തിറങ്ങിയ
ഉടനെത്തന്നെ അത് ശിര്‍ക്കാണെന്ന് തങ്ങള്‍ക്ക് ബോധ്യമായിരുന്നു. അത്
അബ്ദുല്‍ ജബ്ബാര്‍ മൌലവിയെക്കൂടി ബോധ്യപ്പെടുത്തി അദ്ദേഹത്തെക്കൊണ്ട്
തിരുത്തിക്കാന്‍ വേണ്ടി അബ്ദുറഹ്മാന്‍ സലഫിയും അനസ് മൌലവിയും ഹുസൈന്‍
സലഫിയും കൂടി മൌലവിയുടെ വീട്ടില്‍ പോയി. രാവിലെ മുതല്‍ വൈകുന്നേരം വരെ
സംസാരിച്ചു. അങ്ങനെ തിരുത്താന്‍ തയ്യാറായി മൌലവി തങ്ങളുടെ കൂടെ വരാന്‍
ഒരുങ്ങി. അപ്പോഴതാ കഥയിലെ വില്ലനായ ജബ്ബാര്‍ മൌലവിയുട മകന്‍ രംഗത്ത്
പ്രത്യക്ഷപ്പെടുന്നു. ആ മകന്‍ തങ്ങളോട് അപമര്യാദയായി പെരുമാറി. “നിങ്ങള്‍
എന്റെ ബാപ്പയെ കുമ്പസരിക്കാന്‍ കൊണ്ട് പോവുകയാണോ?” എന്ന് ചോദിച്ച് ചൂടായി
സംസാരിച്ചു. അത് കേട്ട് ഹുസൈന്‍ സലഫി അടക്കമുള്ള തങ്ങളുടെ സംഘം അന്ധാളിച്ച്
പോയി.
മൂവര്‍സംഘം പലേടത്തുമായി പല രീതിയില്‍ പ്രസംഗിച്ചതിന്റെ ചുരുക്കമാണിത്. ഈ
കഥയില്‍ ഒരല്‍പ്പം സത്യവും കുറേയേറെ കളവുമാണുള്ളത്. ഇതില്‍ ആകെയുള്ള സത്യം
ഇവരെല്ലാവരും കൂടി അബ്ദുല്‍ ജബ്ബാര്‍ മൌലവിയുടെ വീട്ടില്‍ പോയി സംസാരിച്ചു
എന്നത് മാത്രമാണ്. ബാക്കിയുള്ളതെല്ലാം കളവാണ്. അന്ന് സംഭവിച്ചതിന്റെ
നിജസ്ഥിതികളാണ് താഴെ വരുന്നത്. നിഷേധിക്കാന്‍ ധൈര്യമുള്ളവരുണ്ടെങ്കില്‍
നിഷേധിക്കട്ടെ.
ആ കാലത്തും അനസ് മൌലവി ശക്തമായി അബ്ദുല്‍ ജബ്ബാര്‍ മൌലവിക്ക് വേണ്ടി
വാദിച്ചയാളായിരുന്നു. മൌലവിയുമായി ഏതാനും സമയം സംസാരിച്ചപ്പോള്‍ അവസാനം
അനസ് മൌലവി പറഞ്ഞത് “എന്റെ ഖഫാഅ് (അവ്യക്തത) നീങ്ങി” എന്നാണ്. ആ കാലത്തെ
അനസ് മൌലവിയുടെ നിലപാട് ജബ്ബാര്‍ മൌലവിക്ക് അനുകൂലമായിരുന്നു എന്നതിന്
രണ്ട് ജീവിച്ചിരിക്കുന്ന സാക്ഷികളുണ്ട്. ബഹുമാന്യനായ ഹുസൈന്‍ സലഫിയും എം പി
എ ഖാദിര്‍ കരുവമ്പൊയിലുമാണ് ആ സാക്ഷികള്‍. സംശയമുള്ളവര്‍ക്ക് ഇവരെ
വിളിച്ച് അന്വേഷിക്കാം. അന്നും ഇന്നും അബ്ദുല്‍ ജബ്ബാര്‍ മൌലവിയുടെ
നിലപാടിന് വിരുദ്ധ നിലപാടാണ് അബ്ദുല്‍ഖാദര്‍ കരുവമ്പൊയിലിനുള്ളത്. തന്റെ
വാദം അദ്ദേഹം ഇപ്പോള്‍ വിചിന്തനത്തില്‍ എഴുതുന്നുമുണ്ടല്ലോ. അക്കാലത്ത് ഈ
വിഷയത്തില്‍ അനസ് മൌലവിയും കരുവമ്പൊയിലും തമ്മില്‍ പരസ്പരം വാഗ്വാദം തന്നെ
നടന്നിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് കരുവമ്പൊയിലിനെ വിളിച്ച് ചോദിക്കാം.
അദ്ദേഹത്തെ നിഷേധിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂവര്‍സംഘത്തിനും
മുരീദുമാര്‍ക്കും കഴിയില്ലല്ലോ. രണ്ടാമത്തെ പ്രശ്നം, അബ്ദുല്‍ ജബ്ബാര്‍
മൌലവിയുടെ മകന്‍ അപമര്യാദയായി പെരുമാറി എന്നതാണ്. ഇതും പച്ചക്കളവാണ്. ഞാന്‍
ആ സംഭത്തിന് സാക്ഷിയല്ല. പക്ഷെ മൂവര്‍ സംഘത്തിന്റെ പ്രചാരണം കേട്ട്
“അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ” എന്ന് ഈയടുത്ത് ഞാന്‍ ഹുസൈന്‍ സലഫിയോട്
ചോദിച്ചിട്ടുണ്ട്. ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി. പിന്നെ മൂന്നാമത്തെ
കുപ്രചാരണം, തിരുത്ത് കൊടുക്കാന്‍ ഇസ്വ്ലാഹ് മാസിക വൈകിയപ്പോള്‍ ഹുസൈന്‍
സലഫി പത്രാധിപ സമിതിയില്‍ നിന്നും രാജിഭീഷണി മുഴക്കിയതിന്റെ
അടിസ്ഥാനത്തിലാണ്
2008 ജനുവരിയില്‍ തിരുത്ത് കൊടുത്തത് എന്നതാണ്. ഇതും മായം ചേര്‍ക്കാത്ത കളവാണ്. സംശയമുള്ളവര്‍ക്ക് കരുവമ്പൊയിലിനോട് ചോദിക്കാം.
ഇനി, മൂവര്‍സംഘം പറയുന്നത് മുഴുവന്‍ സത്യമാണെന്ന് മുരീദുമാര്‍ക്ക് സമാധാനം
ലഭിക്കാന്‍ വേണ്ടി സമ്മതിച്ച് കൊടുത്താല്‍ തന്നെ അവര്‍ മറുപടി പറയേണ്ടുന്ന
ചില ചോദ്യങ്ങളുണ്ട്. ചോദ്യങ്ങള്‍ ഇതാണ്
1) അബ്ദുല്‍ ജബ്ബാര്‍ മൌലവി എഴുതിയത് ശിര്‍ക്കാണെന്ന്
ബോധ്യപ്പെട്ടിട്ടും, അത് തിരുത്തിക്കാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍
അപമര്യാദയായി പെരുമാറിയിട്ടും പിന്നെയെന്തിന് അഞ്ച് വര്‍ഷക്കാലം ഇത്
ന്യായീകരിച്ച് നടന്നു?
2) 2007 ന് ശേഷം നടന്ന പല വാദപ്രതിവാദങ്ങളിലും
ഖണ്ഡനപ്രസംഗങ്ങളിലുമെല്ലാം ഇവര്‍ എന്തിനാണ് ആ ‘മുശ്രിക്കിന്റെ’ സേവനം
ഉപയോഗപ്പെടുത്തിയത്?
3) 2009 ല്‍ എന്തിന് അബ്ദുറഹ്മാന്‍ സലഫി എടവണ്ണ ജാമിഅയില്‍ വെച്ച് ഇസ്വ്ലാഹ് മാസികയെ ന്യായീകരിച്ചു?
4) അതേയാള്‍ തന്നെ 2009 ല്‍ എന്തിന് ജിദ്ദയില്‍ വെച്ചും അതിനെ ന്യായീകരിച്ചു?
5) 2011 ല്‍ അനസ് മൌലവിയുടെ നേതൃത്വത്തില്‍ നടന്ന ‘ഇസ്തിഖാമ’
പരിപാടിയില്‍ കൊണ്ടോട്ടിയില്‍ നിന്നും തെക്കന്‍ ജില്ലയിലേക്ക് എന്തിന്
അബ്ദുല്‍ ജബ്ബാര്‍ മൌലവിയെ ആനയിച്ച് കൊണ്ട് പോയി?
6) അദ്ദേഹത്തെ സ്റേജിലിരുത്തി അദ്ദേഹം എഴുതിയ വിവാദലേഖനം ഉയര്‍ത്തിപ്പിടിച്ച് എന്തിന് അദ്ദേഹത്തെ ന്യായീകരിച്ചു?
7) ഹനീഫ് കായക്കൊടി അതേ വേദിയില്‍ വെച്ച് അനസ് മൌലവിയുടെ വാദത്തെ എന്തിന് പിന്താങ്ങി?
8. സംഘടനാ പിളര്‍പ്പിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷയം
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നമ്മുടെ ശബാബില്‍ എഴുതിയിട്ടും ആ
‘ശിര്‍ക്കന്‍’ വാദത്തെ എന്ത് കൊണ്ട് നാം എതിര്‍ത്തില്ല?
9) ചെറിയമുണ്ടം എഴുതിയ വിവാദ ലേഖനമായ ‘പാലം കെട്ടല്‍’ ലേഖനം പോലും
സംഘടനാ പിളര്‍പ്പിന്റെ സമയത്ത് നാം മടവൂരികളുടെ വ്യതിയാനമായി എണ്ണി.
എന്നിട്ടും ആ വ്യതിയാനത്തെക്കാള്‍ ഭയാനകമായ ‘ശിര്‍ക്കന്‍’ വാദത്തെ എന്ത്
കൊണ്ട് നാം മടവൂരികള്‍ക്കെതിരില്‍ ഉപയോഗിച്ചില്ല?
10) മടവൂരീ നേതാവ് സ്വലാഹുദ്ദീന്‍ മദനി എറണാകുളത്ത് നടന്ന മതസൌഹാര്‍ദ്ദ
സമ്മേളനത്തില്‍ മെഴുകുതിരി കത്തിച്ചത്, ശബരിമല അയ്യപ്പന്‍മാര്‍ക്ക്
വര്‍ത്തമാനം പത്രം സ്വാഗത ബാനര്‍ തൂക്കിയത്, അമൃതാനന്ദമയിയുടെ മദ്ഹുകള്‍
വര്‍ത്തമാനത്തില്‍ വന്നത്, മങ്കട അബ്ദുല്‍ അസീസ് മൌലവി ക്ഷേത്രത്തിലേക്ക്
തേങ്ങ നല്‍കിയത്……….അങ്ങനെ പരോക്ഷമായി ശിര്‍ക്കിനെ സഹായിക്കുന്ന ഇത്തരം
നിലപാടുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് മടവൂരികള്‍ക്കെതിരില്‍ നാം ആഞ്ഞടിച്ചു.
എന്നിട്ടും ചെറിയമുണ്ടം എഴുതിയ ഗുരുതരമായ ശിര്‍ക്കിനെ നാം എന്ത് കൊണ്ട്
എതിര്‍ത്തില്ല? ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക്
അവകാശമില്ലേ? അതിന് മറുപടി പറയാന്‍ മൂവര്‍സംഘത്തിന് ബാധ്യതയില്ലേ?
മറ്റൊരു പ്രചാരണം, 2007 ഏപ്രില്‍ ലക്കത്തില്‍ ലേഖനം വന്നിട്ട് അത്
തിരുത്താന്‍ 2008 ജനുവരി വരെ കാത്തിരുന്നു എന്നതാണ്. ഇതില്‍ ആദ്യമായി ഒരു
കാര്യം ഉണര്‍ത്തട്ടെ. 2008 ജനുവരി ലക്കം ഇസ്വ്ലാഹില്‍ വന്നത് ഒരിക്കലും
തിരുത്തല്ല. മറിച്ച്, ഒരു വിശദീകരണം മാത്രമാണ്. ആ വിശദീകരണവും കൊടുക്കാന്‍
എട്ട് മാസം വൈകിയതിനു പിന്നിലും ഒരിക്കലും ഇസ്വ്ലാഹ് മാസികയുടെ
പ്രവര്‍ത്തകരല്ല. വിശദീകരണം കൊടുക്കാന്‍ ഓടിപ്പാഞ്ഞ് നടന്നവര്‍ അത്
എഴുതിത്തരാന്‍ വൈകിയത് കൊണ്ടാണ് ഇസ്വ്ലാഹ് മാസികയില്‍ കൊടുക്കാനും വൈകിയത്.
അല്ലെങ്കിലും ആ വിശദീകരണം എന്തിന് ഇസ്വ്ലാഹ് മാസിക പൂഴ്ത്തി വെക്കണം?
ഒരിക്കലും അബ്ദുല്‍ ജബ്ബാര്‍ മൌലവിയുടെ ലേഖനത്തിന് ഖണ്ഡനമല്ലല്ലോ ആ
വിശദീകരണം. മറിച്ച്, അദ്ദേഹത്തെ ന്യായീകരിക്കുകയാണല്ലോ ആ വിശദീകരണത്തിലൂടെ
ചെയ്യുന്നത്. ഈ വസ്തുതയും കരുവമ്പൊയിലിനോട് ചോദിച്ചാലറിയാം.
ഇന്ന് ഇക്കൂട്ടര്‍ പറയുന്ന അതേ ആരോപണം 2011 ല്‍ ബഹറൈനില്‍ വെച്ച് ഒരു
ക്വുബൂരി ചോദിച്ചപ്പോള്‍ അതിന് അനസ് മൌലവി പറഞ്ഞ മറുപടി തന്നെ ധാരാളം മതി
മൂവര്‍സംഘത്തിന്റെ ഇന്നത്തെ ആരോപണം തകര്‍ത്ത് തരിപ്പണമാക്കാന്‍. അനസ് മൌലവി
ബഹറൈനില്‍ വെച്ച് പറഞ്ഞ മറുപടി ഇതാണ്. “ഒരു ലേഖനം പുറത്തിറങ്ങിയാല്‍ അത്
വായനക്കാരുടെ കയ്യിലെത്തണം, വായനക്കാര്‍ അത് വായിച്ച് അബദ്ധമുണ്ടെങ്കില്‍
ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തണം, ബന്ധപ്പെട്ടവര്‍ അത് ചര്‍ച്ച
ചെയ്യണം. ഇതിനൊക്കെ കാലതാമസം പിടിക്കും. ആ താമസം മാത്രമേ ഇസ്വ്ലാഹ്
മാസികയിലും വന്നിട്ടുള്ളൂ” ഈ പറഞ്ഞതെല്ലാം ഒറ്റയടിക്ക് വിഴുങ്ങി അതിന്
വിരുദ്ധമായി പറയാന്‍ മാത്രം എന്തൊരു മാറ്റമാണ് ഈ കേരളത്തിലുണ്ടായത്? ഒരു
സുനാമിയോ അല്ലാഹുവിന്റെ മറ്റ് വല്ല ശിക്ഷയോ ഇറങ്ങി (അല്ലാഹുവിന്റെ ശിക്ഷ
ഇറങ്ങാവുന്ന പ്രവര്‍ത്തിയാണല്ലോ ഇപ്പോള്‍ ചിലര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്)
കേരളത്തിലെ മൂവര്‍സംഘമല്ലാത്തവരൊക്കെ നശിച്ച് പുതിയൊരു ജനത പൊട്ടി
മുളച്ചതാണോ ഇവിടെ? അങ്ങനെയായിരുന്നുവെങ്കില്‍ ആ ജനതയോട് എന്ത് കളവും
പ്രചരിപ്പിക്കാമായിരുന്നു.
അനസ് മൌലവി ബഹറൈനില്‍ വെച്ച് ഇത് പറയുന്നതിന് മുമ്പ് 2009 ല്‍
ജാമിഅയില്‍ വെച്ചും ജിദ്ദയില്‍ വെച്ചും സംഘനേതാവ് വിശദീകരിച്ചതും നാം
കേട്ടതാണ്. “ഇസ്വ്ലാഹില്‍ വന്ന പരാമര്‍ശം ലേഖകന്‍ തന്നെ
തിരുത്തിയിട്ടുമുണ്ട്, അതങ്ങട്ട് വായിച്ചാല്‍ ആ പ്രശ്നവും തീര്‍ന്നു”
എന്നായിരുന്നു അന്ന് പറഞ്ഞത്. അന്ന് ‘തീര്‍ന്നു’ എന്ന് പറഞ്ഞ ആ പ്രശ്നം
പിന്നെയെപ്പോഴാണ് പൊങ്ങിയത്? ആരാണ് അത് പൊക്കിയത്? എന്താണ് അവരുടെ
ഇപ്പോഴത്തെ അജണ്ട? സത്യത്തില്‍ ആ ലേഖനമാണോ ഇപ്പോഴുണ്ടായ ഈ പ്രശ്നത്തിന്റെ
കാതല്‍? ഇതൊക്കെ സാധാരണക്കാരുടെ മനസ്സിലുയര്‍ന്ന് വരേണ്ട ചോദ്യങ്ങളാണ്.
പിന്നെ, ‘തിരുത്താന്‍’ ഇസ്വ്ലാഹ് മാസിക വൈകിയതാണോ പ്രശ്നം? ആണെങ്കില്‍
അഹ്ലുസ്സുന്നയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി അല്‍മനാറില്‍ ലേഖനം
വന്നിട്ടില്ലേ? മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും അല്‍ മനാര്‍ അത്
തിരുത്തിയിട്ടുണ്ടോ? എന്തേ ഇവരാരും അതിനെ എതിര്‍ക്കാത്തത്? അപ്പോള്‍,
ഇസ്വ്ലാഹില്‍ വന്ന ലേഖനമോ അത് തിരുത്താന്‍ വൈകിയതോ അല്ല ഇവരുടെ പ്രശ്നം.
പ്രശ്നം വേറെയാണ്. ഇതൊരു അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം
മാത്രമാണ് എന്ന് ചിലര്‍ കരുതുന്നതിനോട് പൂര്‍ണ്ണമായും യോജിപ്പില്ലാത്ത ഒരു
വ്യക്തിയാണ് ഞാന്‍. ഇതൊരു ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തന്നെയാണ് ഞാന്‍
കരുതുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യവസ്ഥാപിതമായ രീതിയില്‍ പ്രബോധനം
നടക്കുന്ന കേരളത്തിലെ സലഫീ പ്രസ്ഥാനത്തിലെ ഒരുമയും ഐക്യവും തകര്‍ക്കുക
എന്നത് തന്നെയാണ് ആ അജണ്ട. പരസ്പരം കെട്ടിപ്പിടിച്ച് ഒത്തൊരുമയോടെ ദഅ്വത്ത്
നടത്തിയിരുന്ന മുജാഹിദ് പ്രവര്‍ത്തകര്‍ തമ്മില്‍ കണ്ടാല്‍ മനസ്സില്‍ തട്ടി
സലാം പറയാന്‍ പോലും മടി കാണിക്കുന്ന രീതിയിലേക്ക് അകന്നിട്ടുണ്ടെങ്കില്‍
അതിന്റെ പിന്നിലുള്ള കറുത്ത കരങ്ങള്‍ ഈ കേരളത്തില്‍ മാത്രം ഒതുങ്ങി
നില്‍ക്കുന്നതാണ് എന്ന് കരുതാന്‍ നമ്മുടെ സാമാന്യബോധം നമ്മെ
അനുവദിക്കുന്നില്ല. ആ അജണ്ടയുടെ കേരളത്തിലെ കണ്ണികള്‍ ആരാണെന്നത് എല്ലാം
കാണുന്ന പടച്ച റബ്ബ് പുറത്ത് കൊണ്ട് വരാതിരിക്കില്ല. തൌഹീദിനെ
സ്നേഹിക്കുന്ന ആയിരക്കണക്കിന് നിഷ്കളങ്ക മനസ്സുകളുടെ നെഞ്ചുരുകിയുള്ള
പ്രാര്‍ത്ഥനയും അവരുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരും അഖ്ലാനീ കോക്കസ്
കാണുന്നില്ലെങ്കിലും അല്ലാഹു കാണുന്നുണ്ടല്ലോ.
ഇപ്പോള്‍ കേള്‍ക്കുന്ന കൌതുക വാര്‍ത്തകള്‍
കാലമിത്രയായി പറഞ്ഞതിനും പ്രചരിപ്പിച്ചതിനും വിരുദ്ധമായ നിലപാട്
മാറ്റവുമായി ചിലര്‍ രംഗത്ത് വന്നപ്പോള്‍ അതിലെ വൈരുദ്ധ്യങ്ങള്‍ തൊണ്ടി
സഹിതം ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചതില്‍ എം ടി വിഷന്റെ
ഡോക്യുമെന്ററികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. “അരിയും തിന്ന്
ആശാരിച്ചിയെയും കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പ്” എന്ന് പറഞ്ഞത്
പോലെ തങ്ങള്‍ മുമ്പ് നടത്തിയ വിരുദ്ധാഭിപ്രായങ്ങള്‍ പുറത്ത് വിട്ട എം ടി
വിഷനോടായി പിന്നെ ഇക്കൂട്ടരുടെ കലിപ്പ് മുഴുവനും. എം ടി വിഷനെ കുറിച്ച് ‘എം
ടി വിഷം’ എന്നാണ് ഇവര്‍ പരിഹസിച്ചത്. അതങ്ങനെയേ വരൂ. പേപ്പട്ടികള്‍ക്കും
പേപ്പട്ടി കടിച്ച് പേയിളകിയവര്‍ക്കും എറ്റവും വിഷമായി അനുഭവപ്പെടുക
ശുദ്ധമായ പച്ചവെള്ളമാണ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതില്‍ കൂടുതലൊന്നും
ഇപ്പോള്‍ അതിനെക്കുറിച്ച് പറയുന്നില്ല. പരിഹസിക്കുവാന്‍ പ്രയോഗങ്ങള്‍
തിരഞ്ഞെടുക്കുമ്പോള്‍ അത് തങ്ങള്‍ക്ക് തന്നെ പാരയാകുമോ എന്നെങ്കിലും
ആലോചിക്കുന്നത് നല്ലതാണ്. ഏതായാലും എം ടി വിഷന്റെ ഡോക്യുമെന്ററി കണ്ട്
പേയിളകിയവര്‍ക്ക് അതൊരു വിഷമായി അനുഭവപ്പെട്ടപ്പോള്‍ അവര്‍ തന്നെ എടവണ്ണ
ജാമിഅയില്‍ വെച്ച് ഒരു തൌബയങ്ങ് നടത്തി. തൌബക്ക് അകമ്പടിയായി ഒരു
കരച്ചിലും. ഇതൊക്കെ കണ്ടാലും സ്റേജിലിരുന്ന് ഒരുത്തന്‍ ചിരിക്കുന്നത്
കാണാം. അത് പിന്നെ ചിരിക്കാനായൊരു ജന്‍മമാണ്. “സുനാമി വന്ന് അതാ ആയിരങ്ങള്‍
മരിച്ചിരിക്കുന്നു” എന്ന് പറഞ്ഞാലും ചിരിച്ച് കൊണ്ടേയിരിക്കും ചിലര്‍.
“ജബ്ബാര്‍ മൌലവിയുടെ ആശയം തങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍………” എന്നാണ് അനസ്
മൌലവിയുട തൌബയിലെ ഒരു വാചകം. ന്യായീകരിച്ചിട്ടുണ്ടോ എന്ന് അദ്ദേഹത്തിന്
തന്നെ ഉറപ്പില്ലെന്ന് തോന്നുന്നു. എന്നാല്‍ ഇഷ്ടം പോലെ
ന്യായീകരിച്ചിട്ടുണ്ടെന്ന് മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നല്ല ഉറപ്പുണ്ട്.
പക്ഷെ ഈ തൌബ കൊണ്ട് തീരുന്നതാണോ പ്രശ്നം? ജിന്നുകളോട് തേടല്‍
ശിര്‍ക്കാണെന്ന് ജംഇയ്യത്തുല്‍ ഉലമ ഞങ്ങള്‍ക്ക് പഠിപ്പിച്ച് തന്നു എന്നാണ്
അനസ് മൌലവി പറയുന്നത്. മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്രീങ്ങളേ കാക്കണേ
എന്ന വിളി ശിര്‍ക്കാണെന്ന് മനസ്സിലാക്കി ക്വുബൂരീ പ്രസ്ഥാനത്തില്‍ നിന്നും
സലഫീ പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന ഒരു പണ്ഡിതന് ജിന്നുകളോടുള്ള
സഹായതേട്ടം ശിര്‍ക്കാണെന്ന് മനസ്സിലാകാന്‍ പിന്നെയും പന്ത്രണ്ട്
വര്‍ഷത്തിന് ശേഷം കേരള ജംഇയ്യത്തുല്‍ ഉലമ ആയത്തോതിക്കൊടുക്കേണ്ടി വന്നു
എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മാത്രം മന്ദബുദ്ധകളാകണോ നമ്മള്‍?
മാത്രമല്ല, അനസ് മൌലവി ക്വുബൂരികള്‍ക്കും മടവൂരികള്‍ക്കും കൊടുത്ത മറുപടി
“ഇത് മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാടാണ്” എന്ന് പറഞ്ഞാണ്. മുജാഹിദ്
പ്രസ്ഥാനത്തിന്റെ നിലപാട് മൊത്തം തിരുത്തി തൌബ ചെയ്യാന്‍ കേരളത്തിലെ
മുജാഹിദുകള്‍ മൊത്തം ഒപ്പിട്ട ഒരു മെമ്മോറണ്ടം മൂവര്‍സംഘത്തിന്റെ മുന്നില്‍
സമര്‍പ്പിച്ചിട്ടില്ലല്ലോ.
ഇത്രയും കാലം അബ്ദുല്‍ ജബ്ബാര്‍ മൌലവിയെ നിങ്ങളെന്തിന് ന്യായീകരിച്ചു
എന്ന ചോദ്യത്തിന് അനസ് മൌലവി ഇപ്പോള്‍ പറയുന്ന മറുപടി “ജബ്ബാര്‍ മൌലവി
നമ്മുടെ കൂടെ നിന്നപ്പോള്‍ ന്യായീകരിച്ചതാണ്” എന്നാണ്. അതിനദ്ദേഹം ഒരു
ഉദാഹരണവും പറയുന്നുണ്ട്. നമ്മുടെ വീട്ടില്‍ അളിയനും പെങ്ങളും തമ്മില്‍ ഒരു
പ്രശ്നമുണ്ടായി. കാര്യമന്വേഷിച്ച് അയല്‍വാസികള്‍ രംഗത്ത് വന്നു. അപ്പോള്‍
നമ്മളവരോട് പറയാറുള്ളത് “ഇവിടെ പ്രശ്നമൊന്നുമില്ല, അത് കൊണ്ട് നിങ്ങള്‍
പൊയ്ക്കൊള്ളൂ” എന്നല്ലേ? അതുപോലെയാണ് ജബ്ബാര്‍ മൌലവിയുടെ വിഷയത്തില്‍ നാം
ക്വുബൂരികള്‍ക്കും മടവൂരികള്‍ക്കും മറുപടി പറഞ്ഞത് എന്നാണ്. ഒരു പണ്ഡിതന്
ഇത്രയൊക്കെ സ്വയം നിന്ദ്യനാകാന്‍ കഴിയുമോ എന്നതാണ് എന്റെ അത്ഭുതം. ആരുടെ
മുന്നിലാണ് ഇതൊക്കെ പറയുന്നത്? ഒരു കവറൊട്ടിക്കാനുള്ള പശ പോലും
തലക്കുള്ളിലില്ലാത്ത ക്വുബൂരീ മുഖല്ലിദുകളുടെ മുന്നിലല്ല. മറിച്ച്,
ഉല്‍ബുദ്ധ സമൂഹമെന്ന് പരിചയപ്പെടുത്തുന്ന മുജാഹിദുകളുടെ മുന്നിലാണ്.
എന്താണ് സത്യത്തില്‍ ഇവിടുത്തെ പ്രശ്നം? അബ്ദുല്‍ ജബ്ബാര്‍ മൌലവിയും
അബ്ദുറഹ്മാന്‍ സലഫിയും തമ്മിലുള്ള പടലപ്പിണക്കമല്ല ഇവിടുത്തെ പ്രശ്നം.
അതായിരുന്നെങ്കില്‍ നമുക്ക് അളിയന്റെയും പെങ്ങളുടെയും കഥ പറഞ്ഞ്
കളിക്കാമായിരുന്നു. ഇവിത്തെ ആരോപണം അബ്ദുല്‍ ജബ്ബാര്‍ മൌലവി എഴുതിയത്
ശിര്‍ക്കാകുന്നു എന്നതാണ്. പെങ്ങളുടെയും അളിയന്റെയും പടലപ്പിണക്കം പറഞ്ഞ്
ന്യായീകരിക്കാന്‍ പറ്റുമോ ഇത്? മുജാഹിദ് പ്രസ്ഥാനത്തിന്റെ പണ്ഡിതസഭയിലും
വാദപ്രതിവാദ വേദികളിലും ഖണ്ഡനവേദികളിലും നിറഞ്ഞ് നിന്നിരുന്ന ഒരു പണ്ഡിതന്‍
ഗുരുതരമായ ‘ശിര്‍ക്ക്’ എഴുതി പ്രചരിപ്പിച്ചപ്പോള്‍ തങ്ങളത് കുടുംബ വഴക്ക്
പോലെ നിസ്സാരമാക്കി എന്നാണോ ഇവര്‍ പറയുന്നത്? എങ്കില്‍ ഇവരുടെയൊക്കെ
വിശ്വാസത്തിന്റെ നിലവാരമെന്താണ്? ചോദിക്കട്ടെ, നാളെ ഇവരുടെ കൂട്ടത്തിലുള്ള
ഏതെങ്കിലുമൊരു പണ്ഡിതന്‍ “മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്രീങ്ങളേ
കാക്കണേ എന്നിങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ അത് ശിര്‍ക്കല്ല” എന്ന് പറഞ്ഞാല്‍
അതും പെങ്ങളുടെയും അളിയന്റെയും കഥ പറഞ്ഞ് ഇവര്‍ നിസ്സാരവല്‍ക്കരിക്കുകയും
ന്യായീകരിക്കുകയും ചെയ്യുമോ?
ഇടവും വലവും ഹദീസ് നിഷേധികളെ കൊണ്ട് നടക്കുന്ന നേതാവിന്റെ
നിലപാടില്ലായ്മയില്‍ നമുക്ക് അത്ഭുതമൊന്നുമില്ല. പക്ഷെ അങ്ങനെയാണോ അനസ്
മൌലവി? അദ്ദേഹത്തിന് വ്യക്തമായ നിലപാടുകളുണ്ടായിരുന്നല്ലോ പല വിഷയങ്ങളിലും.
ആ നിലപാടുകളെല്ലാം ബലി കഴിച്ച് ആര്‍ക്ക് വേണ്ടിയാണ് അദ്ദേഹമിങ്ങനെ
നിന്ദ്യനാകുന്നത്? അദ്ദേഹത്തെ സ്നേഹിച്ചിരുന്ന ഞാനടക്കമുള്ള ആയിരങ്ങളെ
വേദനിപ്പിച്ച് പുതിയൊരു നിലപാടുമായി രംഗത്ത് വന്നപ്പോള്‍ ഇന്നദ്ദേഹത്തെ
തലയിലേറ്റി നടക്കുന്നവര്‍ ആരൊക്കെയാണ് എന്ന് അദ്ദഹമൊന്ന് ചിന്തിക്കുന്നത്
നല്ലതാണ്. സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയണമെന്ന് പറയുകയും സ്ഥിരപ്പെട്ട
സുന്നത്തുകളെ പരിഹസിക്കുകയും അഹ്ലുസ്സുന്നയുടെ ആദര്‍ശങ്ങളെ ചവിട്ടി
മെതിക്കുകയും ചെയ്യുന്നവരാണ് ഇന്ന് അദ്ദേഹത്തെ ചുമന്ന് നടക്കുന്നത്.
അദ്ദേഹം തന്നെ ‘അഖ്ലാനീ’ എന്ന് മുഖത്ത് നോക്കി വിളിച്ചവരാണ്
ഇന്നദ്ദേഹത്തിന്റെ കൂട്ടാളികള്‍. കോക്കസ് നേതാവിന്റെ ഇടപെടല്‍ കാരണം ഒരു
പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ “എട അനസേ, നിനക്കെത്ര
തന്തയുണ്ടെടാ” എന്ന് ചോദിച്ച ആ പരിപാടിയുടെ ഒരു സംഘാടകനായ ‘ഉന്നതനായ’
വ്യക്തിയും ഇന്ന് അനസ് മൌലവിയെ ‘സ്നേഹിക്കുന്ന’വരില്‍ പെട്ടവന്‍ തന്നെയാണ്.
അതാരാണ് എന്ന് തല്‍ക്കാലം ഞാന്‍ പറയില്ല. തെറി പറഞ്ഞ വ്യക്തിക്കും തെറി
കേട്ട അനസ് മൌലവിക്കും പിന്നെ അനസ് മൌലവിയുടെ ഉറ്റമിത്രങ്ങളായിരുന്ന
ഞങ്ങള്‍ നാലഞ്ചാളുകള്‍ക്കും മാത്രമേ അതറിയൂ. അന്നതിന് അതേ നാണയത്തിലുള്ള
ഒരു മറുപടിയും അനസ് മൌലവി കൊടുത്തിരുന്നു. ആ വ്യക്തി തന്നെയാണ് ബഹുമാന്യനായ
എ പി അബ്ദുല്‍ ഖാദിര്‍ മൌലവിയെ “എട അബ്ദുല്‍ ഖാദറേ…..(പിന്നെ പറഞ്ഞ
പ്രയോഗങ്ങള്‍ ഇവിടെ എഴുതാന്‍ കൊള്ളില്ല) എന്ന് തെറി വിളിച്ചതും.
അത്തരക്കാരാണ് ഇന്ന് പണ്ഡിതന്‍മാരെയും ആദര്‍ശത്തെയും സ്നേഹിക്കാനും
പ്രസ്ഥാനത്തെ ശിര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്താനും ഇറങ്ങിയിരിക്കുന്നത്.
അതാരാണെന്ന് ദയവ് ചെയ്ത് വായനക്കാര്‍ എന്നോട് ചോദിക്കരുത്. ചിലരുടെയൊക്കെ
ചരിത്രം മൂടി വെക്കുന്നത് തന്നെയാണ് നല്ലത്. അതൊക്കെ പുറത്ത് വിട്ടാല്‍
കോഴിക്കോട് ഞെളിയന്‍പറമ്പ് എത്രയോ ഭേദം എന്ന് തോന്നിപ്പോകും. ഇതൊന്നും
ചിലരുടെ വ്യക്തിപരമാണ് വിഷയങ്ങളായത് കൊണ്ട് തന്നെ ഇവിടെ
പറയേണ്ടതില്ലാത്തതാണ്. എന്നിട്ടും എഴുതേണ്ടി വന്നത്, ഇത്തരം വ്യക്തികള്‍
ഇപ്പോള്‍ നേതാക്കളുടെയും പ്രസ്ഥാനത്തിന്റെയും സംരക്ഷകരായി വിലസുന്നത് കണ്ട്
സഹിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ്.
അത്കൊണ്ട് പ്രസ്ഥാനരക്ഷകരോട് പറയാനുള്ളത് ഇതാണ്. കോക്കസ് നേതാവിന് എല്ലാ
കാലത്തും ഒരു ശത്രുവില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. പഴുത്ത ഇല
കൊഴിയുന്നത് കണ്ട് പച്ചിലകള്‍ ആര്‍ത്ത് ചിരിക്കേണ്ടതില്ല. ഇന്ന് സകരിയ്യാ
സ്വലാഹിയാണെങ്കില്‍ നാളെ നിങ്ങളിലാരെങ്കിലും. വരട്ടുചൊറിയുണ്ടാകുമ്പോള്‍
അവിടെ ചൊറിയലാണ് ലോകത്തെ ഏറ്റവും വലിയ സുഖം എന്ന് ഒരു സാഹിത്യകാരന്‍
പറഞ്ഞത് എവിടെയോ വായിച്ചതോര്‍ക്കുന്നു. പക്ഷെ ഈ സുഖം കിട്ടാനായി മാത്രം
വരട്ടുചൊറിയുണ്ടാക്കുന്നത് ഒരു തരം മാനസിക വൈകല്യമാണ്. അത്തരക്കാര്‍ക്ക്
സുഖം ലഭിക്കാന്‍ ഒരു പാവം അബ്ദുല്‍ ജബ്ബാര്‍ മൌലവിയെ കരുവാക്കിയതാണ് എന്ന്
കരുതുന്നവരാണ് മുജാഹിദുകളില്‍ ഭൂരിപക്ഷവും. അനസ് മൌലവിയും അത്
തിരിച്ചറിയണമെന്നാണ് ഒരു സുഹൃത്തെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്. ഏത്
നട്ടപ്പാതിരക്കും ഒതുക്കുങ്ങലിലൂടെ യാത്ര പോകുമ്പോള്‍ എന്റെ വീട്ടില്‍ കയറി
ചായയും കുടിച്ച് ഒരുപാട് നേരം സൊറ പറഞ്ഞിരിക്കുമായിരുന്ന ഒരു അനസ് മൌലവിയെ
എനിക്ക് മറക്കാന്‍ കഴിയില്ല. കാരണം, ഞാന്‍ സ്നേഹിക്കുകയും എന്നെ
സ്നേഹിക്കുകയും ചെയ്തിരുന്ന അനസ് മൌലവിയാണത്. കേരളത്തിലെ ഏത് അവാന്തര
വിഭാഗത്തിനും മറുപടി പറയാന്‍ കഴിയുന്ന ഒരേയൊരാള്‍ എന്നായിരുന്നു ഞാന്‍
അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നത്. അത് ഞാന്‍ അദ്ദേഹത്തോട് തന്നെ
തുറന്ന് പറഞ്ഞിട്ടുമുണ്ട്. അന്ന് അനസ് മൌലവിയെ സ്നേഹിച്ച ആയിരങ്ങള്‍
ആദര്‍ശബോധമുള്ളവരായിരുന്നു. അല്ലാതെ വേലായുധന്റെ പാമ്പിന്‍കൂട്ടിലെ
അന്തേവാസികളല്ല. അത് അനസ് മൌലവി തിരിച്ചറിയണം. അദ്ദേഹം തെറ്റ് തിരുത്തണം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹമൊരു ദുസ്സ്വപ്നത്തിലായിരുന്നു എന്ന്
വിചാരിക്കണം അദ്ദേഹം. ആ സ്വപ്നത്തില്‍ പറഞ്ഞ പിച്ചും പേയും കാരണം
വേദനിച്ചവരോട് അദ്ദേഹം മാപ്പ് പറയണം. കേരളത്തിലെ മുജാഹിദുകള്‍ ഇന്ന് ചേരി
തിരിഞ്ഞ് തല്ലാന്‍ തന്റെ വാക്കുകള്‍ കാരണമായിട്ടുണ്ടെങ്കില്‍ അതിനാണദ്ദേഹം
തൌബ ചെയ്യേണ്ടത്. അത് എടവണ്ണ ജാമിഅയില്‍ നടത്തിയത് പോലെയുള്ള ഒരു
തൌബയാകരുത്. ജിന്ന് വിശദീകരണമൊക്കെ രണ്ട് മൂന്ന് മാസം കൊണ്ട് തീരും. അതിന്
ശേഷവും ക്വുബൂരികള്‍ക്കിടയിലും മടവൂരികള്‍ക്കിടയിലും മറുപടിയുമായി
തിളങ്ങുന്ന അനസ് മൌലവിയെന്ന നട്ടെല്ലുള്ള ഒരു പ്രബോധകനാകാന്‍ ഈ പോക്ക്
പോയാല്‍ അദ്ദേഹത്തിന് കഴിയുമോ എന്നത് അദ്ദേഹം തന്നെയാണ് ചിന്തിക്കേണ്ടത്.
ആരുടെയെങ്കിലും നോട്ടുകെട്ടുകള്‍ അട്ടിയട്ടിയായി വെച്ച് അതിന് മുകളില്‍
കയറി നിന്നത് കൊണ്ടല്ല അനസ് മൌലവി തലയെടുപ്പോടെ ഉയര്‍ന്ന് നിന്നത്.
മറിച്ച്, ആദര്‍ശബോധമുള്ള സലഫീ പ്രവര്‍ത്തകര്‍ അഭിമാനത്തോടെ
തലയിലേറ്റിയപ്പോഴാണ്. അന്ന് അനസ് മൌലവിയെ സ്നേഹിച്ചിരുന്ന ആ
പ്രവര്‍ത്തകരുടെ കണ്ണീരിന്റെ കുത്തൊഴുക്കിന് തടയിടാന്‍ ഏതൊരുത്തന്‍
നോട്ടുകെട്ടുകള്‍ കൊണ്ട് ചിറ കെട്ടിയാലും സാധ്യമല്ല തന്നെ.
ഇസ്ലാഹ് മാസികയെക്കുറിച്ച് മൂവര്‍സംഘം തെറ്റിദ്ധരിപ്പിക്കുന്നതിന്റെ
നിജസ്ഥിതികളാണ് ഈ എഴുതിയത്. എന്റെ റബ്ബ് സാക്ഷി, ഇതാകുന്നു സത്യങ്ങള്‍.
ഇതിന് വിരുദ്ധമായി തങ്ങള്‍ പറയുന്നതാണ് സത്യം എന്ന് മൂവര്‍സംഘത്തിന്
വാദമുണ്ടെങ്കില്‍ അവരത് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് പറയട്ടെ. ചില
സത്യങ്ങള്‍ ഈ ദുനിയാവിലെ ആറടി മണ്ണില്‍ കുഴിച്ച് മൂടി അതിന് മുകളില്‍ ഏത്
സ്വാച്ഛാധിപതി അധികാരക്കസേരയിട്ട് അതിലിരുന്ന് ലോകത്തോട് മുഴുവന്‍ കളവ്
പറഞ്ഞാലും അതിന്റെ നിജസ്ഥിതി വെളിവാക്കുന്ന ഒരു ലോകം വരാനുണ്ടെന്ന്
വിശ്വസിക്കുന്നവനാണ് ഞാന്‍. ബാക്കി ആ ലോകത്ത് വെച്ച് കാണാം നമുക്ക്.
ഇസ്ലാഹ് മാസിക December 2012
No comments:
Post a Comment
Note: only a member of this blog may post a comment.